ന്യൂദല്‍ഹി: ഹിന്ദു ദിനപത്രത്തിന്റെ ഉടമകള്‍ ടി.എം. കൃഷ്ണയെ വാഴ്ത്തി, പാടിപ്പുകഴ്ത്തുക വഴി കര്‍ണ്ണാടകസംഗീതരംഗം പിളര്‍പ്പിലേക്ക് നീങ്ങുന്നു. സനാതനധര്‍മ്മത്തെ സംരക്ഷിക്കണമെന്ന് വാദിക്കുന്ന ട്രിച്ചൂര് ബ്രദേഴ്സും ചിത്രവീണവാദകന്‍ രവികിരണ്‍, സഹോദരിമാരായ ഗായികമാര്‍ ഗായത്രി-രഞ്ജിനിമാര്‍ തുടങ്ങിയവര്‍ ശക്തമായി ഒരു പക്ഷത്ത് നില്ക്കുന്നു. ഇതില്‍ കൂടുതല്‍ സന്തോഷിക്കുന്നത് തമിഴ്നാട്ടിലെ ദ്രാവിഡപ്പാര്‍ട്ടികളാണ്. കാരണം അവര്‍ക്ക് കര്‍ണ്ണാടകസംഗീതത്തിലെ ഒരു വിഭാഗത്തെ കയ്യില്‍കിട്ടുകയാണ്. കര്‍ണ്ണാടക സംഗീതത്തെ ക്ഷേത്രങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നും പരമ്പരാഗത കേള്‍വിക്കാരില്‍ നിന്നും പരമാവധി അകറ്റണമെന്നും ആഗ്രഹിക്കുന്ന ഒരു വിഭാഗത്തെ കൂടെക്കിട്ടുകയാണ്.
മാര്‍കഴി സംഗീതോത്സവത്തോടനുബന്ധിച്ച് (മദ്രാസ് മ്യൂസിക് അക്കാദമി സംഘടിപ്പിക്കുന്ന ഡിസംബര്‍ മുതല്‍ ജനവരി വരെ നടക്കുന്ന കര്‍ണ്ണാടകസംഗീതക്കച്ചേരികളാണ് മാര്‍കഴി സംഗീതോത്സവം എന്ന പേരില്‍ അറിയപ്പെടുന്നത്. ) ടി.എം.കൃഷ്ണയുടെ കച്ചേരി നടത്തിയത് ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തിലാണ്. ക്രിസ്മസ് കുളിരിലാണ്. പരമ്പരാഗത ഹിന്ദു സമുദായത്തെ പ്രകോപിപ്പിക്കല്‍ തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യവും. എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നല്കി ആദരിക്കുക വഴി കര്‍ണ്ണാടകസംഗീതത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നാണ് ഹിന്ദു ദിനപത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട് ലൈന്‍ മാസിക എഴുതിയക്. കര്‍ണ്ണാടകസംഗീതത്തിലെ ശ്രേഷ്ഠ വിഭാഗം എന്ന് അവകാശപ്പെടുന്നവരെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ടി.എം. കൃഷ്ണയുടെ മേന്മയായി ഫ്രണ്ട് ലൈന്‍ എടുത്തുപറയുന്നത്. കര്‍ണ്ണാടക സംഗീതരംഗത്തെ കപടനാട്യങ്ങളെ ചോദ്യം ചെയ്യുന്നു എന്നതാണ് വേറൊരു ക്വാളിറ്റിയായി എടുത്തുപറയുന്നത്.
ഇപ്പോഴിതാ മറ്റൊരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. സലത്തുള്ള സലാമുള്ള കച്ചേരി എന്ന പേരില്‍ കാണപ്പെടുന്ന ഈ വീഡിയോയില്‍ തൊപ്പി ധരിച്ചാണ് ടി.എം.കൃഷ്ണ പാടുന്നത്. മുംബൈയിലെ നെസെറ്റ് എലിയാഹു സിനഗോഗ് എന്ന ജൂതപ്പള്ളിയിലിരുന്നാണ് കച്ചേരി ആലപിക്കുന്നത്. പണ്ട് ക്ഷേത്രങ്ങള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആക്കിയതുപോലെ കര്‍ണ്ണാടക സംഗീതരംഗത്തെയും ആ സംഗീതം വളര്‍ന്ന ചട്ടക്കൂടില്‍ നിന്നും പുറത്തേക്ക് കടത്തുകയാണ് ലക്ഷ്യം. ഒരു ജൂതപ്പള്ളിയുടെ ഉള്ളില്‍ ടി.എം. കൃഷ്ണയെക്കൊണ്ട് നഷീദ് പാടിക്കുക വഴി എന്‍ജിഒ അതിന്റെ ലക്ഷ്യം കൈവരിക്കുന്നു. ഇസ്ലാമിക ലോകത്ത് ഏറെ ജനപ്രിയമായ ഒരു വോക്കല്‍ സംഗീതശൈലിയാണ് നഷീദ്. മതപ്രാര്‍ത്ഥനയുടെ വരികളാണ് ഇതില്‍ ആലപിക്കുക. ഇനി ഒരു ബക്രീദിന് കമലാംബ നവവര്‍ണ്ണം മുസ്ലിം പള്ളിയിലും കൂടി പാടിച്ചാല്‍ ടി.എം. കൃഷ്ണ കൂടുതല്‍ വിശുദ്ധനാകും എന്നും യുട്യൂബിലെ കച്ചേരിയോട് ഒരാള്‍ പ്രതികരിച്ചു. മുത്തുസ്വാമി ദീക്ഷിതര്‍ രചിച്ച കമലാംബ നവവര്‍ണ്ണം സവിശേഷമായ കൃതികളാണ്. ഹിന്ദുവിന്റെ അദ്വൈത ദര്‍ശനത്തെക്കുറിച്ച് വാഴ്ത്തിപ്പാടുന്ന കൃതികളാണിവ. കൃഷ്ണ നീ ബേഗേനെ ബാരോ ജുമാ മസ്ജിദില്‍ കൂടി ആലപിച്ചാല്‍ ലക്ഷ്യം പൂര്‍ത്തിയായി എന്ന് മറ്റൊരാള്‍ ഈ വീഡിയോയോട് പ്രതികരിക്കുന്നു.
പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിച്ച് സുബ്ബലക്ഷ്മിയെ വിശേഷിപ്പിച്ച സംഗീതജ്ഞനാണ് ടി.എം. കൃഷ്ണ. സുബ്ബലക്ഷ്മിയെ സെക്സി എന്ന് വരെ വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ട്. ദേവദാസി ആയിരുന്ന സുബ്ബലക്ഷ്മിയുടെ സംഗീതമായിരുന്നു കേമം എന്ന് പറയാന്‍ മടികാട്ടാത്ത വ്യക്തിയാണ് ടി.എം. കൃഷ്ണ. സുബ്ബലക്ഷ്മിയുടെ സംഗീതത്തെ വിവാഹത്തിന് മുന്‍പും ബ്രാഹ്മണനായ ഭര്‍ത്താവിനെ വിവാഹം കഴിച്ചതിന് ശേഷവും എന്നിങ്ങനെ വിഭജിച്ച് കാണുന്ന ടി.എം. കൃഷ്ണ വിലയിരുത്തുന്നത് ബ്രാഹ്മണനെ വിവാഹം കഴിച്ച ശേഷം അവരുടെ ആലാപനത്തിലെ സവിശേഷതകള്‍ കുറഞ്ഞു എന്നാണ്. ചരിത്രത്തിലെ വ്യക്തികളെ പുണ്യാത്മാക്കളായി ചരിത്രം രചിക്കുന്നതിനെ ഹേഗിയോഗ്രാഫി എന്ന് വിളിക്കും. ഇതുപോലെ സുബ്ബലക്ഷ്മിയെ പുണ്യാത്മാവായി ചിത്രീകരിക്കാതെ ഒരു സാധാരണ സ്ത്രീയായി വിലയിരുത്തുകയാണ് ടി.എം. കൃഷ്ണ ചെയ്യുന്നതെന്നും അദ്ദേഹത്തിന് പുരസ്കാരം നല്കിയ മദ്രാസ് മ്യൂസിക് അക്കാദമി വിലയിരുത്തുന്നു. ഈ മദ്രാസ് മ്യൂസിക് അക്കാദമിയുടെ പ്രസിഡന്റ് ഹിന്ദു പത്രം ഉടമ എന്‍.മുരളിയാണ്.
എന്തായാലും നിസ്കാരത്തൊപ്പി ധരിച്ചുള്ള ടി.എം.കൃഷ്ണയുടെ കച്ചേരി നടന്നത് മുംബൈയിലെ കെനെസേത്ത് ഇല്യാഹു സിനഗോഗിലാണ്. ഈ കച്ചേരി സ്പോണ്സര് ചെയ്തിരിക്കുന്നത് എഫ് ഇഎ (ഫ്രീഡം എപ്ലോയബിലിറ്റി അക്കാദമി) എന്ന ലാഭത്തിന് വേണ്ടിയല്ലാതെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആണ്. ഈ എന്‍ജിഒ ദീപക് ചോപ്ര എന്ന അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരനായ ഒരു ഡോക്ടറുടേതാണ്. അദ്ദേഹം യോഗയെയും ആയുര്‍വേദത്തിന്റെ മഹത്വത്തെയും അംഗീകരിക്കുന്ന ഡോക്ടറാണ്. പക്ഷെ ഈ എന്‍ജിഒകളുടെ ധനാഗമമാര്‍ഗ്ഗം ആര്‍ക്കും അറിയില്ല. എന്തായാലും ടി.എം.കൃഷ്ണയെ വാഴ്ത്തുകയും കൊണ്ടുനടക്കുകയും ചെയ്യുന്നത് ക്ഷേത്രങ്ങള്‍ക്ക് പുറത്തുള്ള വേദികളാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്ന എന്‍ജിഒകളാണ്. ഇത്തരം എന്‍ജിഒകളാണ് അമേരിക്കയെ നശിപ്പിക്കുന്നതെന്ന് ഇക്കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിരുന്നു. നേരത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ എന്‍ജിഒകള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് നിര്‍ത്തലാക്കിയ വ്യക്തിയാണ്. എന്തായാലും ഹൈന്ദവസംസ്കാരത്തിന്റെ വിശുദ്ധിയെ ദുര്‍ബലമാക്കുന്ന ശക്തികളുടെ കൈകകളിലെ പുതിയ ആയുധമാണ് ടി.എം. കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: