Sports

ചെസ് ആരാധകരെ വേദനിപ്പിച്ച് കാള്‍സന്‍; ഫിഡെയുടെ നിയമം ലംഘിച്ച് ജീന്‍സ് ധരിച്ചെത്തിയ കാള്‍സനെ ലോക റാപ്പിഡ് ചെസില്‍ നിന്നും പുറത്താക്കി

ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

Published by

ന്യൂയോര്‍ക്ക് സിറ്റി:  ജീന്‍സ് ധരിക്കുന്നത് സാധാരണമല്ലെ. അതില്‍ വിലക്കാനെന്തിരിക്കുന്നു എന്ന് ചോദിക്കാന്‍ വരട്ടെ. ചെസ്സ് മാന്യന്മാരുടെ കളിയാണ്. അതില്‍ ചില മര്യാദകളുണ്ട്. അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്ന അത്തരം നിയമങ്ങളില്‍ ഒന്ന് ചെസ് കളിക്കുമ്പോള്‍ ടൂര്‍ണ്ണമെന്‍റില്‍ ജീന്‍സ് ധരിക്കരുത് എന്നാണ്.

ഇക്കുറി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന വേള്‍ഡ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചെസ്സില്‍ എതിരാളികളില്ലെന്ന് കരുതപ്പെടുന്ന നോര്‍വ്വെയുടെ മാഗ്നസ് കാള്‍സന്‍ നിയമം ലംഘിച്ചു. ജീന്‍സ് ധരിച്ചെത്തിയപ്പോള്‍ എട്ടാം റൗണ്ടില്‍ മാച്ച് ആര്‍ബിറ്റര്‍ ആയ ഹോളോസാക് ഇനി ജീന്‍സ് ധരിച്ച് വരരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമം ലംഘിച്ചതിന് 200 ഡോളര്‍ പിഴയും ഈടാക്കി. എന്നിട്ടും അടുത്ത കളിയില്‍ വീണ്ടും ജീന്‍സ് ധരിച്ച് തന്നെ മാഗ്നസ് കാള്‍സന്‍ എത്തുകയായിരുന്നു. ഇതോടെയാണ് മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കിയത്.

അവിശ്വസനീയമായിരുന്നു ആ കാഴ്ച. ന്യൂയോര്‍ക്ക് സിറ്റിയിലെ ചെസ് മത്സര വേദിയില്‍ നിന്നും ജീന്‍സ് ധരിച്ച് വികാരവിക്ഷുബ്ധനായി ഇറങ്ങിപ്പോകുന്ന മാഗ്നസ് കാള്‍സന്റെ ചിത്രം. കാള്‍സന്റെ ഇറങ്ങിപ്പോക്കിനെ ക്യാമറയില്‍ പകര്‍ത്തി ചെസ് ആരാധകാരും മാധ്യമഫൊട്ടോഗ്രാഫര്‍മാരും. ചെസില്‍ എല്ലാക്കാലത്തും അപാരപ്രതിഭകള്‍ നിയമങ്ങളെയും നിയമം നടപ്പാക്കുന്ന സംഘടനകളെയും വെല്ലുവിളിക്കാറുണ്ട്. ഇത് അവരുടെ പ്രതിഭയുടെ വലിപ്പം കൊണ്ടായിരിക്കാം. അവര്‍ക്ക് കര്‍ശനമായ നിയമങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ പലപ്പോഴും കഴിയാറില്ല. പക്ഷെ ഫിഡെ പോലുള്ള ഇത്രയും വലിയ ഒരു സമിതിയെ തള്ളിക്കളഞ്ഞ് എത്ര പ്രതിഭാശാലിയായാലും മാഗ്നസ് കാള്‍സന് എത്ര ദൂരം മുന്നേറാനാകും? പണ്ട് ഇതുപോലെ അന്താരാഷ്‌ട്ര ചെസ് ഫെഡറേഷനെ നിഷേധിച്ച മറ്റൊരു പ്രതിഭാശാലി ചെസില്‍ ഉണ്ടായിരുന്നു. റഷ്യയിലെ ഗാരി കാസ്പറോവ്. പക്ഷെ ഫിഡെയെ നിഷേധിച്ചുകൊണ്ട് കാസ്പറോവിന് അധികദൂരം പോകാനായില്ല. ഒടുവില്‍ ഗാരി കാസ്പറോവ് തകര്‍ന്നു. ഇന്ന് ഫിഡെയുമായി മധ്യവയസ്കനായ ഗാരി കാസ്പറോവ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു, തന്റെ നല്ല യൗവനകാലം മുഴുവന്‍ സമരം ചെയ്ത് നശിപ്പിച്ച ശേഷം. മാഗ്നസ് കാള്‍സന് അത്തരമൊരു ഭാവി ഉണ്ടാവുക എന്നത് വേദനാജനകമാണ്. കാരണം ഇന്ന് ചെസ്സില്‍ ലോകത്തെ ഏറ്റവും പ്രതിഭാശാലിയായ താരമാണ് മാഗ്നസ് കാള്‍സന്‍. അഞ്ച്തവണ ലോകചാമ്പ്യനാവുകയും തനിക്ക് പോന്ന എതിരാളികളില്ലെന്ന് പ്രഖ്യാപിച്ച് ഇനി ലോകകിരീടത്തിന് വേണ്ടി മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് താരം. ക്ലാസിക്കിലും റാപിഡിലും ബ്ലിറ്റ്സിലും മാഗ്നസ് കാള്‍സന് തന്നെയാണ് ഏറ്റവും കൂടുതല്‍ ഇഎല്‍ഒ റേറ്റിംഗ് ഉള്ളത്. ക്ലാസിക്കല്‍ ചെസില്‍ 2831 ആണെങ്കില്‍, റാപിഡില്‍ 2838ഉം ബ്ലിറ്റ്സില്‍ 2890ഉം.

എന്നാല്‍ ഇക്കുറി വേള്‍ഡ് റാപ്പിഡ് ടൂര്‍ണ്ണമെന്‍റില്‍ കാള്‍സന്‍ തീരെ ഫോമിലായിരുന്നില്ല. അഞ്ചാം റൗണ്ടില്‍ ബെലാറസ് ഗ്രാന്‍റ് മാസ്റ്ററായ ഡെനിസ് ലാസവികില്‍ നിന്നും മാഗ്നസ് കാള്‍സന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എട്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ കാള്‍സന് അഞ്ച് പോയിന്‍റേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ മാഗ്നസ് കാള്‍സന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷമായി ലോക റാപിഡിലും ബ്ലിറ്റ്സിലും ഇരട്ടക്കിരീടം നേടിയിരുന്ന മാഗ്നസ് കാള്‍സന് ഇക്കുറി കിരീടം നിലനിര്‍ത്താനാവില്ലെന്ന് ഉറപ്പായിരുന്നു. അതും മനപൂര്‍വ്വം ജീന്‍സ് ധരിച്ചെത്തി വിവാദമുണ്ടാക്കി ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്തുപോകാനുള്ള കാള്‍സന്റെ അടവാണെന്നും വിശ്വസിക്കുന്നവരുണ്ട്. എന്തായാലും ടൂര്‍ണ്ണമെന്‍റില്‍ നിന്നും എട്ടാം റൗണ്ടില്‍ പുറത്താക്കിയതോടെ ഒമ്പതാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെ ഉള്‍പ്പെടുത്തിയില്ല.

“ന്യൂയോര്‍ക്ക് സിറ്റി അദ്ദേഹം നിയമം പാലിക്കാന്‍ തയ്യാറായില്ല. അതിനാല്‍ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. മാഗ്നസ് കാള്‍സന്റെ ഇന്നത്തെ തീരുമാനം വൈകാരികമായ ഒന്നാണോ എന്ന് തോന്നി. ഒത്തുപോകാന്‍ മാഗ്നസ് കാള്‍സന്‍ തയ്യാറായിരുന്നില്ല.” – മാഗ്നസ് കാള്‍സനെ ടൂര്‍ണ്ണമെന്‍റില്‍ നിന്നും പുറത്താക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് ഫിഡെ വൈസ് പ്രസിഡന്‍റ് കൂടിയായ വിശ്വനാഥന്‍ ആനന്ദ് പറഞ്ഞു. “ഒമ്പതാം റൗണ്ടില്‍ കളിക്കുന്നതിന് മുന്‍പ് ജീന്‍സ് മാറ്റിയാല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ട് പോകാമെന്ന് മാച്ചിലെ മധ്യസ്ഥന്‍ പറഞ്ഞതാണ്. എന്നാല്‍ കാള്‍സന്‍ കേട്ടില്ല. അതോടെ ആര്‍ബിറ്റര്‍ അദ്ദേഹത്തെ കളിയില്‍ നിന്നും പുറത്താക്കി. നിയമം പൂര്‍ണ്ണമായും പാലിക്കുന്ന തീരുമാനമായതിനാല്‍ ഞങ്ങള്‍ക്കും ആര്‍ബിറ്റര്‍ക്ക് ഒപ്പം നില്‍ക്കേണ്ടി വന്നു.”- വിശ്വനാഥന്‍ ആനന്ദ് തുടര്‍ന്നു.

ആകെ 13 റൗണ്ടുകളുള്ള റാപ്പിഡില്‍ പുരുഷവിഭാഗത്തില്‍ റഷ്യന്‍ ഗ്രാന്‍റ് മാസ്റ്ററായ വൊളോഡര്‍ മുര്‍സിന്‍ ആണ് ചാമ്പ്യനായത്. ആകെയുള്ള 13 റൗണ്ടുകളില്‍ 10 പോയിന്‍റ് വൊളോഡിര്‍ മുര്‍സിന്‍ സ്വന്തമാക്കി. വെറും 18 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി 9 പോയിന്‍റ് നേടി മൂന്നാം സ്ഥാനത്തെത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക