ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ത്രിപുരയെ തോല്പിച്ച് കേരളം. 145 റണ്‍സിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുര 182 റണ്‍സിന് ഓള് ഔട്ടായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണര്‍മാരായ ആനന്ദ് കൃഷ്ണനും രോഹന് കുന്നുമ്മലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ 46 റണ്‍സ് പിറന്നു. ആനന്ദ് കൃഷ്ണന് 22 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ കൃഷ്ണപ്രസാദിന്റെ പ്രകടനമാണ് കേരളത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. കൃഷ്ണപ്രസാദ് 110 പന്തുകളില്‍ 135 റണ്‍സ് നേടി. ആറ് ഫോറും എട്ട് സിക്സും അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിങ്സ്. രോഹന് കുന്നുമ്മല്‍ 57ഉം മൊഹമ്മദ് അസറുദ്ദീന് 26ഉം റണ്‍സെടുത്തു. ക്യാപ്റ്റന്‍ സല്മാന് നിസാര്‍ 34 പന്തുകളില്‍ നിന്ന് 42 റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ത്രിപുരയ്ക്ക് ഒരു ഘട്ടത്തിലും മികച്ച ബാറ്റിങ് പുറത്തെടുക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബൗളര്‍മാര്‍ മത്സരം കേരളത്തിന് അനുകൂലമാക്കിക്കൊണ്ടിരുന്നു. 79 പന്തുകളില്‍ 78 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്ദീപ് സിങ് മാത്രമാണ് ത്രിപുര ബാറ്റിങ് നിരയില്‍ തിളങ്ങിയത്. 42.3 ഓവറില്‍ 182 റണ്‍സിന് ത്രിപുര ഓള് ഔട്ടായി. കേരളത്തിന് വേണ്ടി നിധീഷ് എം ഡിയും ആദിത്യ സര്‍വാടെയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: