ശിവഗിരി: സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിനോട് അനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയർന്നു കേട്ടു. ഗുരു ശിവഗിരി തീർത്ഥാടനത്തെക്കുറിച്ചു സങ്കൽപ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.
സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം – മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്കർത്താവായ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലോകത്തിന്റെ പലഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നിങ്ങുന്നതിന്റെ റിപ്പോർട്ടുകളാണ് നിത്യേന പുറത്തുവരുന്നത്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർഷങ്ങളാലും ലോകത്തിന്റെ പലഭാഗങ്ങളിലും ചോരപ്പുഴകൾ ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഉടുപ്പൂരിയെ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നിൽ നിർദേശമായി ബഹുമാനപ്പെട്ട സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: