ന്യൂദെൽഹി:താപനില ഏഴ് ഡിഗ്രിയിലെത്തിയതോടെ ദെൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മൂടൽ മഞ്ഞ്. ഇതുമൂലം ഉണ്ടാകുന്ന ദൂരകാഴ്‌ച്ച കുറയുന്നത് ഗതാഗതത്തെ ബാധിക്കുകയാണ്. ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ വിമാനത്താവളത്തിലെ പൊതുവായ ദൃശ്യപരത ഇന്ന് കാലത്ത് ആറ് മണിക്ക് പൂജ്യത്തിലേക്ക് താഴ്ന്നു. ഇത് വിമാന സർവ്വീസുകളെ ബാധിച്ചേചേക്കാമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. റൺവെ ദൃശ്യപരത 200 മുതൽ 500 മീറ്റർ വരെയാണ് വേണ്ടത്. ഇതാണ് ഇന്ന് പൂജ്യത്തിലേക്ക് കുറഞ്ഞത്. ഇത് മൂലം 80 ഫ്ലൈറ്റുകൾ വൈകി ലാൻഡ് ചെയ്തതായി ഫ്ലൈറ്റ് റഡാർ 24 വ്യക്തമാക്കുന്നു. ഇതിന് പുറമെ അഞ്ച് ഫ്ലൈറ്റുകൾ റളാക്കുകയും ചെയ്തു. നിലവിലെ സാഹചര്യമനുസരിച്ച് ഓരോ വിമാനവും ശരാശരി 13 മിനിറ്റ് വൈകുകയാണ്.
നേരത്തെ ഇന്ത്യൻകാലാവസ്ഥ വകുപ്പ് ദെൽഹിയിലെ പല സ്ഥലങ്ങളും കനത്ത മൂടൽമഞ്ഞിലാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് ദെൽഹിയിൽ യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതുവർഷത്തിൽ കുറഞ്ഞ ശരാശരി താപനില 7.4 ലേക്ക് താഴ്ന്നു. പരമാവധി താപനില 15 ഡിഗ്രി സെൽഷ്യസ് ആണ്. എന്നാൽ ജനുവരി 3 മുതൽ മെച്ചപ്പെട്ട ദൃശ്യപരതയും നേരിയ ചൂടുള്ള കാലാവസ്ഥയുമായിരിക്കുമെന്ന ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ദെൽഹി നിവാസികൾക്ക് അല്പം ആശ്വാസം പകരുന്നതാണ്.
ഉത്തരേന്ത്യയിൽ പല ഭാഗത്തും കൊടും ശൈത്യമാണ് അനുഭവപ്പെടുന്നത്. രാജസ്ഥാൻ, ഹരിയാന, ചണ്ഡിഗഡ്, പടിഞ്ഞാറൻ യുപി, പഞ്ചാബ് എന്നിവിടങ്ങളിൽ ജനുവരിയിൽ പതിവിലും കൂടുതൽ തണുപ്പ് അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലവസ്ഥ വകുപ്പിന്റെ ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഈ കാലത്താണ് ഗോതമ്പ്, കടല, പയർ, ബാർലി എന്നി റാബി വിളകൾ വിളയുന്നത്. ഇവയുടെ വിളവെടുപ്പ് വേനൽക്കാലത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: