India

വിദ്യാലയ നടത്തിപ്പ് ഈശ്വരീയമാവണം: ഡോ. മോഹന്‍ ഭാഗവത്

Published by

ചന്ദ്രപൂര്‍ (മഹാരാഷ്‌ട്ര): വിദ്യാലയ നടത്തിപ്പിനോട് സേവാ മനോഭാവമാണ് വേണ്ടതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിദ്യാഭ്യാസവും ആരോഗ്യവും ഇപ്പോള്‍ ചെലവേറിയതാണ്, ചിലര്‍ പണം സമ്പാദിക്കാനുള്ള ആഗ്രഹത്തോടെ സ്‌കൂളുകള്‍ നടത്തുന്നു. എന്നാല്‍ സേവന ഭാവത്തില്‍ ഒരു സ്‌കൂള്‍ നടത്തുക എന്നത് ഈശ്വരീയമാണ്. ഈ വ്രതാനുഷ്ഠാനം അച്ചടക്കത്തോടെയും ഭക്തിയോടെയും ചെയ്യേണ്ടതാണ്, അദ്ദേഹം പറഞ്ഞു. സന്‍മിത്ര സൈനിക വിദ്യാലയ വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാലയ പ്രവര്‍ത്തനം മാനേജ്‌മെന്റിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. അതിജീവനത്തിനായി വിദ്യാഭ്യാസം എന്നത് ഇടുങ്ങിയ നിര്‍വചനമാണ്. മനുഷ്യനെ ചിന്താശീലരാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വിദ്യാഭ്യാസം അറിവ് നല്കുകയും അതുവഴി സഹാനുഭൂതി സൃഷ്ടിക്കുകയും ചെയ്യണം. മറ്റുള്ളവരെയും പരിഗണിക്കുന്ന വിദ്യാഭ്യാസമാണ് ഉണ്ടാകേണ്ടത്. സ്വന്തമായി പഠിച്ച് കുടുംബജീവിതം മെച്ചപ്പെടുത്തുന്നവന്‍ നല്ലയാളാകാം. എന്നാല്‍ കുടുംബത്തിനും ഗ്രാമത്തിനും വേണ്ടി പ്രയത്‌നിക്കുന്നയാളാണ് കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത്. രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചവരെയാണ് കാലങ്ങള്‍ പിന്നിട്ടാലും ജനങ്ങള്‍ ഓര്‍മിക്കുക. സ്വാമി വിവേകാനന്ദന്റേത് പോലെ അര്‍ത്ഥപൂര്‍ണ ജീവിതങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്നും വളരണം, സര്‍സംഘചാലക് പറഞ്ഞു. സന്‍മിത്ര മണ്ഡലം പ്രസിഡന്റ് ഡോ. പര്‍മാനന്ദ് അന്ദങ്കര്‍, സെക്രട്ടറി നിലേഷ് ചോര്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അരുന്ധതി കവദ്കര്‍, കമാന്‍ഡന്റ് സുരേന്ദ്ര കുമാര്‍ റാണ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക