Kerala

കോണ്‍ഗ്രസ് ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം: രാജീവ് ചന്ദ്രശേഖര്‍

എന്നാല്‍ സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, അംബദ്കര്‍, വീര്‍ സവര്‍ക്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരെയെല്ലാം അവര്‍ ഇക്കാലമത്രയും അവഗണിച്ചു

Published by

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയില്‍ വീര്‍ സവര്‍ക്കര്‍ കോളേജിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇന്ത്യയുടെ ചരിത്രം മനസിലാകുന്നില്ലെന്ന് തോന്നുന്നതായി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യയുടെ ചരിത്രം ജവഹര്‍ലാല്‍ നെഹ്‌റുവില്‍ മാത്രം ഒതുങ്ങുമെന്നാണ് അവര്‍ കരുതുന്നത്.

അവരുടെ ഇന്ത്യാ ചരിത്ര പുസ്തകത്തില്‍ നെഹ്രു, ഇന്ദിര, രാജീവ്, സോണിയ, രാഹുല്‍, പ്രിയങ്ക എന്നീ അദ്ധ്യായങ്ങള്‍ മാത്രമേയുള്ളു എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വസ്തുതകള്‍ നേരാം വിധം മനസിലാകാന്‍ അവര്‍ക്ക് ആധികാരിമായ ചരിത്ര പാഠപുസ്തകങ്ങള്‍ തന്നെ വാങ്ങിക്കൊടുക്കേണ്ടി വരുമെന്ന് തോന്നുന്നു.

പല നേതാക്കളുടെ കൂട്ടായ്മയിലാണ് ഇന്ത്യ രൂപപ്പെട്ടത്. എന്നാല്‍ സുഭാഷ് ചന്ദ്ര ബോസ്, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍, അംബദ്കര്‍, വീര്‍ സവര്‍ക്കര്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരെയെല്ലാം അവര്‍ ഇക്കാലമത്രയും അവഗണിച്ചു.അതേ സമയം നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഇന്നത്തെ ഇന്ത്യ എവിടെയും ബഹുമാനിക്കപ്പെടുന്നു, നമ്മള്‍ ഏവരുടേയും ആദരം നേടുന്നു.

ഹരിയാനയിലടക്കം പരാജയമേറ്റു വാങ്ങിയിട്ടും മുസ്ലീം വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വീര്‍ സവര്‍ക്കറിനെ അപമാനിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധി വിലകുറഞ്ഞ രാഷ്‌ട്രീയം തന്നെ ആവര്‍ത്തിച്ച് കളിച്ചു കൊണ്ടേയിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ ദല്‍ഹിയില്‍ പറഞ്ഞു .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by