കൊല്‍ക്കത്ത: ബംഗാള്‍ കൊല്‍ക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍നിന്ന് 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ കാന്‍സര്‍, പ്രമേഹ പ്രതിരോധ മരുന്നുകള്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) നേതൃത്വത്തില്‍ പിടിച്ചെടുത്തു. വ്യാജ മരുന്നുകള്‍ വില്‍ക്കുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിഡിഎസ്സിഒ ഈസ്റ്റ് സോണും ബംഗാള്‍ ഡ്രഗ്സ് കണ്ട്രോള് ഡയറക്ടറേറ്റും ചേര്‍ന്നു നടത്തിയ സംയുക്ത തെരച്ചിലിലാണ് വ്യാജ മരുന്നുകള്‍ പിടികൂടിയത്.
അയര്‍ലന്‍ഡ്, തുര്‍ക്കി, ബംഗ്ലാദേശ്, യുഎസ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ചതെന്നാണ് മരുന്നുകളുടെ ലേബലില്‍ പറയുന്നത്. അനുമതിയില്ലാതെയാണ് ഈ മരുന്നുകള്‍ ഭാരതത്തില്‍ വിറ്റിരുന്നത്. സംഭവത്തില്‍ മരുന്ന് മൊത്തക്കച്ചവട സ്ഥാപനമായ കെയര്‍ ആന്‍ഡ് ക്യുര്‍ ഫോര്‍ യു വിന്റെ ഉടമയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്കായുള്ള വ്യാജ മരുന്ന് വിറ്റ കൊല്‍ക്കത്തയിലെ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ മരുന്നുകളുടെ വ്യാജ പതിപ്പുകളാണ് കെയര്‍ ആന്‍ഡ് ക്യുര്‍ ഫോര്‍ യുവില്‍ വിറ്റിരുന്നത്. ആരോഗ്യത്തിന് ദോഷകരമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വ്യാജമരുന്നുകള്‍ നിര്‍മിച്ചത്. ഇവ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യസ്ഥിതിക്ക് കാരണമായേക്കും. വ്യാജ മരുന്നുകളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ സംബന്ധിച്ച് അന്വേഷണം കര്ശനമാക്കിയുണ്ട്. സിഡിഎസ്സിഒയുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: