മുംബൈ: ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ സിഗരറ്റ് വലിച്ചതിന് കണ്ണുർ സ്വദേശിക്കെതിരെ കേസെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ. അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരനായിരുന്ന മുഹമ്മദ് ഒറ്റപിലാക്കൂലിന് (26) എതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ പക്കൽ നിന്നും ആറ് സിഗരറ്റുകൾ ജീവനക്കാർ കണ്ടെടുത്തു.
വിമാനമിറങ്ങിയതിന് ശേഷം തുടർനടപടികൾക്കായി സുരക്ഷാജീവനക്കാർ മുഹമ്മദിനെ കൈമാറി. തുടർന്ന് സഹാർ പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസെടുത്ത് നോട്ടിസ് നൽകി വിട്ടയച്ചു. നാല് മാസം മുൻപാണ് ഇയാൾ അബുദാബിയിലേക്ക് പോയത്. യുവാവ് ശുചിമുറിയിൽ വച്ച് പുക വലിച്ചെന്ന് സമ്മതിക്കുകയും വിമാനത്തിൽ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പറഞ്ഞു.
വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെയാണ് ജീവനക്കാർ പരിശോധന നടത്തിയത്. ഇതിനുമുൻപും ഇൻഡിഗോ വിമാനത്തിൽ സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ദൽഹിയിൽ നിന്ന് പൂനെയിലേക്ക് പുറപ്പെട്ട വിമാനത്തിൽ പുക വലിച്ചതിന് 38കാരനെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക