ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ ആയിരക്കണക്കിന് പാപങ്ങള്‍ കഴുകിക്കളയാന്‍ ശേഷിയുള്ള ‘മൃത്യുകൂപം’ എന്ന് 150 വര്‍ഷം മുന്‍പ് വിളിക്കപ്പെട്ടിരുന്ന മരണക്കിണര്‍ (deathwell) കണ്ടെത്തി. സംഭാലില്‍ തര്‍ക്കപ്രദേശമായ ഷാഹി ജുമാ മസ്ജിദിന്റെ 250 മീറ്റര്‍ അകലെയാണ് ഈ ഏറെ പ്രാധാന്യമുള്ള മൃത്യുകൂപം കണ്ടെത്തിയത്. മൃത്യകൂപം ഉള്‍പ്പെടെ ഹിന്ദുപൈതൃകത്തില്‍ ഏറെ പ്രാധാന്യമുള്ള 19 വിശുദ്ധമായ കിണറുകളാണ് ഖനനത്തില്‍ കണ്ടെത്തിയത്. മൃത്യുകൂപം വീണ്ടും ശുചിയാക്കുകയും ഖനനം ചെയ്ത് പഴയതുപോലെ കിണറാക്കി മാറ്റി. ബ്രഹ്മാവ് സൃഷ്ടിച്ച 19 കിണറുകളില്‍ ഒന്നാണ് മൃത്യുകൂപം എന്നാണ് വിശ്വാസം. സംഭാല്‍ സദറിനടുത്ത് സാരഥാലില്‍ ആണ് മൃത്യകൂപം കണ്ടെത്തിയത്. ചന്ദോസി ഏരിയയില്‍ പെട്ട പ്രദേശമാണിത്. 20 വര്‍ഷം മുന്‍പ് വരെ ആളുകള്‍ ഈ കിണറ്റില്‍ കുളിച്ചിരുന്നു. പിന്നീട് തൊട്ടടുത്തുള്ള മൃത്യുഞ്ജയ് മഹാദേവക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.
ആയിരക്കണക്കിന് പാപങ്ങള്‍ കഴുകിക്കളയുന്ന മൃത്യുകൂപം
മൃത്യകൂപത്തിലെ കിണറ്റിലെ വെള്ളത്തില്‍ കുളിച്ചാല്‍ ശിവന്‍ തൃപ്തനാകും എന്നും ആയിരക്കണക്കിന് പാപങ്ങള്‍ ഇല്ലാതാകും എന്നാണ് വിശ്വാസം. സംഭാല്‍ മുനിസിപ്പാലിറ്റി അധികൃതരാണ് ഖനനത്തില്‍ കിണറുകള്‍ കണ്ടെത്തിയത്. പത്മശ്രീ നേടിയ ഡോ.രമാകാന്ത് ശുക്ലയുടെ പുസ്തകത്തില്‍ മൃത്യുകൂപത്തെപ്പറ്റിയും മറ്റ് 18 കിണറുകളെപ്പറ്റിയും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ സംഭാല്‍ തീര്‍ത്ഥാടന പ്രദക്ഷിണം (സംഭാല്‍ പില്‍ഗ്രിമേജ് സെര്‍കമേംബുലേഷന്‍) എന്ന പുസ്തകത്തിലാണ് ഈ വിശുദ്ധക്കിണറുകളെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നു. ഇദ്ദേഹം 1985ല്‍ എഴുതിയതാണ് ഈ പുസ്തകം. മുഗള്‍ കാലഘട്ടത്തില്‍ ഈ പ്രദേശം മുഴുവന്‍ മാറ്റി ജുമാമസ്ജിദ് സ്ഥാപിക്കുകയായിരുന്നു. കിണറുകളെല്ലാം കട്ടിയുള്ള കോണ്‍ക്രീറ്റുകൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഇത് പൊളിച്ചുനീക്കിയപ്പോഴാണ് കിണറുകള്‍ കണ്ടെത്തിയത്. ഹിന്ദുപൈതൃകത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ വീണ്ടും സജീവമാക്കിമാറ്റുന്ന യോഗി ആദിത്യനാഥിന്റെ പരിശ്രമങ്ങളെ ഇവിടുത്തെ ജനങ്ങള്‍ സ്തുതിക്കുകയാണ്.
സംഭാലില്‍ സംഭവിച്ചതെന്ത്?
ഉത്തര്‍പ്രദേശിലെ സംഭാലില്‍ 500 വര്‍ഷം പഴക്കമുള്ള ഷാഹി ജുമാ മസ്ജിദ് പ്രദേശത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സര്‍വ്വേ ചെയ്യണമെന്ന് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് ഇവിടെ ലഹള പൊട്ടിപ്പുറപ്പെട്ടിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പക്ഷെ സര്‍വ്വേ നടത്തണമെന്ന തീരുമാനത്തില്‍ യോഗി ആദിത്യനാഥ് ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ സര്‍വ്വേയിലും ഖനനത്തിലുമാണ് മൃത്യുകൂപം കണ്ടെത്തിയത്. നിരവധി ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. അഞ്ച് ക്ഷേത്രങ്ങളും ഈ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഭസ്മ ശങ്കര്‍ ക്ഷേത്രം മുസ്ലിം കയ്യേറ്റപ്രദേശം പൊളിച്ചപ്പോഴാണ് കിട്ടിയത്.
മൃത്യുകൂപത്തില്‍ വീണ്ടും വെള്ളം
എട്ടടിആഴത്തിലുള്ള മൃത്യുകൂപം എന്ന കിണറ്റില്‍ വീണ്ടും വെള്ളം കണ്ടെത്തിയത് അത്ഭുതപ്പെടുത്തിയെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നു. സംഭാലില്‍ ഹിന്ദുതീര്‍ത്ഥാടകര്‍ പതിവായി സന്ദര്‍ശിച്ചിരുന്ന 68 തീര്‍ത്ഥാടനകേന്ദ്രങ്ങളും 19 കിണറുകളിലും പെട്ട ഒന്നാണ് മൃത്യകൂപം.
മൃത്യുകൂപത്തിന് 150 യാര്‍ഡ് അകലെയാണ് യമാഗ്നി കൂപം എന്ന മറ്റൊരു കിണര്‍ ഉള്ളത്. യമാഗ്നി കൂപത്തില്‍ കുളിക്കുന്നതും ശിവഭഗവാനെ സന്തോഷിപ്പിക്കുമെന്നാണ് വിശ്വാസം. കോടി പൂര്‍വ്വ പ്രദേശത്ത് മുന്‍സിഫ് കെട്ടിടത്തിനടുത്തായി വിമല്‍ കൂപം എന്ന മറ്റൊരു കിണറും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക