തിരുവനന്തപുരം: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം നാളെ സാക്ഷ്യം വഹിക്കാനൊരുങ്ങുന്ന നൃത്തവിസ്മയത്തിന് ഭരതനാട്യ ചുവടുകളുമായി 12,000 നര്‍ത്തകരോടൊപ്പം കൊഞ്ചിറവിള കവിത ഡാന്‍സ് അക്കാദമിയിലെ നര്‍ത്തകരും. നൃത്താധ്യാപിക കവിത പ്രദീപിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് അക്കാദമി പ്രവര്‍ത്തിക്കുന്നത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള കലാപ്രകടനത്തില്‍ അമ്മമാരും കുട്ടികളും ഉള്‍പ്പെടെ 84 പേര്‍ പങ്കെടുക്കും. മൃദംഗ വിഷനാണ് മൃദംഗനാദം 2024 എന്ന പേരില്‍ മഹാഭരതനാട്യം സംഘടിപ്പിക്കുന്നത്. പരിപാടി നാളെ വൈകിട്ട് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് അദ്ദേഹത്തിന്റെ മകന്‍ ദീപാങ്കുരന്‍ സംഗീതം നല്‍കി പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ പാടിയ പാട്ടിന്റെ പശ്ചാത്തലത്തിലാണ് നൃത്തം അരങ്ങേറുന്നത്. നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയാണ് പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ഇതിനുമുമ്പ് തമിഴ്‌നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റെക്കോഡുള്ളത്. ഇത് മറികടക്കാനാണ് സംഘാടകരുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: