പ്രഖ്യാപിത പുരസ്‌കാരങ്ങള്‍ എന്നും ഒരു പ്രചോദനമാണ്, ഉത്തേജനമാണ്. ഇന്നലെ പ്രഖ്യാപിച്ച ഇത്തവണത്തെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പേ വാര്‍ത്താ പ്രാധാന്യം കിട്ടിയത് ഷൂട്ടിങ് താരം മനു ഭാക്കറിനെ പരിഗണിച്ചത് പോലുമില്ലെന്ന ഊഹാപോഹങ്ങളാലാണ്. സംഭവം വിവാദമായപ്പോള്‍ മനു ഭാക്കര്‍ പ്രതികരിച്ചത് പുരസ്‌കാരങ്ങള്‍ക്കുമപ്പുറമാണ് താന്‍ ലക്ഷ്യമിടുന്നത് എന്നായിരുന്നു. ഒളിംപിക്സിന്റെ ഒരേ പതിപ്പില്‍ ഇരട്ട മെഡല്‍ നേടിയ ആദ്യ ഭാരത താരം എന്ന ചരിത്രം കുറിച്ച് പാരിസില്‍ നിന്നും പറന്നെത്തിയ മനുവിനെ പോലൊരു താരത്തിന് പുരസ്‌കാരം ഇത്തവണ ഇല്ലെങ്കില്‍ പോലും ഒന്നും സംഭവിക്കാനില്ല. കാരണം അത്രത്തോളം തിളക്കമുണ്ട് താരം കൈവരിച്ച ചരിത്രനേട്ടത്തിന്. പക്ഷെ സജന്‍ പ്രകാശ് അങ്ങനെയല്ല, ഭാരത കായികരംഗത്തെ നീന്തല്‍ കുളത്തിലേക്ക് പുതയൊരു ചാല് തെളിച്ചു തന്ന അപൂര്‍വ്വതാരമാണ്. അതിനെ അടയാളപ്പെടുത്തണമെങ്കില്‍ ഇപ്പോഴെങ്കിലും ലഭിച്ച ഈ പുരസ്‌കാരം അത്യാവശ്യ
മെന്നതില്‍ സംശയമില്ല.
ഒമ്പത് വര്‍ഷം മുമ്പ് 2015ല്‍ കേരളം ആതിഥ്യമരുളിയ ദേശീയ ഗെയിംസിലൂടെയാണ് സജന്‍ ശ്രദ്ധിക്കപ്പെട്ടത്. നീന്തലില്‍ ആറ് സ്വര്‍ണമടക്കം ഒമ്പത് മെഡലുകളാണ് താരം നേടിയത്. അത്തവണത്തെ ഗെയിംസിലെ മികച്ച അത്ലറ്റ് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തൊട്ടടുത്ത വര്‍ഷം റിയോ ഡി ജനീറോ ഒളിംപിക്സില്‍ പങ്കെടുത്തു, 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ 28-ാമതായി ഫിനിഷ് ചെയ്തു. അഞ്ച് വര്‍ഷം കൂടി കഴിഞ്ഞാണ് ഓരോ മലയാളിക്കും അഭിമാനമായി സജന്‍ പ്രകാശ് അത്ഭുത നേട്ടം നീന്തിക്കയറിയത്. റോമിലെ സെറ്റെ കോള്ളി ട്രോഫിയില്‍ ദേശീയ റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനത്തോടെ 200 മീറ്ററില്‍ ടോക്കിയോ ഒളിംപിക്സിന് യോഗ്യത നേടി. ഇങ്ങനെ യോഗ്യത നേടുന്ന ചരിത്രത്തിലെ ആദ്യ ഭാരത താരമായിരുന്നു സജന്‍ പ്രകാശ്.
വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. ഒരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ പോലും നേടിയിട്ടില്ല. 2017ല്‍ ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈസില്‍ വെള്ളി സ്വന്തമാക്കി. 2016ല്‍ ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണവും നേടിയിട്ടുണ്ട്. മുന്‍പ് അമേരിക്കക്കാരും ഇപ്പോള്‍ ചൈനയും കുത്തകയാക്കി വച്ചിരിക്കുന്ന നീന്തലില്‍ ഭാരത താരങ്ങളെ പ്രചോദിപ്പിക്കാന്‍ പോന്ന താരമായി സജന്‍ ഇപ്പോഴും നിലകൊള്ളുന്നു.
2019 മുതല്‍ അര്‍ജുന പുരസ്‌കാരത്തിനായി ശ്രമിക്കുന്നു. ഇതുവരെ 27 മെഡലുകള്‍ സജന്‍ ദേശീയ തലത്തില്‍ വാരിക്കൂട്ടിയിട്ടും അര്‍ജുന അവാര്‍ഡ് സജന് അന്യമായി.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സജന്‍ പ്രകാശ് ഭാരതം നല്‍കുന്ന ഏറ്റവും മികച്ച രണ്ടാമത്തെ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരിക്കുന്നു. കാത്തിരുന്ന് കാത്തിരുന്ന് സജന് അര്‍ജുന. സജന്റെ മാതാവ് ഷാന്റി മോള്‍ക്കും കോച്ച് പ്രദീപ് കുമാറിനും ഇത് വലിയ കാത്തിരിപ്പിനടുവില്‍ ലഭിക്കുന്ന സന്തോഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: