Kerala

അഞ്ചലിലെ 18 വര്‍ഷം മുമ്പത്തെ കൊലപാതകം; പ്രതികളിലേക്കെത്താന്‍ നിര്‍ണായക വിവരം നല്‍കിയത് കേരള പൊലീസ്

മുഖ്യപ്രതി ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പത്തെ ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു

Published by

കൊല്ലം:അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും 17 ദിവസം മാത്രം പ്രായമായ ഇരട്ടക്കുട്ടികളുടെയും കൊലപാതക കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായ നിര്‍ണായക വിവരം നല്‍കിയത് കേരള പൊലീസ്. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചാണ് മുഖ്യപ്രതി ദിബില്‍ കുമാറിന്റെ മേല്‍വിലാസം ഉള്‍പ്പെടെ കണ്ടെത്തിയത് .

മുഖ്യപ്രതി ദിബില്‍ കുമാറിന്റെ 18 വര്‍ഷം മുമ്പത്തെ ഫോട്ടോ ടെക്‌നിക്കല്‍ ഇന്റലിജന്‍സ് രൂപ മാറ്റം വരുത്തി പരിശോധിച്ചു. ഇതിന് ഫേസ്ബുക്കില്‍ ഒരു വിവാഹ ഫോട്ടോയുമായി സാദൃശ്യമുണ്ടായി. വ്യാജ വിലാസത്തില്‍ മറ്റൊരു പേരില്‍ പോണ്ടിച്ചേരിയില്‍ താമസിക്കുകയായിരുന്ന പ്രതിയെ കണ്ടെത്താന്‍ ഇതാണ് സഹായിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയാണന്ന് തിരിച്ചറിഞ്ഞത്. ഈ വിവരം സിബിഐക്ക് കൈമാറി.

2006ലാണ് കൊല്ലം ജില്ലയിലെ അഞ്ചലില്‍ രഞ്ജിനി എന്ന 24കാരിയും അവരുടെ ഇരട്ടക്കുട്ടികളെയും കഴുത്തറത്ത് കൊലപ്പെടുത്തിയത്. അവിവാഹിതയായിരുന്ന രഞ്ജിനി ദിബില്‍ കുമാറില്‍ നിന്ന് ഗര്‍ഭം ധരിച്ച് ഇരട്ടകുഞ്ഞുങ്ങളെ പ്രസവിച്ചു. എന്നാല്‍ പിത്യത്വം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറാകാത്തതിനെ തുടര്‍ന്ന് രഞ്ജിനിയും കുടുംബവും നിയമവഴി തേടി. സൈന്യത്തില്‍ നിന്ന് അവധിയെടുത്ത നാട്ടിലെത്തിയ ദിബില്‍ കുമാറും സുഹൃത്ത് രാജേഷും രഞ്ജിനി താമസിച്ചിരുന്ന വാടകവീട്ടിലെത്തി മൂവരേയും കഴുത്തറത്ത് കൊല്ലുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും പ്രതികള്‍ മുങ്ങി. ഒടുവില്‍ രഞ്ജിനിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം 2008ല്‍ സിബിഐ ചെന്നൈ യൂണിറ്റ് കേസ് എറ്റെടുത്തു. തുടര്‍ന്ന് 18 വര്‍ഷം സിബിഐ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക