ന്യൂദല്‍ഹി: ചെന്നൈ അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ത്ഥി പീഡിപ്പിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഡിഎംകെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ദല്‍ഹി തമിഴ്നാട് ഭവനിലേക്ക് എബിവിപി മാര്‍ച്ച്. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഡിഎംകെ സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി.
സര്‍വകലാശാല കാമ്പസില്‍ പോലും വിദ്യാര്‍ത്ഥിനികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട സ്റ്റാലിന് സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ലജ്ജാകരമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖര്‍വാള്‍ പറഞ്ഞു. കുറ്റവാളികള്‍ രക്ഷപ്പെടാതിരിക്കാന്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം. എഫ്ഐആറിലെ വിവരങ്ങള്‍ പുറത്തുവന്നതിന് കാരണക്കാരായവര്‍ക്കെതിരെ അന്വേഷിച്ച് നടപടി എടുക്കണം. ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്, സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റു ചെയ്ത എബിവിപി പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നീതി ലഭ്യമാകുംവരെ വിദ്യാര്‍ത്ഥിനിക്കൊപ്പം ഉണ്ടാകുമെന്ന് എബിവിപി ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി പറഞ്ഞു. ദല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിങ്, സെക്രട്ടറി മിത്രവിന്ദ കരണ്‍വാള്‍ എന്നിവരും നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: