ന്യൂയോര്‍ക്ക് സിറ്റി: ന്യൂയോര്‍ക്കില്‍ നടന്ന റാപ്പിഡ് ചെസില്‍ ജീന്‍സ് ധരിച്ചതിന്റെ പേരില്‍ ഒമ്പതാം റൗണ്ടില്‍ നിന്നും മാഗ്നസ് കാള്‍സനെ ഫിഡെ പുറത്താക്കിയപ്പോള്‍ ചെസിനെ സ്നേഹിക്കുന്നവര്‍ ഏറെ വേദനിച്ചു. കാരണം ഈ രണ്ട് ദശകത്തിലെ ലോകത്തിലെ ഒന്നാം നമ്പര്‍ അത്ഭുതപ്രതിഭയായ കാള്സന് വഴിതെറ്റി ഫിഡെയുടെ ലോകത്ത് നിന്നും പുറത്തേക്കുപോകുമോ എന്നതായിരുന്നു എല്ലാവരുടെയും ആശങ്ക.
ഫിഡെ വൈസ് പ്രസിഡന്റായ ഇന്ത്യയുടെ വിശ്വനാഥാന്‍ ആനന്ദിനെ വരെ ജീന്‍സ് വിവാദത്തിന്റെ പേരില്‍ മാഗ്നസ് കാള്സന് വിമര്‍ശിച്ചപ്പോള്‍ എല്ലാം കൈവിട്ടുപോകും എന്ന് കരുതിയവര്‍ക്ക് തെറ്റി. ഇവിടെ കാള്സന് വിമര്‍ശിച്ചിട്ടും അതിനെതിരെ ഒരു വാക്ക് പോലും പറയാതെ നിശ്ശബ്ദത പാലിക്കുകവഴി ചെസ്സിലെ പ്രൊഫഷണലിസം തിരിച്ചുകൊണ്ടുവന്ന വിശ്വനാഥന് ആനന്ദിന് ഹാറ്റ്സ് ഓഫ്. കാരണം എല്ലാറ്റിനും മീതെ ചെസ്സിലെ പ്രതിഭാധനതയ്ക്ക് മുന്പില് തലകുനിച്ച വിശ്വനാഥന് ആനന്ദിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. മാഗ്നസ് കാള്സന് പറഞ്ഞത് വിശ്വനാഥന് ആനന്ദ് ഫിഡെയുടെ വൈസ് പ്രസിഡന്റ് പദവിയ്ക്ക് അര്‍ഹനല്ല എന്നാണ്. വേണ്ടത്ര വിശ്വനാഥന് ആനന്ദ് വളര്‍ന്നിട്ടില്ലെന്നും ഡ്രസ് കോഡ് വിവാദത്തെ പക്വതയില്ലാതെ കൈകാര്യം ചെയ്തു എന്നു വരെ മാഗ്നസ് കാള്സന് വിമര്‍ശിക്കുകയുണ്ടായി. പ്രകോപിപ്പിക്കാവുന്നതിന്റെ പരമാവധി പറഞ്ഞെങ്കിലും വിശ്വനാഥന് ആനന്ദ് മൗനം പാലിച്ചതാണ് ബ്ലിറ്റ് സ് ടൂര്‍ണ്ണമെന്റിനെ രക്ഷിച്ചത്. ആനന്ദ് അനുസരിച്ചത് ഫിഡെയുടെ നിയമം മാത്രമാണ്. ഫിഡെ ടൂര്‍ണ്ണമെന്റുകളില്‍ കളിക്കാര്‍ ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നും ഫോര്‍മല്‍ ഡ്രസുകള്‍ ധരിക്കണമെന്നും നിയമമുണ്ട്. എന്നാല്‍ എന്തിനായിരിക്കും ഈ നിയമങ്ങള്‍ അറിഞ്ഞിട്ടും മാഗ്നസ് കാള്സന് ജീന്‍സ് ധരിച്ച് വന്നത്? ചെസ്സില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുകയായിരുന്നോ അതോ വെറുതെ അന്താരാഷ്ട്ര ചെസ് ഫെഡറേഷനായ ഫിഡെയ്ക്കെതിരെ കലാപം കൂട്ടുക എന്നത് മാത്രമായിരുന്നോ മാഗ്നസ് കാള്‍സന്റെ ലക്ഷ്യം? അറിയില്ല. ഈയിടെ ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്റ് സ്ലാം ടൂര്‍ണ്മമെന്റ് എന്ന പേരില്‍ ഒരു ചെസ് ടൂര്‍ണ്ണമെന്റ് മാഗ്നസ് കാള്സന് സ്വകാര്യമായി നടത്തി. ഫിഡെയുടെ സമ്മതമില്ലാതെയാണ് ഈ ടൂര്‍ണ്ണമെന്റ് മാഗ്നസ് കാള്സന് കൊണ്ടുവന്നിരിക്കുന്നത്.
ഗാരി കാസ്പറോവിന്റെ വഴിയേ മാഗ്നസ് കാള്‍സനും?
പണ്ട് ഫിഡെയെ വെല്ലുവിളിച്ച് പിസിഎ (പ്രൊഫഷണല്‍ ചെസ് അസോസിയേഷന് ) എന്ന പേരില്‍ സ്വന്തമായി ഒരു ടൂര്‍ണ്ണമെന്റ് തന്നെ കൊണ്ടുവന്നയാളാണ് റഷ്യയുടെ ഗാരി കാസ്പറോവ്. 1993ല്‍ തന്റെ ലോകകിരീടം ഫിഡെ എടുത്തുമാറ്റിയതിന്റെ പേരിലായിരുന്നു ഗാരി കാസ്പറോവ് ഫിഡെയെ വെല്ലുവിളിച്ച് സ്വകാര്യ ടൂര്‍ണ്ണമെന്റായ പിസിഎ ലോകചാമ്പ്യന്‍ഷിപ് നടത്തിയത്.പക്ഷെ ഗാരി കാസ്പറോവിന് ഫിഡെയെ വെല്ലുവിളിച്ച് അധികനാള്‍ മുന്നോട്ട് പോകാനായില്ല. അസാമാന്യ ചെസ് പ്രതിഭയായിട്ടും 2005ല്‍ ഗാരി കാസ്പറോവിന് പ്രൊഫഷണല്‍ ചെസില്‍ നിന്നും വിരമിക്കേണ്ടി വന്നു. പിന്നീട് ചെസ്സിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ എഴുതി നാളുകള്‍ തള്ളിനീക്കുകയായിരുന്നു ഗാരി കാസ്പറോവ്. അതേ ഗതി കാള്സന് സംഭവിക്കരുതെന്ന് വിശ്വനാഥന് ആനന്ദിന് ഉണ്ട്. അതുകൊണ്ടാണ് മാഗ്നസ് കാള്സന് ഇത്രയൊക്കെ പ്രകോപിപ്പിച്ചിട്ടും ആനന്ദ് മൗനം പാലിക്കുന്നത്.
കാള്സന് വേണ്ടി ഫിഡെ ഇക്കുറി ന്യൂയോര്‍ക്ക് സിറ്റിയിലെ മത്സരത്തില്‍ നിയമം തന്നെ മാറ്റിയെഴുതി. ലോക ബ്ലിറ്റ്സ് ചെസില്‍ പങ്കെടുക്കാന്‍ ജീന്‍സ് ധരിച്ചും കളിക്കാര്‍ക്ക് വരാം എന്നായിരുന്നു പുതിയ നിയമം. കാള്സന് ജീന്‍സ് ധരിച്ച് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കട്ടെയെന്ന് ഫിഡെ അനുമതി നല്കി.. അങ്ങിനെ കാള്സന് ജീന്‍സ് ധരിച്ച് ബ്ലിറ്റ്സില്‍ പങ്കെടുക്കാന്‍ വന്നു. ക്രിക്കറ്റില്‍ ട്വന്റി ട്വന്റി പോലെയാണ് ചെസില്‍ ബ്ലിറ്റ്സ് ഗെയിം. 60 കരുനീക്കങ്ങള്‍ക്ക് 10 മിനിറ്റേ ബ്ലിറ്റ്സില്‍ അനുവദിക്കൂ. അതായത് ഒരു നീക്കത്തിന് 10 സെക്കന്റേ ലഭിക്കൂ. മാഗ്നസ് കാള്സന് ഈ അതിവേഗ ചെസ്സിലും ലോകത്തിലെ അജയ്യനാണ്. അദ്ദേഹത്തിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ് തന്നെ 2889 ആണ്. ലോക്തതിലെ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ്.
എന്തായാലും ബ്ലിറ്റ്സില്‍ കാള്സന് അതിവേഗം ഫൈനലില്‍ എത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഗ്നസ് കാള്സന് അമേരിക്കയുടെ ഹാന്‍സ് നീമാന് വെല്ലുവിളി ഉയര്‍ത്തി ആദ്യ ഗെയിമുകളില്‍ 1.5-0.5 എന്ന പോയിന്റ് നിലയില്‍ ഹാന്‍സ് നീമാന് മുന്നിട്ടു നിന്നു. പക്ഷെ തിരിച്ചുവരവിന് പേര് കേട്ട മാഗ്നസ് കാള്സന് അടുത്തരണ്ട് ഗെയിമുകളില്‍ നീമാനെ തോല്പിച്ച് സെമിയില്‍ കടന്നു. സെമിയില്‍ പോളണ്ടന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡയെ തോല്പിച്ചാണ് ഫൈനലില്‍ എത്തിയത്.
ഫൈനലില്‍ പക്ഷെ റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയുമായി കാള്സന് സമനിലയില്‍ പിരിഞ്ഞു. വിജയിയെ കണ്ടെത്താന്‍ നടത്തിയ സഡന്‍ ഡെത്തിലും ഇരുവരും സമനിലയില്‍ പിരിഞ്ഞു. അടുത്ത മൂന്ന് സഡന്‍ ഡെത്ത് ഗെയിമുകളിലും ഇരുവരും സമനിലയില്‍ പിരിഞ്ഞു. വാസ്തവത്തില്‍ വീണ്ടും മത്സരം നടത്തി ഒരാളെ വിജയിയായി പ്രഖ്യാപിക്കുന്നതാണ് ഫിഡെയുടെ രീതി. പക്ഷെ മാഗ്നസ് കാള്സന് തന്നെ ഇയാന്‍ നെപോമ്നിഷിയ്ക്ക് മുന്‍പാകെ നമുക്ക് കിരീടം പങ്കുവെയ്ക്കാം എന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇവിടെയും ഫിഡെ ഒരു തീരുമാനമെടുക്കും മുന്‍പ് മാഗ്നസ് കാള്സന് തീരുമാനമെടുക്കുയായിരുന്നു.
എന്തായാലും ബ്ലിറ്റ്സ് ലോകചെസില്‍ ലോകകിരീടം ഇയാന്‍ നെപോമ്നിഷിയുമായി പങ്കുവെയ്ക്കുക വഴി വീണ്ടും മാഗ്നസ് കാള്സന് താന്‍ വേഗതയുടെ ചെസ്സിലും അജയ്യനാണെന്ന് തെളിയിക്കുകയായിരുന്നു. പക്ഷെ ഇക്കുറി കാള്സന് അല്പം ജാള്യത ഉണ്ടാക്കുന്നതായിരുന്നു ലോക റാപിഡ് ചെസിന്റെ ഫലം. ഇതില്‍ വെറും 18 കാരനായ വൊളോഡാര്‍ മുര്സിന് എന്ന ജീനിയസ് ആണ് റാപിഡ് ചെസില്‍ ലോകചാമ്പ്യനായത്. 2022ലും 2023ലും ലോക റാപിഡ് ചാമ്പ്യനായിരുന്ന മാഗ്നസ് കാള്‍സന്റെ റാപ്പിഡ് ചെസിലുള്ള ആധിപത്യം തീര്‍ന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: