പെരുമ്പാവൂർ : വിദേശ മലയാളിക്ക് ഒൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ നാലരക്കോടി നഷ്ടപ്പെട്ട സംഭവത്തിൽ എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷൻ കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരുമ്പാവൂർ സ്വദേശിയായ മലയാളിക്കാണ് കോടികൾ നഷ്ടമായത്.
ഷെയർ ട്രേഡിംഗിൽ വിദഗ്ദയാണെന്നും, പണം നിക്ഷേപിച്ചാൽ വൻ തുക ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് ദുബൈയിൽ വച്ച് ഒരാളെ പരിചയപ്പെടുകയായിരുന്നു. തുടർന്ന് വാട്സാപ്പ്, ജിമെയിൽ തുടങ്ങിയ മാധ്യമങ്ങളിലൂടെയായി കമ്യൂണിക്കേഷൻ. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു. ഉടനെ ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വൻ ലാഭം തിരിച്ചുനൽകി. അത് വിശ്വാസത്തിന് കാരണമായി.
ആഗസ്റ്റ് പന്ത്രണ്ട് മുതൽ നവംബർ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി പല പ്രാവശ്യങ്ങളിലായി നാലരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു. ഇതിന്റെയൊക്കെ ലാഭം എന്ന് പറഞ്ഞ് വൻതുകകൾ അവർ യുവാവിന് വേണ്ടി തയ്യാറാക്കിയ പേജിൽ പ്രദർശിപ്പിച്ചു കൊണ്ടുമിരുന്നു.
ഒടുവിൽ തുക പിൻവലിക്കാൻ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് തട്ടിപ്പിനിരയായ വിദേശ മലയാളി പരാതി നൽകി. എസ്.പിയുടെ മേൽനോട്ടത്തിൽ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ടീം അന്വേഷണമാരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചു വരുന്നു.
സമീപകാലത്തായി ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ മറവിൽ നിരവധി പേർക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. തട്ടിപ്പ് സംഘത്തിന്റെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അമിതലാഭം ഉണ്ടാക്കാമെന്നുള്ള പ്രതീക്ഷയിൽ ഒന്നും ആലോചിക്കാതെയാണ് പണം നിക്ഷേപിക്കുന്നത്. വിശ്വാസം പിടിച്ചുപറ്റാൻ ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകകൾക്ക് ലാഭം എന്ന പേരിൽ ഒരു തുക തിരികെ തരികയും ചെയ്യും.
ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു തട്ടിപ്പാണ് ബാങ്ക് അക്കൗണ്ട് വാങ്ങൽ. യുവാക്കളെ കൊണ്ട് അക്കൗണ്ട് എടുപ്പിച്ച് ഒരു നിശ്ചിത തുകയും, പിന്നീട് അക്കൗണ്ടിൽ വരുന്ന തുകയ്‌ക്ക് കമ്മീഷനും അക്കൗണ്ടിന്റെ ഉടമസ്ഥന് നൽകും. അക്കൗണ്ടിന്റെ നിയന്ത്രണം മുഴുവൻ തട്ടിപ്പ് സംഘത്തിനായിരിക്കും. തട്ടിപ്പിനിരയാകുന്നവർ ഈ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുന്നത്.
ഇങ്ങനെ അക്കൗണ്ട് എടുത്ത് നൽകിയ നിരവധി യുവാക്കളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എസ്.പി വൈഭവ് സക്സേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: