തൃശൂര്‍: പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിന് ക്ലീൻ ചിറ്റ് നൽകി പോലീസ് റിപ്പോര്‍ട്ട്. വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് കാണിച്ചാണ് പോലീസ് റിപ്പോർട്ട് നൽകിയത്.
രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. ഇക്കാര്യത്തിൽ എസ്ഐയ്‌ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഈ ആവശ്യം ഉള്‍പ്പെടെ തള്ളികൊണ്ട് വിജിത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് പോലീസ് നൽകിയത്.
വിജിത്ത് ചെയ്തത് നിയമപരമായി ശരിയാണെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലാത്തിനാലാണ് തടഞ്ഞതെന്നുമാണ് പോലീസ് പറയുന്നത്. നിലവിൽ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്ഐ ആയി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എസ്.ഐയെ സസ്പെൻഡ് ചെയ്ത് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും പള്ളി അധികൃതർ പരാതി നൽകി.
മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ക്രിസ്തുമസ് തിരുക്കർമ്മങ്ങൾക്ക് എത്തുന്നതിന് തൊട്ടുമുമ്പാണ് എസ്ഐ പരിപാടി തടഞ്ഞ സംഭവം ഉണ്ടായത്. സംഭവം വിവാദമായതിന് പിന്നാലെ വിജിത്ത് അവധിയിൽ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് ശബരിമല ഡ്യൂട്ടിയിൽ പ്രവേശിച്ചത്.
തിരുകർമ്മങ്ങൾക്ക് മുമ്പായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ എല്ലാ കൊല്ലവും കാരൾ ഗാനങ്ങൾ ഇടവക അംഗങ്ങൾ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: