തിരുവനന്തപുരം: ജില്ലാ കലോത്സവത്തില്‍ കുട്ടികളുടെ കണ്ണീരു വിറ്റ് സര്‍ക്കാര്‍ നേടുന്നത് ഒന്നരകോടിയിലധികം രൂപ. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പങ്കെടുക്കുന്നതിനായി റവന്യൂ ജില്ലകളില്‍ നിന്നും അപ്പീലിനത്തില്‍ മാത്രം ഖജനാവിലെത്തിയത് 78.30 ലക്ഷം രൂപ. റവന്യൂ ജില്ലാ കലോത്സവത്തില്‍ വിധി നിര്‍ണയത്തിലെ അപാകതകള്‍ ഉയര്‍ന്നതോടെ കുട്ടികള്‍ കണ്ണീരോടെയാണ് അപ്പീല്‍ നല്കി മടങ്ങിയത്.
സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപ്പീല്‍തുക 2000ല്‍ നിന്നും 5000 ആയി വര്‍ദ്ധിപ്പിച്ചത് ഈ വര്‍ഷമാണ്. 14 വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും കൂടി 1566 അപ്പീലുകളാണ് ലഭിച്ചത്. ഈ ഇനത്തില്‍ 78,30,000 രൂപ ലഭിച്ചു. 248 അപ്പീലുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതാകട്ടെ 15 ശതമാനത്തില്‍ താഴെമാത്രവും. ഇവര്‍ക്ക് മാത്രം അപ്പീലിന് കെട്ടിവച്ച 5000 രൂപ തിരികെ നല്‍കും. എന്നാല്‍ അവിടം കൊണ്ട് അവസാനിക്കുന്നില്ല. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അപ്പീല്‍ അനുവദിച്ചാലും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ നിരത ദ്രവ്യമായി കെട്ടിവയ്ക്കണം. ജില്ലയില്‍ നിന്നും വിജയിച്ച് എത്തിയ കുട്ടിയെക്കാള്‍ സംസ്ഥാന കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് ലഭിച്ചാല്‍ മാത്രമേ കെട്ടിവച്ച തുകയും ഗ്രേഡും ലഭിക്കുകയുള്ളൂ. പഴയ കണക്കുകള്‍ പരിശോധിച്ചാല്‍ 30 ശതമാനംപേര്‍ക്കുപോലും പോയിന്റ് നില മെച്ചപ്പെടുത്താനായിട്ടില്ല. അപ്പീല്‍ പണം തിരികെ ലഭിച്ചവര്‍ വിരളമാണ്.
ഈവര്‍ഷത്തെ 248 അപ്പീലുകളിലും കൂടി മത്സരത്തില്‍ പങ്കെടുക്കാന്‍ കെട്ടിവയ്ക്കുന്നത് 24.80 ലക്ഷമാണ്. കോടതികള്‍, ബാലവകാശകമ്മിഷന് ഉള്‍പ്പെടെയുള്ള കമ്മിഷനുകളില്‍ നിന്നുള്ള വിധികളോടെ വന്നാലും മത്സരത്തില്‍ പങ്കെടുക്കാന്‍ 10000 രൂപ കെട്ടിവയ്ക്കണം. ആ തുകയും പോയിന്റ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ സമാനരീതിയില്‍ കലോത്സവ കമ്മിറ്റിക്ക് ലഭിക്കും. സംസ്ഥാന കലോത്സവത്തിലെ വിധി നിര്‍ണയത്തില്‍ ഹയര്‍ അപ്പീല്‍ നല്‍കാനും 10000 രൂപ കെട്ടിവയ്ക്കണം. അപ്പീലില്‍ എത്തിയ കുട്ടിക്ക് ഹയര്‍ അപ്പീല്‍ നല്കി വിജയിച്ചെത്തിയ കുട്ടിയേക്കാള്‍ പോയിന്റ് ലഭിച്ചില്ലെങ്കില്‍ ഇരുപതിനായിരം ആകും കലോത്സവ കമ്മിറ്റിക്ക് ലഭിക്കുക.
സ്കൂളില്‍ നിന്നും ഉപജില്ലയിലേക്കുള്ള അപ്പീല്‍തുക 500ല്‍ നിന്നും 1000 ആയും ഉപജില്ലയില്‍ നിന്നും റവന്യൂ ജില്ലയിലേക്കുള്ള അപ്പീലിന് 1000 എന്നത് 2000 രൂപയായും ഈവര്‍ഷം വര്‍ദ്ധിപ്പിച്ചിരുന്നു. ഈ ഇനത്തിലും ലക്ഷങ്ങള്‍ കലോത്സവ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാംകൂടി ഒന്നരകോടിയിലധികം തുക കുട്ടികളുടെ കൈയില്‍ നിന്നും അപ്പീലുവഴി കലോത്സവ ഫണ്ടിലേക്ക് ലഭിക്കും. അപ്പീലുകളുടെ എണ്ണം കുറയ്ക്കാനാണ് തുക വര്‍ദ്ധിപ്പിച്ചതെങ്കിലും അപ്പീലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല. വിധി നിര്‍ണയത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നെങ്കിലും തുക വര്‍ദ്ധിപ്പിച്ചതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് അപ്പീല്‍ നല്കാനാകാതെ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: