തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങള്‍ക്ക് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കം ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയും വിശ്വാസി സമൂഹത്തെ അവഹേളിക്കലുമാണെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമുള്‍പ്പെടെ 35 മഹാക്ഷേത്രങ്ങളില്‍ നല്കി വരുന്ന ഗാര്‍ഡ്ഓഫ് ഓണറിന് പണം ഈടാക്കല്‍, ആന എഴുന്നള്ളത്തും ഉത്സവങ്ങളിലെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കല്‍ തുടങ്ങിയവയിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇവര്‍ക്കു കീഴ്‌പ്പെടുന്ന ആചാര്യന്മാരും ജുഡീഷ്യല്‍ സംവിധാനങ്ങളും ആരാധനയിലൂടെ ഹിന്ദുഐക്യം രൂപപ്പെടുന്നതിനു തടസം നില്‍ക്കുകയാണ്. മൃഗസ്‌നേഹത്തിന്റെ പേരില്‍ ആനയെഴുന്നള്ളത്തിനു തടസം നില്‍ക്കുന്നവര്‍ ഇതര മതസ്ഥരുടെ വിശേഷ ദിവസങ്ങളില്‍ മൃഗങ്ങളെ കശാപ്പുചെയ്ത് പരിഷ്‌കൃത സമൂഹത്തിനു ചേരാത്തവിധം കബന്ധങ്ങള്‍ ബീഭത്സമായി പ്രദര്‍ശിപ്പിക്കുന്നതിനെ എതിര്‍ക്കാറില്ല. ഇതിനെതിരേ നടപടിയെടുക്കാത്ത സര്‍ക്കാരും ജുഡീഷ്യല്‍ സംവിധാനങ്ങളും, ആരാധനയോടെ കാണുന്ന ആനയെഴുന്നള്ളത്തിനെതിരേ നില്‍ക്കുന്നത് ക്ഷേത്രോത്സവങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ്. പൂജാദ്രവ്യങ്ങളായ എണ്ണ, കര്‍പ്പൂരം, ചന്ദനം, ഭസ്മം തുടങ്ങിയവയില്‍ മാരക വിഷാംശം കലരുന്നതു പരിശോധിച്ച് നടപടിയെടുക്കാത്തവര്‍ ക്ഷേത്രോത്സവങ്ങളെ നിയന്ത്രിക്കാനിറങ്ങുന്നത് ഗൂഢാലോചനയാണ്. കേരളീയ സംസ്‌കാരത്തിന്റെ ഭാഗമായ ഓണാഘോഷം, സരസ്വതിപൂജ, ഗണപതി ഹോമം, നിലവിളക്കു കൊളുത്തല്‍, ഭൂമിപൂജ തുടങ്ങിയവയെ ആക്ഷേപിക്കുന്നതും പതിവായിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ വിവിധ ഹിന്ദുസംഘടനകള്‍, ഹിന്ദുസമുദായ നേതാക്കള്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചേര്‍ന്നു രൂപീകരിച്ച ക്ഷേത്രോത്സവ ആചാര സംരക്ഷണ സമിതി ദക്ഷിണ മേഖലാ കണ്‍വന്‍ഷന്‍ നാളെ വൈകിട്ട് മൂന്നിന് പാഞ്ചജന്യം ഹാളില്‍ സംഘടിപ്പിക്കുമെന്നും ഹിന്ദുഐക്യവേദി നേതാക്കള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ് (ക്ഷേത്രോത്സവ ആചാര സംരക്ഷണ സമിതി ദക്ഷിണ മേഖലാ സംയോജകന്‍), ഹിന്ദുഐക്യവേദി സംസ്ഥാന സെകട്ടറിമാരായ കെ. പ്രഭാകരന്‍, സന്ദീപ് തമ്പാനൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി, വര്‍ക്കിങ് പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: