ന്യൂഡല്‍ഹി : 18 വയസു തികയാത്തവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതം വേണമെന്ന് കരട് ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാച്ചട്ടം (ഡിപിഡിപി റൂള്‍സ്) നിര്‍ദേശിക്കുന്നു.
വിവരസുരക്ഷാ നിയമം (ഡിജിറ്റല്‍ പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റൂള്‍സ്) 2023 ഓഗസ്റ്റില്‍ പാസാക്കിയെങ്കിലും ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. വെള്ളിയാഴ്ച കരട് ചട്ടങ്ങള്‍ പുറത്തിറക്കിയ കേന്ദ്രം, പൊതുജനങ്ങളോട് എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും അയയ്‌ക്കാന്‍ ആവശ്യപ്പെട്ടു. പൊതുജനാഭിപ്രായം mygov.in ല്‍ സമര്‍പ്പിക്കാം. കരട് ചട്ടങ്ങള്‍ ഫെബ്രുവരി 18ന് ശേഷം പരിഗണിക്കുമെന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
രക്ഷിതാവിന്റെ പ്രായം സര്‍ക്കാര്‍ രേഖകള്‍ വഴിയോ ഡിജിലോക്കര്‍ വഴിയോ സമൂഹമാധ്യമങ്ങള്‍ പരിശോധിക്കണമെന്നാണ് കരടുവ്യവസ്ഥ. നിലവില്‍ ഫെയ്‌സ്ബുക്കിലും മറ്റും 13 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് സൃഷ്ടിക്കാം. എന്നാല്‍, ചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ ഓണ്‍ലൈന്‍ അക്കൗണ്ട് സ്വന്തം നിലയ്‌ക്ക് കുട്ടികള്‍ക്കു തുടങ്ങാനാകാതെ വരും.അതേസമയം, വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇളവ് നല്‍കും.
രക്ഷിതാവു നല്‍കുന്ന അനുമതി പിന്നീട് പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തിലുള്ള സാക്ഷ്യപ്പെടുത്തലായിരിക്കും. കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണു ലക്ഷ്യം.
മാത്രമല്ല, അടുപ്പിച്ച് 3 വര്‍ഷം സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കാതിരുന്നാല്‍, പ്ലാറ്റ്‌ഫോം ആ വ്യക്തിയുടെ വ്യക്തിവിവരങ്ങള്‍ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. 3 വര്‍ഷം പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുന്‍പ് ഉപയോക്താവിനു മുന്നറിയിപ്പും നല്‍കണം.
വിവരച്ചോര്‍ച്ചയുണ്ടായാല്‍ പ്ലാറ്റ്‌ഫോമുകള്‍ അതിന്റെ വ്യാപ്തി, പ്രത്യാഘാതം, പരിഹാരനടപടികള്‍, മുന്‍കരുതലുകള്‍ അടക്കമുള്ളവ വ്യക്തമാക്കി വ്യക്തികളെ അറിയിക്കണം. ഇകൊമേഴ്‌സ്, ഗെയിമിങ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഇതു ബാധകമാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ഡാറ്റ ശേഖരിക്കുന്നതിന്റെ കാരണം ചോദിക്കാനുള്ള അവകാശവും ഡാറ്റാ ലംഘനത്തിന് 250 കോടി രൂപ വരെ വലിയ പിഴയും വ്യവസ്ഥയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: