വയനാട്ടിലെ പ്രകൃതി ദുരന്തം ജനമനസ്സില്‍ കോറിയിട്ട മുറിവിന്റെ വേദന ഇന്നും മാറിയിട്ടില്ല. ആ സംഹാര താണ്ഡവത്തില്‍ നിന്നു രക്ഷപ്പെട്ടവര്‍ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ്. അവരെല്ലാം അതിനായി ഉറ്റുനോക്കുന്നതു സ്വാഭാവികമായും സര്‍ക്കാര്‍ സംവിധാനങ്ങളെയായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിലപാടുകളും നടപടികളും എത്രമാത്രം ആശ്വാസകരമാണെന്നത് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന സമയമാണിത്. സര്‍ക്കാര്‍ നടപടികള്‍ക്ക് അടിമുടി അഴിമതിയുടെ ഗന്ധമാണ്. ഭവന നിര്‍മാണത്തിന് വിശ്വസിക്കാനാവാത്ത വിധം ഉയര്‍ന്ന ചെലവ് കണക്കാക്കുകയും നിര്‍മാണച്ചുമതല സര്‍ക്കാര്‍ അനുകൂല വിവാദ കമ്പനിയെ ഏല്പിക്കാന് തീരുമാനിക്കുകയും ചെയ്തതിനു പിന്നിലെ ലക്ഷ്യം അഴിമതി തന്നെയാണെന്നതിനു സംശയമില്ല. നിര്‍മാണക്കമ്പനി വഴി പാര്‍ട്ടി ഫണ്ടിലേയ്ക്കു പണമെത്തിക്കുകയാണു ലക്ഷ്യമെന്നാണ് ഉയരുന്ന ആരോപണം. ദുരന്തങ്ങളെ അഴിമതിക്കുള്ള അവസരങ്ങളാക്കുന്ന സ്ഥിരം ശൈലിതന്നെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തിലും തുടരുന്നത്.
ദുരിതാശ്വാസത്തിന്റെ പേരിലും പുനരധിവാസത്തിന്റെ പേരിലും വ്യക്തമായ ധാരണയോ ചിന്തയോ കണക്കോ ഇല്ലാതെ കേന്ദ്ര സര്‍ക്കാരുമായി അങ്കംവെട്ടി മാസങ്ങള്‍ കുറേ പാഴാക്കിക്കഴിഞ്ഞു. ദുരിതബാധിതരുടെ കൃത്യമായ പട്ടിക പോലും ഇനിയും സര്‍ക്കാരിന്റെ കയ്യിലില്ല. ഉള്ള കണക്ക് അപൂര്‍ണവും ആവര്‍ത്തനങ്ങള്‍ ഏറെയുള്ളതുമാണ്. കൃത്യമായ പദ്ധതിയും കണക്കുമില്ലാതെ പണം നല്‍കാനാവില്ലെന്ന കേന്ദ്ര സമീപനത്തെ വളച്ചൊടിച്ച് ജനമധ്യത്തില്‍ അവതരിപ്പിച്ച് സ്വയം തടിയൂരാനുള്ള അപഹാസ്യമായ ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിപ്പോന്നത്. കണക്കുകള്‍ നിരത്തിയുള്ള കേന്ദ്രനിലപാടിനു സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വ്യക്തമായ മറുപടി ഉണ്ടായതുമില്ല.
പുനരധിവാസത്തിന് സഹായവുമായി സന്നദ്ധ സംഘടനകളും വ്യക്തികളും എത്തിയെങ്കിലും സര്‍ക്കാര്‍ നിലപാട് അനുകൂലമായിരുന്നുമില്ല. അവസാനം പദ്ധതി തയ്യാറാക്കിയപ്പോള്‍ അതിലെ പരാമര്‍ശങ്ങള്‍ സംശയ നിഴലിലും ആശയക്കുഴത്തിലുമായി. ആയിരം സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള വീടിന് നിര്‍മാണച്ചെലവായി 30 ലക്ഷം രൂപ കണക്കാക്കുന്ന സര്‍ക്കാര്‍ നിലപാട് ഒരുതരത്തിലും ഉള്‍ക്കൊള്ളാനാവാത്തതാണ്. മണിമന്ദിരങ്ങളല്ലല്ലോ വീടുകളല്ലേ പണിയുന്നത്. ഇതോടെ സ്പോണ്സര് ചെയ്യാന്‍ ഒരുങ്ങി വന്നവര്‍ പിന്മാറുന്ന നിലയിലേയ്ക്കാണു കാര്യങ്ങളുടെ പോക്ക്. പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികമാണ് സര്‍ക്കാര്‍ പറയുന്ന കണക്ക്. സഹകരണ സന്നദ്ധതയേയും മുതലെടുക്കുന്ന സമീപനമാണിത്. വീടിനു നിശ്ചയിച്ച സ്ഥല പരിധി സംബന്ധിച്ചു ഗുണഭോക്താക്കള്‍ക്കു പരാതിയുണ്ടുതാനും. ഭൂമിയുടെ വിലയനുസരിച്ച് ചിലയിടത്തു പത്തുസെന്റും ചിലയിടത്ത് അഞ്ചുസെന്റും ഭൂമിയിലാണു നിര്‍മാണം. ഇതു പര്യാപ്തമല്ലെന്നാണ് അവരുടെ നിലപാട്.
പൊതുജന മധ്യത്തില്‍ സ്വയം നാണംകെടുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ തുടരെ ആവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍തുകയുടെ ലിസ്റ്റ് ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിനു കണക്കു സമര്‍പ്പിച്ചത് നേരത്തേ തന്നെ വലിയ വിവാദമായിരുന്നു. കേന്ദ്ര സേന ചെയ്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുപോലും സംസ്ഥാനം സ്വന്തം പേരില്‍ ചെലവെഴുതി. ഇതുസംബന്ധിച്ച ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടുകയും ചെയ്തു. ഇതിനു പുറമെ നേരത്തെ അനുവദിച്ചതിന്റെ ബാക്കിതുക കൈവശമുണ്ടായിരിക്കെ അടിയന്തരാവശ്യത്തിന് അതുപയോഗിക്കാതെ കേന്ദ്രത്തോട് വന്‍തുക ആവശ്യപ്പെടുകയും ആ കണക്കു ചൂണ്ടിക്കാണിച്ചതിനു കേന്ദ്രത്തെ പഴിക്കുകയും ചെയ്തു. ദുരിതാശ്വാസ സമയത്തു സന്നദ്ധ സംഘടനകള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും സംസ്ഥാനത്തെ ജനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തകാര്യമാണ്. ആരെന്തു പറഞ്ഞാലും ഞങ്ങള്‍ ഞങ്ങളുടെ വഴിക്കേ പോകൂ എന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാരിന്. ആ നിലപാട് ശരിയായ പാതയിലാണെങ്കില്‍ നന്നായിരുന്നു. പക്ഷേ, ഇവിടെ അഴിമതിയുടെ കറ പുരളാത്ത ഒരു പ്രവര്‍ത്തിയും പറയാനില്ല. നിസ്വാര്‍ഥരായി സേവനത്തിനെത്തുന്നവരെ ആട്ടിയോടിക്കുകയും ചെയ്യും. ഓരോ ദുരന്തം കഴിയുമ്പോഴും പാര്‍ട്ടി ഫണ്ടിനു കനം കൂടുന്നതു മാത്രമാണ് മിച്ചം. കൂട്ടിക്കലും കവളപ്പാറയിലും അതിനു മുന്‍പ് മഹാപ്രളയത്തിലും കണ്ടതൊക്കെത്തന്നെ ഇവിടെയും ആവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ക്കാര്യം മുറപോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: