സഹാറൻപൂർ : ഉത്തർപ്രദേശിൽ വീണ്ടും ട്രെയിൻ അടിമറി ശ്രമം. സഹാറൻപൂർ ജില്ലയിലെ ഹരിദ്വാർ റെയിൽവേ ലൈനിലെ തപ്രിക്കടുത്തുള്ള റെയിൽവേ ട്രാക്കിൽ ലോഹത്തിന്റെ വലിയ കഷണം കിടക്കുന്നത് കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
ചൊവ്വാഴ്‌ച പുലർച്ചെ ഒരു മണിയോടെ, തപ്രി റെയിൽവേ ട്രാക്കിൽ ഇരുമ്പ് ഗേറ്റിന്റെ ഒരു ഭാഗം കിടക്കുന്നതായി വിവരം ലഭിച്ചതായി സഹരൻപൂർ സ്റ്റേഷൻ സൂപ്രണ്ട് സുനിൽ കുമാർ പറഞ്ഞു. 14089 ആനന്ദ് വിഹാർ-കോട്ദ്വാർ എക്സ്പ്രസ് കടന്നു പോകുന്ന സമയത്തിന് തൊട്ടു മുൻപാണ് ഇരുമ്പ് ഗേറ്റ് കണ്ടെത്തിയത്.
ഉടൻ തന്നെ റെയിൽവേ അധികൃതർ, ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജിആർപി), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ടീമുകൾക്കൊപ്പം സംഭവസ്ഥലത്തെത്തി തടസ്സം നീക്കാൻ തുടങ്ങി. തുടർന്ന് ഇരുമ്പ് കഷണം നീക്കം ചെയ്ത് ട്രാക്ക് പ്രവർത്തന യോഗ്യമാക്കി. ഏകദേശം 15 മിനിറ്റ് വൈകിയാണ് ട്രെയിൻ പുറപ്പെട്ടത്.
അതേ സമയം ചൊവ്വാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി റെയിൽവേ അറിയിച്ചു. അട്ടിമറി ശ്രമമായാണ് ഇതിനെ കണക്കാക്കുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുമുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഷംലിയിലെ ആർപിഎഫിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: