സിഡ്നി: രോഹിത് ശര്‍മയെ മാറ്റിനിര്‍ത്തി, വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് കീഴില്‍ ഇറങ്ങിയ ഭാരതത്തിന് സിഡ്നിയിലും ബാറ്റിങ് തകര്‍ച്ച. അഞ്ചാം ടെസ്റ്റിന്റെ ആരംഭദിനം ആതിഥേയരായ ഓസ്ട്രേലിയ കൈയ്യടക്കി.
ബൗളിങ്ങിനെ നന്നായി പിന്തുണയ്ക്കുന്ന സിഡ്നിയിലെ വിക്കറ്റില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് 300 കടക്കുന്ന കാര്യം സംശയമായിരുന്നു. പക്ഷെ വന്‍ പ്രഹരമാണ് ഓസീസ് ബൗളര്‍മാരില്‍ നിന്ന് ലഭിച്ചത്. 72.2 ഓവറില്‍ 185 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ് ആരംഭിച്ച ആതിഥേയര്‍ക്ക് ഓപ്പണര്‍ ഉസ്മാന് ഖവാജയെ നഷ്ടമായ ഇടത്താണ് ഒന്നാം ദിനം പൂര്‍ത്തിയായിരിക്കുന്നത്. കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 എന്ന നിലയില്‍. ഉസ്മാന് ഖവാജയുടെ വിക്കറ്റ് നായകന് ബുംറയ്ക്ക്.
ഇന്നലത്തെ അവസാന പന്തിലാണ് ഖവാജ(രണ്ട്) പുറത്തായത്. ബുംറയുടെ ഫുള്ളര്‍ ലെങ്ത് ഡെലിവെറി ഖവാജയുടെ ബാറ്റിനെ എഡ്ജ് ചെയ്ത് സെക്കന്‍ഡ് സഌപ്പില്‍ നിന്നിരുന്ന കെ.എല്‍. രാഹുലിന്റെ കൈകളിലെത്തുകയായിരുന്നു. ആദ്യ വിക്കറ്റ് നേടിയ ശേഷം നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ നിന്ന ഓസീസ് ഓപ്പണര്‍ സാം കോന്‍സ്റ്റാസിന് നേരേ തുറിച്ചുനോക്കികൊണ്ടുള്ള ബുംറയുടെ പ്രതികരണം മത്സരത്തിന്റെ തീപ്പൊരി മുഹൂര്‍ത്തമായി.കോന്സ്റ്റസ് അരങ്ങേറിയ കഴിഞ്ഞ മത്സരത്തില്‍ തന്നെ ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന് തുടക്കമിട്ടിരുന്നു.
ടോസ് നേടിയ ബുംറ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബൗളിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഫോമിലല്ലാത്ത രോഹിത് ശര്‍മയെ കളിപ്പിക്കേണ്ടെന്ന തീരുമാനമായിരുന്നു മാനേജ്മെന്റിന്റേത്. പകരം കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ശുഭ്മാന്‍ ഗില്‍ കളിക്കിറങ്ങി. ഓപ്പണറുടെ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങിയെത്തി. പക്ഷെ ഫലമൊന്നും ഉണ്ടായില്ല. ഭാരത ബാറ്റര്‍മാരില്‍ മികച്ച സ്കോറര്‍ ഋഷഭ് പന്ത് നേടിയ 40 റണ്‍സ് ആണ്. 98 പന്തുകള്‍ നേരിട്ട പന്ത് പൊരുതി നില്ക്കാന് ശ്രമിച്ചെങ്കിലും പിച്ചിന്റെ ഗുണം മുതലെടുത്ത സ്കോട്ട് ബോളണ്ട് താരത്തെ തന്ത്രപൂര്‍വ്വം പുറത്താക്കി. ഭാരത സ്കോര്‍ 120ലെത്തിയപ്പോള്‍ അഞ്ചാമനായാണ് പന്ത് മടങ്ങിയത്. തൊട്ടുപിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റീവ് സ്മിത്തിന് പിടി നല്കി പൂജ്യനായി തിരിച്ചു നടന്നു. ഇതോടെ ഭാരതം 200 കടക്കില്ലെന്ന് ഏറെക്കൂറേ ഉറപ്പായി.
മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍(നാല്) ആണ് ഭാരതനിരയില്‍ ആദ്യം പുറത്തായത്. ഏറെ വൈകാതെ ബോളണ്ടിന്റെ ആക്രമണം തുടങ്ങി. യശസ്വി ജയ്സ്വാള്‍(10) ആയിരുന്നു ആദ്യ ഇര. ജയ്സ്വാളിന് ശേഷം പുറത്തായത് പിരിക്കിന് ശേഷം കളത്തിലിറങ്ങിയ ശുഭ്മാന്‍ ഗില്‍(20). നേഥന്‍ ലയണിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ഗില്ലിന്റെ മടക്കം. പതിവ് തെറ്റിക്കാതെ കോഹ്ലിയും(17) മടങ്ങി. ഭാരതം നാലിന് 72 എന്ന നിലയില്‍ വിഷമിച്ചു. അഞ്ചാം വിക്കറ്റില്‍ ഋഷഭിനൊപ്പം രവീന്ദ്ര ജഡേജ പ്രതീക്ഷ പകരുന്ന പ്രകടനവുമായി മുന്നേറിയത് ആശ്വാസം പകര്‍ന്നു. ഇരുവരും ചേര്‍ന്നെടുത്ത 48 റണ്‍സ് ആണ് ഭാരത ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. പന്തിന്റെയും നിതീഷിന്റെയും പെട്ടെന്നുള്ള പുറത്താകല്‍ കാര്യങ്ങള്‍ വീണ്ടും തകിടം മറിച്ചു. കൂടെ മികച്ചൊരു ബാറ്ററില്ലാതെ തനിക്കൊന്നിനും സാധിക്കില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച് ജഡേജയും(26) കൂടാരത്തിലെത്തി. സ്റ്റാര്‍ക്കിന്റെ ഏറില്‍ ലെഗ് ബിഫോറാകുകയായിരുന്നു. കമ്മിന്‍സിന് വിക്കറ്റ് സമ്മാനിച്ച് വാഷിങ്ടണ്‍ സുന്ദര്‍(14) കൂടി പുറത്താകുമ്പോള്‍ ഭാരതം എട്ടിന് 148 എന്ന നിലയിലേക്ക് പതിച്ചു.
ആകാശ് ദീപിന് പകരം സിഡ്നിയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക്(മൂന്ന്) അവസരം നല്കി. ഒടുവില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും പായിച്ച് ബുംറ നേടിയ 22 റണ്‍സിന്റെ ബലത്തിലാണ് ടീം 185 റണ്‍സില്‍ എത്തിചേര്‍ന്നത്. 200 കടന്നേക്കുമെന്ന് പ്രതീക്ഷിച്ചുനില്ക്കെയാണ് കമിന്‍സിന്റെ പന്തില്‍ ബുംറയുടെ പുറത്താകലും ഇന്ത്യന്‍ ഇന്നിങ്സിനു വിരാമവും. മുഹമ്മദ് സിറാജ്(മൂന്ന്) പുറത്താകാതെ നിന്നു.
നാല് വിക്കറ്റ് നേടിയ ബോളണ്ടിന് സ്റ്റാര്‍ക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനം മികച്ച പിന്തുണയായി. രണ്ട് വിക്കറ്റുമായി കമ്മിന്‍സും മികച്ചു നിന്നു. സ്പിന്നര്‍ നഥാന്‍ ലിയണ്‍ ഒരു വിക്കറ്റ് ആണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: