വഡോദര: വനിതാ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഭാരതത്തിന് സമ്പൂര്‍ണ്ണ പരമ്പര. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ആതിഥേയര്‍ വിജയിച്ചത് അഞ്ച് വിക്കറ്റിന്. ദീപ്തി ശര്‍മയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിനെ വൈറ്റ് വാഷ് വിജയത്തിലേക്ക് നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വന്ഡീസിനെ 38.5 ഓവറില്‍ 162 റണ്‍സിന് പുറത്താക്കി. മറുപടി ബാറ്റിങ്ങില്‍ 28.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം ലക്ഷ്യം കണ്ടു.
വിന്‍ഡീസിനെതിരായ മൂന്നാം വിജയത്തില്‍ ഭാരതത്തിന്റെ ടോപ് സ്കോറര്‍ ആയത് ദീപ്തി ശര്‍മ ആണ്. 48 പന്തുകള്‍ നേരിട്ട് ഒരു സിക്സും മൂന്ന് ബൗണ്ടറികളും സഹിതം നേടിയത് 39 റണ്‍സ്. വിജയം പിടിച്ചടക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷ്(23*) കൂടെ ഉണ്ടായിരുന്നു. 168 റണ്‍സെന്ന കുറഞ്ഞ സ്കോര്‍ മറികടക്കാനിറങ്ങിയ ഭാരതത്തിന് തുടക്കത്തിലേ കനത്ത തിരിച്ചടിയാണ് നേരിട്ടത്. തുടര്‍ച്ചയായി ആഞ്ച് മത്സരങ്ങളില്‍ 50ന് മേല്‍ സ്കോര്‍ ചെയ്തു വന്ന സ്മൃതി മന്ദാന നാല് റണ്‍സ് മാത്രമെടുത്ത് ആദ്യമേ പുറത്തായി. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരി ഹര്‍ലീന്‍ ഡിയോളും(ഒന്ന്). ഭാരത സ്കോര്‍ 50 പിന്നിട്ടപാടെ പ്രതിക റവാലും(18) പുറത്തേക്ക്. പിന്നീട് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ച നായിക ഹര്‍മന്‍പ്രീത് കൗര്‍(32) നാലാമതായി പുറത്തേക്ക് നടന്നു. ഈ സമയം ക്രീസിലുണ്ടായിരുന്ന ജെമീമ റോഡ്രിഗസിനൊപ്പം ദ്പീതി ശര്‍മ എത്തിയതോടെ ഭാരത സ്കോര്‍ വിക്കറ്റ് നഷ്ടം കൂടാതെ മുന്നോട്ട് പോകാന്‍ തുടങ്ങി. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. നേരത്തെ എത്തിയിട്ടും ജെമീമ(29) ദീപ്തിയുടെ പിന്തുണക്കാരിയായി മാറി. പിന്നീട് പുറത്താകുകയും ചെയ്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസിനെ ഭാരത പേസര്‍ രേണുക സിങ്ങും ദീപ്തി ശര്‍മയും ചേര്‍ന്ന് ചുരുട്ടിക്കെട്ടി. രേണുക നാലും ദീപ്തി ആറും വിക്കറ്റ് നേടി. വിന്‍ഡീസ് നിരയില്‍ ഷിമെയിന് കാംപ്ബെല്‍(46), ചിനെല്ലി ഹെന്റി(61) എന്നിവര്‍ മാത്രമേ കളിച്ചുള്ളൂ. ആലിയ അല്ലെയ്നെ(21) മോശമാക്കാതെ കടന്നുപോയി.
ഓള് റൗണ്ട് പ്രകടനക്കാരി ദീപ്തി ശര്‍മ കളിയിലെ താരമായി. എല്ലാ മത്സരങ്ങളിലും മികച്ച ബൗളിങ്ങ് പ്രകടനവുമായി തിളങ്ങിയ ഭാരതത്തിന്റെ രേണുക സിങ് പരമ്പരയുടെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: