തിരുവനന്തപുരം: കേരളരാജ്ഭവനില് പുതിയ ഗവര്‍ണറുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെത്തേടി ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും പ്രമുഖരുടെ ജന്മദിനാശംസകള്. നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സുഹൃത്തുക്കളുടെയും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും മുന്‍ സഹപ്രവര്‍ത്തകരുടെയും അഭിനന്ദനപ്രവാഹം.
രാവിലെ തിരുവനന്തപുരത്തെത്തിയ ആനന്ദബോസ് വിമാനത്താവളത്തില്‍ നിന്ന് നേരെ രാജ്ഭവനിലെത്തി കേരളഗവര്‍ണറുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു. വൈകുന്നേരം ഭാര്യ ലക്ഷ്മിക്കൊപ്പം ആനന്ദബോസ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെയും ഭാര്യ അനഘ ആര്‍ലേക്കറെയും സന്ദര്‍ശിച്ച് ബംഗാള്‍ രാജ്ഭവന്റെ ഉപഹാരവും പുസ്തകങ്ങളും സമ്മാനിച്ചു.
ഡോ സി.വി.ആനന്ദബോസ് വ്യാഴാഴ്ച എഴുപത്തി നാലാം വയസ്സിലേക്ക് കടക്കുകയാണ്. ജന്മനക്ഷത്രപ്രകാരം വെള്ളിയാഴ്ചയാണ് പിറന്നാള്‍. പശ്ചിമബംഗാളില്‍ ഗവര്‍ണര്‍ പദവിയിലെത്തിയശേഷം ജന്മദിനത്തില് കേരളത്തിലെത്തുന്നത് ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം കൊല്‍ക്കത്തയില്‍ കാഴ്ചപരിമിതര്‍ക്കുള്ള രാമകൃഷണമിഷന്‍ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു കുടുംബസമേതം ജന്മദിനാഘോഷം.
ആനന്ദബോസിന്റെ പ്രവര്‍ത്തനശൈലിയെയും സഹായമനോഭാവത്തെയും അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫോണില്‍ ആനന്ദബോസിന് ജന്മദിനാശംസകള് നേര്‍ന്നു.
‘ഗവര്‍ണര്‍ എന്ന നിലയില്‍ മാനുഷിക, സാമൂഹിക, ദേശീയ മൂല്യങ്ങളെ സന്നിവേശിപ്പിച്ചുള്ള ആനന്ദബോസിന്റെ പ്രവര്‍ത്തന ശൈലിയും ജനാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള പ്രതിബദ്ധതയും എല്ലാവര്ക്കും പ്രചോദനം പകരുന്ന’താണെന്ന് ആശംസാസന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘ഗവര്‍ണര്‍ എന്ന നിലയില്‍ ഭരണഘടനാ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ താങ്കളുടെ കഴിവും കര്‍ത്തവ്യബോധവും മാതൃകാപരവും അനുകരണീയമാണ്. ഇതേ പ്രതിബദ്ധതയോടെ തുടര്‍ന്നും ജനങ്ങളെ സേവിക്കാന്‍ താങ്കള്‍ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ സന്ദേശത്തില്‍ നരേന്ദ്രമോദി ആശംസിച്ചു.
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും ആനന്ദബോസിന് ജന്മദിനാശംസകള് നേര്‍ന്നു.
1977 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ആനന്ദബോസ് 2022 ലാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. കൊല്‍ക്കത്തയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സിവില്‍ സര്‍വീസില്‍ സംസ്ഥാനദേശീയ തലങ്ങളില്‍ അനേകം ഉന്നത പദവികള്‍ വഹിച്ചു. നിരവധി മാതൃകാ പ്രസ്ഥാനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും രൂപം നല്കി. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലായി എഴുപതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: