കൊച്ചി : മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ രാജ്യമെമ്പാടും ഔദ്യോഗിക ദുഃഖാചരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിലെ പുതുവത്സര പരിപാടികൾ റദ്ദാക്കിയത്.
കാർണിവൽ കമ്മിറ്റി നേരിട്ട് നടത്തുന്ന പരിപാടികളാണ് റദ്ദാക്കിയത്. പുതുവത്സര ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന റാലിയും ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതും റദ്ദാക്കിയിട്ടുണ്ട്. കൊച്ചി കാർണിവലിന്റെ ഭാഗമായി പരേഡ് മൈതാനിയിൽ 50 കോടി ഉയരമുള്ള പാപ്പാഞ്ഞിയെയും വെളി മൈതാനത്ത് 42 അടി ഉയരമുള്ള പാപ്പാഞ്ഞിയെയുമാണ് കത്തിക്കാൻ തീരുമാനിച്ചിരുന്നത്.
ഫോർട്ട് കൊച്ചി വെളി മൈതാനത്ത് നടക്കുന്ന പരിപാടികൾ നടക്കും. ഗലാഡി ഫോർട്ട് കൊച്ചിയുടെ നേതൃത്വത്തിലാണ് ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പരിപാടികൾ നടക്കുന്നത്. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന റാലി ഉൾപ്പെടെയുള്ള പരിപാടികൾ ജനുവരി രണ്ടിലേക്ക് മാറ്റിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി അംഗങ്ങൾ കളക്ടറെ കാണും. ഗലേഡി ഫോർട്ട് കൊച്ചി നടത്താനിരുന്ന പരിപാടികൾക്ക് മാറ്റമില്ല.
ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ബാരിക്കേഡ് ഉൾപ്പെടെ സ്ഥാപിക്കണമെന്ന ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്.
പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന പോലീസ് നിർദേശം ചോദ്യം ചെയ്ത് സംഘാടകരായ ഗലാഡി ഫോർട്ട് കൊച്ചി സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: