ന്യൂദല്‍ഹി: മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് ബംഗ്ലാദേശിലെ മുന്‍നിര ടെലിവിഷന്‍ ചാനലായ സോമോയ് ടിവി അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. ഷേഖ് ഹസീനയെയും അവാമി ലീഗിനെയും അനുകൂലിക്കുകയും രാജ്യത്തെ നടമാടുന്ന ന്യൂനപക്ഷവേട്ടക്കെതിരെ പ്രതികരിക്കുകയും ചെയ്തതിന്റെ പേരിലാണ് ഭീഷണി. ചീഫ് ഇന്‍പുട്ട് എഡിറ്റര്‍ ഒമര്‍ ഫറോക്ക്, ചീഫ് ഔട്ട്പുട്ട് എഡിറ്റര്‍ അരിഫുള്‍ സജ്ജാദ്, ഡിജിറ്റല്‍ ഹെഡ് കമാല്‍ ഷാരിയാര്‍, അസി. സ്പെഷ്യല്‍ ആങ്കര്‍ ദേബാഷിഷ് റേ, സീനിയര്‍ റിപ്പോര്‍ട്ടര്‍ ബുള്‍ബുള്‍ റെസ എന്നിവരെയാണ് പിരിച്ചുവിട്ടത്.
ബംഗ്ലാദേശിലെ ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് തുടക്കമിട്ട വിദ്യാര്‍ത്ഥി കലാപത്തിന്റെ സൂത്രധാരന്‍ ഹസ്നത്ത് അബ്ദുള്ളയുടെ സോഷ്യല്‍മീഡിയ സന്ദേശത്തെത്തുടര്‍ന്നാണ് ചാനലിനെതിരെ പ്രതിഷേധം ശക്തമായത്. സോമോയ് ടിവി നിക്ഷേപകരായ സിറ്റി ഗ്രൂപ്പിന്റെ ഓഫീസുകളിലേക്ക് അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും നടന്നിരുന്നു. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ അധികൃതര്‍ തീരുമാനിച്ചത്.
സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് ഫോറിന് കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഫോറിന് അഫയേഴ്സ് കറസ്പോണ്ടന്റ്സ് എന്നിവ പ്രസ്താവന പുറപ്പെടുവിച്ചു. പത്രസ്വാതന്ത്ര്യത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ്. ഹസ്നത്ത് അബ്ദുള്ളയ്ക്കും ഭീഷണിയുമായെത്തിയ ആള്‍ക്കൂട്ടത്തിനുമെതിരെ നടപടി വേണം. പിരിച്ചുവിട്ട അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും തുടരാനുള്ള സ്വാതന്ത്ര്യം നല്‍കണം, പ്രസ്താവന ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: