Business

വിഴിഞ്ഞം തുറമുഖത്തില്‍ അദാനിയ്‌ക്ക് കയ്യടി; ആറ് മാസത്തിനുള്ളില്‍ 100ാമത്തെ കപ്പല്‍ എത്തി

പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്ത് 100ാമത്തെ ചരക്ക്കപ്പല്‍ എത്തി. എംഎസ് സി മിഷേല എന്ന ചരക്ക് കപ്പലാണ് വ്യാഴാഴ്ച വിഴിഞ്ഞത്ത് എത്തിയത്.

Published by

തിരുവനന്തപുരം: പ്രവര്‍ത്തനം തുടങ്ങി ആറ് മാസത്തിനുള്ളില്‍ വിഴിഞ്ഞം തുറമുഖത്ത് 100ാമത്തെ ചരക്ക്കപ്പല്‍ എത്തി. എംഎസ് സി മിഷേല എന്ന ചരക്ക് കപ്പലാണ് വ്യാഴാഴ്ച വിഴിഞ്ഞത്ത് എത്തിയത്.

അദാനിയുടെ മകന്‍ കരണ്‍ അദാനി ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു:”എംഎസ്സി മിഷേല എന്ന 100ാമത്തെ ചരക്ക് കപ്പല്‍ ആറ് മാസത്തിനുള്ളില്‍ ഇവിടെ എത്തുക എന്നത് അന്താരാഷ്‌ട്ര ട്രാന്‍സ്ഷിപ് മെന്‍റ് കേന്ദ്രമായി മാറാനുള്ള ശ്രമത്തിന്റെ കാര്യത്തില്‍ വലിയ ചുവടുവെയ്പാണ്. ”

“കണ്ടെയ്നറുകള്‍ ഓട്ടോമേറ്റഡ് ആയ രീതിയിലാണ് വിഴിഞ്ഞത്ത് കൈകാര്യം ചെയ്യുന്നത്. തുറമുഖങ്ങളിലും ലോജിസ്റ്റിക്സിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന എന്ന കാര്യത്തില്‍ കേരളം മാതൃകയാവുകയാണ്. “- വിഴിഞ്ഞത്തെ അഭിനന്ദിച്ച് കൊണ്ട് കരണ്‍ അദാനി പറ‍ഞ്ഞു.

ഒരു ആഗോള ട്രാന്‍സ്ഷിപ്മെന്‍റ് ഹബ്ബാക്കി വിഴിഞ്ഞത്തെ മാറ്റുക എന്ന സ്വപ്നത്തിലേക്കുള്ള വന്‍ചുവടവെയ്പുകളാണ് നടക്കുന്നത്. ഒരു കപ്പലില്‍ നിന്നും ചരക്ക് ഇറക്കുന്നു, മറ്റൊരു കപ്പലിലേക്ക് ചരക്ക് കയറ്റുന്നു, അതല്ലെങ്കില്‍ ഈ ചരക്ക് അന്തിമകേന്ദ്രത്തിലേക്ക് എത്തിക്കാന്‍ മറ്റ് വാഹനങ്ങളിലേക്ക് കയറ്റുന്നു- ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കേന്ദ്രത്തെയാണ് ട്രാന്‍സ്ഷിപ്മെന്‍റ് ഹബ്ബ് എന്ന് വിളിക്കുക. വിഴിഞ്ഞത്ത് ഇന്ത്യന്‍ കപ്പലുകള്‍ മാത്രമല്ല, വിദേശക്കപ്പലുകളും വരുന്നു. ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ മാത്രമല്ല ഇവിടെ എത്തുന്നത്. വിദേശരാജ്യങ്ങളിലേക്ക് കൂടിയുള്ള ചരക്കുകളാണ്.

അന്താരാഷ്‌ട്ര കപ്പല്‍ പാതയില്‍ നിന്നും വെറും 10 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണ് വിഴിഞ്ഞം തുറമുഖം. 20-24 മീറ്റര്‍ ആഴമുള്ളതിനാല്‍ ഇത് ഇന്ത്യയിലെ ഏറ്റവും ആഴമുള്ള തുറമുഖമാണ്. വലിയ ചരക്ക് കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ ഡ്രഡ്ജിങ്ങ് (മണ്ണ് നീക്കുക) ആവശ്യമില്ല.

അദാനിയും കേരള സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ് വിഴിഞ്ഞം തുറമുഖം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക