‘സാധാരണ ഇതൊന്നും പതിവില്ലല്ലോ..”
അത്ര മാത്രമേ എംടി പറഞ്ഞുള്ളൂ.
പെട്ടെന്ന് സന്ദര്‍ഭം ഞാന്‍ ഓര്‍ത്തെടുത്തു. പുനത്തില്‍ കുഞ്ഞബ്ദുള്ള ടി. പത്മനാഭനെതിരെ കൊടുത്ത മാനനഷ്ടക്കേസില്‍ ഒരു സാക്ഷി ഞാനായിരുന്നു. എന്റെ സമ്മതപ്രകാരമല്ല ആ കേസില്‍ ഞാന്‍ സാക്ഷിയായത്. അതൊരു ചതിയുടെ കഥ. വിസ്തരിക്കാനുള്ള സന്ദര്ഭമല്ലാത്തതുകൊണ്ട് വിടുന്നു. എന്തായാലും ജനശ്രദ്ധ നേടിയ ആ കേസിലെ ഒരു സാക്ഷിയായി എന്റെ പേര് ദൃശ്യമാധ്യമങ്ങളിലും പത്രമാധ്യമങ്ങളിലും ആഘോഷിക്കപ്പെട്ട കാര്യമാണ് ”സാധാരണ ഇതൊന്നും പതിവില്ലല്ലോ” എന്ന് എംടി സൂചിപ്പിച്ചത്.
ക്രൂരമായ ചതിക്കുഴിയില്‍പ്പെട്ട് ഇരിക്കപ്പൊറുതിയും നില്‍ക്കപ്പൊറുതിയും കിടക്കപ്പൊറുതിയും കെട്ടലയുമ്പോള് സമയദോഷം വല്ലതുമുണ്ടോ എന്നറിയാന്‍ ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു.
”ഏഴരശ്ശനിയാണല്ലോ…”, നക്ഷത്രം കേട്ടയുടന്‍ ജ്യോത്സ്യന് വാചാലനായി. ”വീഴ്ച, ചതി, മാനനഷ്ടം, കേസ്, കോടതി…”
ജീവിതത്തില്‍ നടന്ന കാര്യങ്ങളാണല്ലോ അദ്ദേഹം അക്കമിട്ടു പറയുന്നത് എന്നോര്‍ത്ത് ഞാന്‍ തരിച്ചിരുന്നു.
ഈ കുറിപ്പിന്റെ തുടക്കത്തില്‍ എംടി ഉന്നയിച്ച സന്ദേഹത്തിന് ജ്യോത്സ്യന് സൂചിപ്പിച്ച എന്റെ സമയദോഷത്തെ ഞാന്‍ മറുപടിയായി നല്കി. ഒരു ചിരി മാത്രമായിരുന്നു എംടിയുടെ മറുപടി.
”സമയദോഷത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത് എന്ന തോന്നല്‍ എപ്പോഴും ഉണ്ടാവണം…”
എംടി എന്റെ തോളില്‍ കൈവച്ചു. ഒരു മുതിര്‍ന്ന എഴുത്തുകാരന്റെ, ഗുരുനാഥന്റെ, കാരണവരുടെ കരുതലിന്റെ കൈ. അതുവരെയില്ലാതിരുന്ന ഒരാശ്വാസം, സാന്ത്വനം എന്നെ പൊതിഞ്ഞു.
ഈ മൊത്തം സംഭവത്തില്‍ ആകെ രണ്ടു വാചകങ്ങള്‍ മാത്രമാണ് എംടിയുടെ സംഭാവന. പക്ഷേ അതുണ്ടാക്കിയ ആറുതല്‍ എത്രയോ വലുത്!
മെര്‍ജര്‍ സംഭവിച്ചതോടെ കമ്പനിയില്‍ സംഘര്‍ഷങ്ങള്‍ തിങ്ങിനിറഞ്ഞ കാലം. സ്ഥലംമാറ്റങ്ങളും കച്ചവടത്തിനു വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങളും നിത്യാനുഭവങ്ങളായപ്പോള് ജോലി ഉപേക്ഷിച്ചാലോ എന്നൊരു ചിന്ത പിരിമുറുകി. ആ സമയത്താണ് തുച്ഛമായ ഒരു പിരിഞ്ഞുപോക്ക് പണം കമ്പനി വിളംബരം ചെയ്തത്. രണ്ടും കല്‍പ്പിച്ച് ഞാനതിലേക്ക് എടുത്തുചാടി. രേഖാമൂലം കമ്പനിയെ അറിയിക്കുന്നതിനു മുമ്പ് എംടിയോട് ഒന്നു സൂചിപ്പിച്ചു.
”ഈ ഏജിലോ?” ആശ്ചര്യത്തോടെ എംടി എന്നെ നോക്കി. ”നല്ല ഫേമല്ലേ… ആലോചിച്ചിട്ട് മതി…”
എനിക്കന്ന് നാല്പതു വയസ്സേയുള്ളൂ. ആ പ്രായത്തില്‍ ജോലി ഉപേക്ഷിക്കുന്നതിനോട് എംടിക്ക് വലിയ താല്പര്യമില്ല എന്ന് ഞാന്‍ മനസ്സിലാക്കി. പ്രായോഗിക ബുദ്ധിയുടെ ആ കരുതല്‍ ശരിയായിരുന്നുവെന്ന് പിന്നീട് പലപ്പോഴും അനുഭവത്തില്‍ ബോധ്യപ്പെട്ടു.
1998 ജൂണ്‍ മാസം ഒരു നാള് അത്രയൊന്നും പ്രസിദ്ധമല്ലാത്ത ഒരു കൊറിയര്‍ കമ്പനിയില്‍നിന്ന് വീടിന്റെ ലൊക്കേഷന്‍ അന്വേഷിച്ചുകൊണ്ട് ഒരു ഫോണ്‍. എംടിയുടെ കൊറിയറായിരുന്നു അത്. ‘ശവുണ്ഡി’ എന്ന എന്റെ നോവലിന്
എഴുതിയ അവതാരികയായിരുന്നു കൊറിയറില്‍! അത് എംടി തന്നെ സ്വന്തം താല്പര്യത്തില് അയച്ചുതന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തയ്യാറായാല്‍ കോഴിക്കോടു ചെന്നു വാങ്ങാം എന്നായിരുന്നു എന്റെ എണ്ണം.
”ഞാനൊരു യാത്ര പോവുന്നു…”, നന്ദി അറിയിക്കാന്‍ വിളിച്ചപ്പോള്‍ എംടി പറഞ്ഞു. ”അതിനാല്‍ വൈകേണ്ടെന്നു കരുതി…”
അവതാരിക വൈകി എന്ന കാരണത്താല്‍ പുസ്തകത്തിന്റെ അച്ചടി വൈകരുതെന്ന് എംടി കരുതിക്കാണും. കരുതലിന്റെ ആ കൊറിയര്‍ ഞാനിപ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു.
”എന്തായി?”, ആദ്യം അതാണ് ചോദിക്കുക.
ഖത്തര്‍ എയര്‍വേസില്‍ നല്ലൊരു ജോലിയായി ദോഹയിലേക്ക് പോകുന്ന വിവരം അറിയിച്ചപ്പോള്‍ കണ്ണുകളില്‍ സന്തോഷത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടു.
ഒരു വിഷുദിനം പാലക്കാട് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നിനച്ചിരിക്കാത്തൊരു നിമിഷത്തില്‍ പോക്കറ്റില്നിന്നും 101 രൂപ കൈനീട്ടം എടുത്തു നീട്ടിയപ്പോള്‍ ആ വര്‍ഷം മുഴുവന്‍ വന്നു ചേരാനിരിക്കുന്ന സമൃദ്ധിയുടെ കരുതല്‍ ഞാന്‍ അനുഭവിച്ചു.
തനിക്ക് വേണ്ടപ്പെട്ടവര്‍ എപ്പോഴും തന്റെ കൂടെയുണ്ടാവണമെന്ന് എംടിക്ക് നിര്‍ബന്ധമായിരുന്നു. അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ വ്യസനങ്ങളോ വന്നാല്‍ എംടി സ്വകാര്യമായി വേദനിക്കും. മഹാമനസ്സിന്റെ കരുതല്‍.
ആ കരുതലാണ് നഷ്ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: