ന്യൂദൽഹി: ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ ലംഘിച്ച് ആറ് വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ചിരുന്ന 28 കാരിയായ ബംഗ്ലാദേശി യുവതിയെ ദൽഹി പോലീസിന്റെ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്റ്റിലെ ആൻ്റി നാർക്കോട്ടിക് വിഭാഗം നാടുകടത്തി. രാജ്യത്ത് യുവതിയുടെ അനധികൃത താമസത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ദൽഹി പോലീസ് അറിയിച്ചു.
പരിശോധനയിൽ സൊണാലി ഷെയ്ഖ് എന്ന സ്ത്രീയുടെ വിസ കാലാവധി കഴിഞ്ഞെന്നും അനധികൃത താമസക്കാരിയായി കഴിയുകയായിരുന്നെന്നും പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നത് ഉറപ്പാക്കാൻ യുവതിയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.
നേരത്തെ അനധികൃത കുടിയേറ്റ റാക്കറ്റുമായി ബന്ധപ്പെട്ട് അഞ്ച് ബംഗ്ലാദേശി പൗരന്മാരടക്കം 11 പേരെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വെബ്‌സൈറ്റ് വഴി വ്യാജ ആധാർ കാർഡുകളും വോട്ടർ ഐഡികളും മറ്റ് വ്യാജരേഖകളും ഉണ്ടാക്കുന്നതായിരുന്നു സംഘം. പ്രതികളിലൊരാൾ വ്യാജ ആധാർ കാർഡുകളും വോട്ടർ ഐഡികളും മറ്റ് വ്യാജ രേഖകളും തയ്യാറാക്കി ബംഗ്ലാദേശ് പൗരന്മാരിൽ നിന്നും 15,000 രൂപ ഈടാക്കിയതായും പോലീസ് പറഞ്ഞു.
അതേ സമയം ദേശീയ തലസ്ഥാനത്ത് താമസിക്കുന്ന അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കാൻ രണ്ട് മാസത്തെ സ്പെഷ്യൽ ഡ്രൈവ് ആരംഭിക്കാൻ ദൽഹി ലെഫ്റ്റനൻ്റ് ഗവർണർ ചീഫ് സെക്രട്ടറിക്കും പോലീസ് കമ്മീഷണർക്കും നിർദ്ദേശം നൽകിയിരുന്നു.
ദൽഹി പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് നഗരത്തിലുടനീളം ഇതുവരെ 1,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഡോർ ടു ഡോർ വെരിഫിക്കേഷൻ, രേഖകളുടെ സൂക്ഷ്മപരിശോധന, ചോദ്യം ചെയ്യൽ എന്നിവ ഉൾപ്പെട്ടതായിരുന്നു പോലീസ് ഓപ്പറേഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: