വിശ്വചതുരംഗ വിജയിയായി പ്രഖ്യാപിക്കപ്പെട്ട ഡി. ഗുകേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ധാരാളം വിവരങ്ങള്‍ ഏതാനും ദിവസങ്ങളായി പത്രങ്ങളില്‍ നിറഞ്ഞുനിന്നു. അതു സ്വാഭാവികമാണു താനും. ഇപ്പോള്‍ ചതുരംഗം എന്നു പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകുകയില്ല. ചെസ് എന്നു വേണം പറയാന്‍. ലോക ചതുരംഗ വിജയി ഗുകേഷിനും അച്ഛന് ഡോ. രജനീകാന്തനും അമ്മ പദ്മകുമാരിക്കും തീര്‍ച്ചയായും അഭിമാനിക്കാനും ആഹ്ലാദിക്കാനും അവകാശമുണ്ട്. മുമ്പ് വിശ്വനാഥന് ആനന്ദ് വിശ്വവിജയി ആയപ്പോഴും നമ്മുടെ നാട്ടില്‍ സമാനമായ ആഹ്ലാദപ്രകടനമുണ്ടായിരുന്നു. ആനന്ദ് ചെറിയ കുട്ടിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മാമിയുടെ മഠത്തില്‍ വന്നത് തൊടുപുഴക്കാര്‍ ഓര്‍ക്കാനിടയില്ല. അതിനിടെ പ്രജ്ഞാനന്ദ എന്ന 10 വയസ്സുകാരന് ചെസ് മാന്ത്രികനെക്കുറിച്ചു വാര്‍ത്തകള്‍ കാണാനിടയായി. പ്രജ്ഞാനന്ദനെന്നല്ല ഇംഗ്ലീഷു പത്രങ്ങളും അവയെ അനുകരിച്ച മലയാള പത്രങ്ങളും പ്രഗ്യാനന്ദനെന്നാണു അച്ചടിച്ചത്. ഔത്തരാഹ ഭാഷകളില്‍ ജ്ഞ എന്ന ശബ്ദവും അക്ഷരവുമില്ല. ‘ഗ്യാ’ എന്നാണവര്‍ പറയുന്നതും എഴുതുന്നതും. വര്‍ഷങ്ങള്‍ക്കു മുമ്പ് സംഘശിക്ഷാ വര്‍ഗില്‍ ശിക്ഷണത്തിനു പോയപ്പോള്‍ ബാബാ സാഹിബ് ആപ്ടേ എന്ന മുതിര്‍ന്ന സംഘാധികാരിയുടെ ബൗദ്ധിക്കിലാണ് ഞാന്‍ ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. അദ്ദേഹത്തോടക്കാര്യം പറഞ്ഞപ്പോള്‍ ദക്ഷിണഭാരതത്തിലെപ്പോലെ വടക്കുള്ളവര്‍ക്ക് പേര്‍ഷ്യന്‍, ഉറുദു ഭാഷകളുടെ സ്വാധീനം മൂലം ജ്ഞ എന്ന വാക്കിന്റെ ഉച്ചാരണം ശരിയായി പറയാന്‍ കഴിയുന്നില്ല എന്നാണ് പറഞ്ഞത്. അതേസമയം ശ്രീഗുരുജി ‘ജ്ഞ’ കൃത്യമായി ഉച്ചരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.
ചെസ്സിനെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്. എന്റെ ചെറുപ്പത്തില്‍ അതിന് ചതുരംഗം എന്നാണ് പറയാറ്. അതു നാട്ടിന്പുറത്തു വ്യാപകമായി കളിച്ചുവന്നു. വിശ്വനാഥന് ആനന്ദ് വിശ്വവിജയിയായപ്പോഴാണ് ചെസ്സ് പുതിയ തലമുറക്കാര്‍ ശീലമാക്കിത്തുടങ്ങിയത്. എന്റെ മക്കള്‍ക്കും ഒരു ചെസ് ബോര്‍ഡ് വാങ്ങിക്കൊടുത്തിരുന്നു. അവരും കൂട്ടുകാരും അതു കുറേക്കാലം കളിച്ചു നടന്നു. ഒരിക്കല്‍ സംഘപ്രചാരകന് ചിറ്റൂര്‍ ശങ്കരന് വീട്ടില്‍ വന്നപ്പോള്‍ അവരുടെ കൂടെ കളിച്ചു. അദ്ദേഹത്തിന്റെ കരുനീക്കങ്ങള്‍ അവരെ അമ്പരപ്പിച്ചു കളഞ്ഞു.
എന്റെ ചെറുപ്പകാലത്തു തറവാട്ടു വീട്ടിലെ അപ്പൂപ്പനും സുഹൃത്തുക്കളും ചതുരംഗം കളിക്കാനിരുന്നാല്‍ രണ്ടും മൂന്നും ദിവസം രാപകലില്ലാതെ അതു തുടരുകയായിരുന്നു. ആശാരിയെക്കൊണ്ടുണ്ടാക്കിയ ചതുരംഗപ്പലകയും കരുക്കളുമാണവരുപയോഗിച്ചത്. അമ്പലത്തിലെ ഉത്സവത്തിനിടയ്ക്കും പലയിടങ്ങളിലും കളി കണ്ടിട്ടുണ്ട്. നിലത്തുതന്നെ കള്ളികള്‍ വരച്ചും, വാഴക്കൈ കൊണ്ടു കരുക്കല്‍ വെട്ടിയെടുത്തുമാവും കളി. വാഴക്കൈയിലെ ഇലഭാഗം നീക്കി പിച്ചാംകത്തികൊണ്ട് മുറിച്ചു കരുക്കള്‍ ഉണ്ടാക്കുന്നത് ഒരു കല തന്നെ. വാഴക്കൈയുടെ അകവും പുറവും തിരിച്ചുപിടിച്ചു മുറിച്ചാണ് ഇരുവശത്തേക്കും കരുക്കളുണ്ടാക്കുക. അങ്ങേയറ്റത്തെ മേധാശക്തിയും ക്ഷമയും അടവുകളും ആവശ്യമുള്ള കളിയാണ് ചതുരംഗം. ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാരുമായിക്കഴിയുന്നതെങ്ങനെയെന്നു കണ്ടെത്താന്‍ നാരദ മഹര്‍ഷി ദ്വാരകയില്‍ പോയ കഥ കുഞ്ചന്‍ നമ്പ്യാര്‍ വിവരിക്കുന്നതിനിടെ ഒരു കൊട്ടാരത്തില്‍ ”ചതുരന് കൃഷ്ണനുമൊരു സുന്ദരിയും ചതുരംഗം വെക്കുന്നതു കണ്ടു” എന്നാണ് പറഞ്ഞത്. നമ്മുടെ മലയാള സാഹിത്യത്തിന്റെ തുടക്കക്കാലത്തെ ഐതിഹ്യപ്രകാരം കോലത്തുനാട്ടിലെ രാജാവും പൂന്താനം നമ്പൂതിരിയും ചതുരംഗം കളിക്കുന്നതിനിടയില്‍, രാജാവ് അടിയറവാകുമെന്ന സ്ഥിതിവന്നപ്പോള്‍, അടുത്തുതന്നെ കുഞ്ഞിനെ തൊട്ടിലാട്ടി നിന്ന കെട്ടിലമ്മ ”ഉന്തുന്തുന്തുന്തുന്തുന്തുന്തു ന്താളേയുന്ത്” എന്നു പാടുകയും അതനുസരിച്ച് കരുനീക്കിയ രാജാവ് ജയിക്കുകയും കല്പനപ്രകാരം പൂന്താനം ആ താരാട്ടുരീതിയില് ഗാഥ രചിക്കുകയും അതു മലയാള കവിതാ ചരിത്രത്തിലും സാഹിത്യത്തിലും പുതിയ അധ്യായത്തിനു തുടക്കം കുറിക്കുകയും ചെയ്തുവെന്നാണല്ലൊ ഐതിഹ്യം.
ചതുരംഗത്തെപ്പറ്റി വേറെയും ചില കഥകള്‍ വായിച്ചതോര്‍ക്കുന്നു. വണ്‍ ടു ത്രീ ഇന്‍ഫിനിറ്റി എന്ന പുസ്തകം പണ്ടെന്നോ വായിച്ചതാണ്. സംഭവം നടന്നത് ഗാന്ധാരദേശത്താണ്. ഖാണ്ഡഹാര്‍ എന്ന് ഇന്നറിയപ്പെടുന്ന സ്ഥലം. അവിടം മഹാഭാരതകാലത്തു തന്നെ പ്രസിദ്ധമായിരുന്നു. ജന്മനാ അന്ധനായിരുന്ന ധൃതരാഷ്ട്രന്റെ പത്നിയായി വന്ന ഗാന്ധാരിയുടെ നാട്. ഗാന്ധാര രാജധാനിയില്‍ വലിയ പണ്ഡിത സദസ്സു നടക്കുമായിരുന്നു. ഈജിപ്തില്‍ എട്ടിനെക്കാള് വലിയ സംഖ്യ ഒന്‍പതാണെന്നു കണ്ടെത്തി പറഞ്ഞയാള്‍ക്കു രാജകീയ ബഹുമതി ലഭിച്ചു. വേദമന്ത്രങ്ങള്‍ ജപിക്കുന്നതിന്റെ എണ്ണം കണക്കാക്കാനായി പെരുവിരല്‍ കൊണ്ടു മറ്റു വിരലുകളില്‍ തൊടുമ്പോള്‍ ഒന്‍പതു കഴിയുമ്പോള്‍ വിരലിനറ്റം വൃത്തം പൂര്‍ത്തിയാക്കുന്നതിനാല്‍ അതു ഒന്നിനോടു ചേര്‍ത്ത് പത്ത് എന്നാക്കിയതു കാശിയിലെ പണ്ഡിതന്മാരായിരുന്നു. അങ്ങനെ പൂജ്യം എന്ന സങ്കല്പനം ഉണ്ടായി. ഗണിതത്തിലെ വിപ്ലവം സൃഷ്ടിച്ച കണ്ടെത്തലായിത്തീര്ന്നു അത്.
ഗാന്ധാരത്തില്‍ ഈ വിവരവുമായെത്തിയ പണ്ഡിതനോട് ഇതിന് എന്തു സമ്മാനമാണ് വേണ്ടതെന്നന്വേഷിച്ച രാജാവിനോട് അദ്ദേഹം പറഞ്ഞത് ചതുരംഗപ്പലകയുടെ ഒന്നാം കളത്തില്‍ ഒരു ഗോതമ്പുമണിയും രണ്ടാം കളത്തില്‍ രണ്ടു മണി, മൂന്നില്‍ നാല്, നാലില്‍ എട്ട് എന്നിങ്ങനെ പലക നിറയ്ക്കാന്‍ കഴിയുന്നവിധം ഇരട്ടിപ്പിച്ചു തന്നാല്‍ മതിയെന്നായിരുന്നു. അതു കൊടുക്കാന്‍ രാജാവ് ഉടന്‍ കല്പന നല്കി. എന്നാല്‍ അതു അസാധ്യവും രാജ്യസമ്പത്തിനെ ശൂന്യമാക്കുമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ പുരോഹിതന് വളരെ പാടുപെടേണ്ടിവന്നു.
പാശ്ചാത്യരീതിയില്നിന്നു വ്യത്യസ്തമായി ഭാരതീയ രീതി തികഞ്ഞ യുദ്ധശാസ്ത്രാധിഷ്ഠിതമാണ്. രാജാവ്, മന്ത്രി, ആന, കുതിര, തേര്, കാലാള്‍ എന്ന തികച്ചും സൈനിക സങ്കല്പമാണതില്. ചെസ്സിലാകട്ടെ അതില്‍ ബിഷപ് കടന്നുവരുന്നു. വൈക്കത്തിനടുത്തു ഉദയനാപുരത്ത് മുമ്പ് ശാഖയില്‍ സുരേന്ദ്രന് എന്ന സ്വയംസേവകനുണ്ടായിരുന്നു. ജ്യോതിഷം സ്വന്തം ജോലിയും ചതുരംഗം ഇഷ്ടവുമായിരുന്നു. ഇതുമായി ബന്ധപ്പെട്ടു തര്‍ക്കത്തിലേര്‍പ്പെടുന്നതു അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. ക്ഷേത്രപ്രശ്നം നടക്കുന്നിടത്തു ചെന്നിരുന്ന് വാദിച്ച് രംഗങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍, അദ്ദേഹത്തെ പലരും ശല്യമായി കരുതി. ചതുരംഗത്തെക്കുറിച്ചദ്ദേഹമെഴുതിയ സുദീര്‍ഘമായ കത്ത് ഞാന്‍ വളരെക്കാലം സൂക്ഷിച്ചുവെച്ചിരുന്നു.
രണ്ടു വാഴക്കൈകളും ഒരു കരിക്കട്ടയും ഉണ്ടെങ്കില്‍ നിലത്തു കളംവരച്ച് കളിക്കാന്‍ കഴിയുന്ന ലോകോത്തര വിനോദമാണ് ചതുരംഗം. അതിന്റെ ആരംഭം ഭാരതത്തിലായിരുന്നു എന്നതിനു സംശയമില്ല. വാരാണസിയിലെ പുരോഹിതരാണോ ഗാന്ധാരത്തിലെ രാജസഭയിലാണോ, പാടലീപുത്രത്തിലാണോ, കേരളത്തിലെ സംഗമഗ്രാമത്തിലാണോ, കാഞ്ചീപുരത്താണോ അതിന്റെ തുടക്കം എന്നത് പ്രസക്തമല്ല. തികഞ്ഞ യുദ്ധതന്ത്രമാണതിന്റെ അടിസ്ഥാനം. വിശ്വനാഥന് ആനന്ദും ഗുകേഷും, പ്രജ്ഞാനന്ദനും അതിന്റെ ഉന്നതതലത്തില്‍ വിരാജിക്കുന്ന ഭാരതീയ പ്രതിഭകളാണ് എന്നത് നമുക്കെല്ലാം അഭിമാനകരം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: