അക്ഷരങ്ങളാകുന്ന വെണ്ണക്കല്ലുകള്‍ കൊണ്ട് മലയാളസാഹിത്യത്തില്‍ ആകാശം മുട്ടുന്ന മഹാഗോപുരം നിര്‍മിച്ച പെരുന്തച്ചനെയാണ് എംടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ വിയോഗത്തോടെ നഷ്ടമായിരിക്കുന്നത്. നവതി പിന്നിട്ട ജീവിതത്തിന്റെ നാള്‍വഴിയില്‍ മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെ പലപ്പോഴും ആ ജീവിതത്തിലേക്ക് എത്തിനോക്കിയെങ്കിലും പിന്മാറുകയായിരുന്നു. ഒടുവില്‍ ഹൃദ്രോഗത്തിന്റെ രൂപത്തില്‍ വന്ന മരണത്തിന് കീഴടങ്ങുമ്പോഴും ചുണ്ടിന്റെ ഒരു കോണില്‍ എപ്പോഴും ഉണ്ടാവാറുള്ള സ്വതസിദ്ധമായ ഒരു ചെറുപുഞ്ചിരി ബാക്കി വച്ചിട്ടുണ്ടാവാം.
കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം പല തലമുറകളില്‍പ്പെട്ട വായനക്കാരുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞ എഴുത്തുകാരനായിരുന്നു എംടി. സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ സാഹിത്യ രചന തുടങ്ങുകയും കോളജില്‍ പഠിക്കുമ്പോള്‍ കഥ പ്രസിദ്ധീകരിക്കുകയും ചെയ്ത എംടി, അനുഗ്രഹീതനായ എഴുത്തുകാരനാവാന്‍ ജനിച്ചവനാണെന്ന് പിന്നീടങ്ങോട്ടുള്ള കൃതികളിലൂടെ തെളിയിക്കുകയായിരുന്നു. പാലക്കാട് വിക്ടോറിയ കോളജില്‍ പഠിക്കുമ്പോള്‍ ‘രക്തംപുരണ്ട മണല്‍ത്തരികള്‍’ എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ ‘വളര്‍ത്തുമൃഗങ്ങള്‍’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന് എന്ന നിലയില്‍ ശ്രദ്ധേയനായി. ഈ കഥ വലിയ ചര്‍ച്ചയാവുകയും ഇതേ പേരില്‍ പിന്നീട് സിനിമയാവുകയും ചെയ്തു.
കഥാകൃത്ത് എന്ന നിലയില്‍ എംടി പ്രയോഗിച്ച ക്രാഫ്റ്റ് വായനക്കാരെ മാത്രമല്ല, സാഹിത്യകാരന്മാരെയും മോഹപ്പിക്കുന്നതായിരുന്നു. എഴുത്തിന്റെ മേഖലയിലേക്കു വന്ന എല്ലാവരും എംടിയാവാന് മോഹിച്ചു. രക്തംപുരണ്ട മണല്‍ത്തരികള്‍, നിന്റെ ഓര്‍മ്മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, ഡാര്-എസ്-സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം തുടങ്ങിയവ മലയാള കഥയുടെ സുവര്‍ണ്ണകാലം സൃഷ്ടിച്ചു. അക്ഷരങ്ങള്‍ ചേര്‍ത്ത് നക്ഷത്രങ്ങളാക്കുന്ന അനുഭവം വായനക്കാര്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞത് എംടിയുടെ രചനകളിലൂടെയാണ്. എംടിയുടെ കഥകള്‍ സിനിമയാക്കപ്പെട്ടപ്പോള്‍ പ്രേക്ഷകര്‍ അവ ഹൃദയത്തില്‍ ഏറ്റുവാങ്ങി.
നോവലിസ്റ്റ് എന്ന നിലയില്‍ മലയാളസാഹിത്യത്തെ പുതിയൊരു വിധാനത്തില്‍ പ്രതിഷ്ഠിച്ചയാളാണ് എംടി. നാലുകെട്ട്, പാതിരാവും പകല്‍വെളിച്ചവും, അസുരവിത്ത്, മഞ്ഞ്, കാലം, വിലാപയാത്ര, രണ്ടാമൂഴം, വാരണാസി എന്നീ നോവലുകള്‍ വായനയുടെ കൊഴിഞ്ഞു തീരാത്ത വസന്തമാണ് ഒരുക്കിയത്. വായനശാലകളുടെ അലമാരകളിലിരുന്ന് വിശ്രമിക്കാന്‍ കഴിയാത്ത രചനകളായിരുന്നു എംടിയുടെ കഥകളും നോവലുകളും. ആവര്‍ത്തിച്ചു വായിച്ച് പഴകിയ താളുകളില്‍ അവഗണിക്കപ്പെട്ടവന്റെ അമര്‍ഷവും മുറിവേറ്റ ബന്ധങ്ങളുടെ ആത്മനൊമ്പരങ്ങളും വായനക്കാര്‍ തൊട്ടറിഞ്ഞു. ‘കാല’ത്തിലെ നായകനായ സേതുവിനെ ഇഷ്ടപ്പെട്ടവള്‍ ഒരിക്കല്‍ പറയുന്നുണ്ടല്ലോ ‘സേതുവിന് ഒരാളോട് മാത്രമേ സ്നേഹമുള്ളൂ, സേതുവിനോട് മാത്രം.’ എംടി യുടെ എഴുത്തിലെ അനുഭവ തീക്ഷ്ണതയാണ് ഈ വാക്കുകള്‍ അടയാളപ്പെടുത്തുന്നത്. തന്റെ കാലത്തെ ഏറ്റവും വലിയ വായനക്കാരന് ആയിരിക്കുമ്പോഴും ആത്മാനുഭവങ്ങളെയാണ് കഥകളായും നോവലുകളായും സിനിമകളായും എംടി ആവിഷ്കരിച്ചത്. കാഥികന്റെ പണിപ്പുര, ഹെമിങ് വേ ഒരു മുഖവുര, കാഥികന്റെ കല, ആള്‍ക്കൂട്ടത്തില്‍ തനിയെ, കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം എന്നീ രചനകളിലൂടെ തന്നെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും താന്‍ ജീവിച്ച കാലഘട്ടത്തെക്കുറിച്ചും പറയാനുള്ളത് സര്‍ഗാത്മകമായി എംടി പകര്‍ത്തിവെച്ചു.
സാഹിത്യ മൂല്യവും ജനപ്രിയതയും ഒരുമിച്ച സിനിമകളാണ് എംടി സമ്മാനിച്ചത്. കൃതഹസ്തനായ തിരക്കഥാകൃത്ത് എന്ന നിലയില്‍ എംടിയുടെ സിനിമകള്‍ പ്രേക്ഷകര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം എംടിയുടെ തിരക്കഥകള്‍ സിനിമയാക്കി വിജയം കൊയ്തു. മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, നിര്‍മ്മാല്യം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, തൃഷ്ണ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അക്ഷരങ്ങള്‍, രംഗം, നഖക്ഷതങ്ങള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അമൃതംഗമയ, പെരുന്തച്ചന് എന്നിവ മലയാള സിനിമയിലെ നാഴികക്കല്ലുകള്‍ ആയിരുന്നു. പല തലമുറകളുടെ ആവേശമായിരുന്ന നായികാ നായകന്മാരെ സൃഷ്ടിച്ചത് എംടിയുടെ സിനിമകള്‍ ആണെന്നു പറയാം. ഇവരൊക്കെ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അംഗീകാരങ്ങളുടെ പരമ്പര തന്നെ നേടിയെടുക്കുകയും ചെയ്തു. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകന് എന്ന നിലയിലും എംടിയേയും നിരവധി ബഹുമതികള്‍ തേടിയെത്തി.
എഴുത്തുകാരന് എന്ന നിലയില്‍ രാഷ്ട്രീയത്തിനതീതമായി നിലകൊള്ളാന്‍ എംടിക്ക് കഴിഞ്ഞിരുന്നു. തനിക്ക് പറയാനുള്ളത് പറയാന്‍ മടിച്ചതുമില്ല. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ ലോകത്തെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തെക്കുറിച്ചും കേരളത്തില്‍ അത് സംഭവിക്കാതിരിക്കാന്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ചും പറഞ്ഞത് വലിയ വിവാദമായപ്പോഴും എംടി ആ നിലപാടില്‍ ഉറച്ചുനിന്നു. സാഹിത്യവുമായി ബന്ധപ്പെട്ട ആരുടെ വേദികളില്‍ വരുന്നതിനും എംടി യാതൊരു വൈമനസ്യവും കാണിച്ചില്ല. തപസ്യ കലാസാഹിത്യവേദിയുമായി ഊഷ്മള ബന്ധം നിലനിര്‍ത്തി. മഹാകവി അക്കിത്തവുമായുള്ള ആത്മബന്ധം അവസാനകാലം വരെ സൂക്ഷിച്ചു. അക്കിത്തത്തിന്റെ സപ്തതി ആഘോഷിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. തപസ്യയുടെ പ്രഥമ അക്കിത്തം പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടതും എംടിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞ തപസ്യയുടെ വേദിയില്‍, പത്നി കലാമണ്ഡലം സരസ്വതി ആദരവോടെയാണ് എത്തിയിരുന്നത്. 1995 ല്‍ ജ്ഞാനപീഠ പുരസ്കാരവും 2005 ല്‍ പത്മ ഭൂഷണ് പുരസ്കാരവും നല്കി രാഷ്ട്രം ആദരിച്ചു.
‘ജന്മഭൂമി’ അഭിമുഖത്തിനും മറ്റും സമീപിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ അനുവദിച്ചിട്ടുണ്ട്. മഞ്ഞ് എന്ന നോവലിനെക്കുറിച്ച് എംടി തന്നെ ജന്മഭൂമിയില് എഴുതിയത് ഓര്‍ത്തു പോവുകയാണ്.
എംടി എന്ന രണ്ടക്ഷരം മലയാളസാഹിത്യത്തില്‍ ദീര്‍ഘമായ ഒരു കാലഘട്ടത്തിന്റെ പേരാണ്. ആ കഥകളും നോവലുകളും വായിക്കാന്‍, സിനിമകള്‍ കാണാന്‍ മഞ്ഞിലെ വിമലയെ പോലെയാണ് വായനക്കാര്‍ കാത്തിരുന്നത്. ഇങ്ങനെ കാത്തിരിക്കാന്‍ ഇനി കഴിയില്ലെന്ന നഷ്ടബോധം വളരെ വലുതാണ്. മലയാളത്തിന്റെ സുകൃതമായിരുന്ന ആ വലിയ എഴുത്തുകാരന്, മലയാളിയുടെ സംസ്കൃതിയെ നിളയെ പോലെ സ്നേഹിച്ച അതുല്യനായ സാഹിത്യ നായകന് ജന്മഭൂമിയുടെ ആദരാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: