കൊച്ചി:കാക്കനാട്ട് എന്‍സിസി ക്യാമ്പിനിടെ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നുളള സംഘര്‍ഷത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി നിഷാദ്, ഫോര്‍ട്ട്കൊച്ചി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ക്യാമ്പിനെത്തിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആണ് ഇവര്‍. എന്‍സിസി ഓഫീസര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയിലാണ് അറസ്റ്റ്.
കേരള 21 എന്‍സിസി ബറ്റാലിയന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ ലെഫ്റ്റനന്റ് കര്‍ണയില്‍ സിംഗിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കേണല്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനെ മര്‍ദിച്ചതിന് പരാതി നല്‍കിയിരുന്നു.സ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിശോധിച്ചാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സൈനിക ഉദ്യോഗസ്ഥരെ മര്‍ദിച്ച കേസില്‍ അറസ്റ്റ് വൈകുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത് ഈ മാസം 23ന് ആണ്.എന്‍സിസി ക്യാമ്പില്‍ അറുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. 23ന് ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്.
തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ക്യാമ്പിലെത്തിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ എന്‍സിസി ക്യാമ്പ് പിരിച്ച് വിടുകയും അന്വേഷണത്തിന് ബ്രിഗേഡിയര്‍ റാങ്കിലുളള ഓഫീസറെ ചുമതലപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: