താത്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള നാലാംഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ താത്ക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. താത്കാലിക റാങ്ക് ലിസ്റ്റ്, കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികൾ ഡിസംബർ 27ന് ഉച്ചയ്‌ക്ക് 2.00 മണിക്കുള്ളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] ഇമെയിലിലൂടെ അറിയിക്കാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
മദർ തെരേസ സ്‌കോളർപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ, സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് മദർ തെരേസ സ്‌കോളർഷിപ്പിന് ജനസംഖ്യാനുപാതികമായി നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 15,000 രൂപയാണ് സ്‌കോളർഷിപ്പായി അനുവദിക്കുന്നത്. ഗവൺമെന്റ് നഴ്‌സിംഗ് സ്‌കൂളുകളിൽ നഴ്‌സിംഗ് ഡിപ്ലോമ (ജനറൽ നഴ്‌സിംഗ്), പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് മെറിറ്റ് ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്നു തെളിയിക്കുന്നതിന് അലോട്ട്‌മെന്റ് മെമ്മോ ഹാജരാക്കണം. യോഗ്യതാ പരീക്ഷയിൽ 45 ശതമാനം മാർക്കോ അതിലധികം മാർക്കോ നേടിയിരിക്കണം. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കുന്നതാണ്. കോഴ്‌സ് ആരംഭിച്ചവർക്കും/ രണ്ടാം വർഷം പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിനായി അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കുകയുളളൂ. കഴിഞ്ഞ വർഷം സ്‌കോളർഷിപ്പിന് അപേക്ഷിച്ച് ലഭിച്ചവർ ഈ വർഷം അപേക്ഷിക്കേണ്ടതില്ല. 50 ശതമാനം സ്‌കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലാത്തപക്ഷം അർഹരായ ആൺകുട്ടികൾക്കും സ്‌കോളർഷിപ്പ് നൽകുന്നതാണ്. ന്യൂനപക്ഷ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ജനസംഖ്യാനുപാതികമായിട്ടാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in വെബ് സൈറ്റിലെ സ്‌കോളർഷിപ്പ് ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ അപലോഡ് ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജനുവരി 17ന് മുൻപായി സ്ഥാപനമേധാവിയ്‌ക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090.
മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി 4 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസം കാലാവധിയുള്ള സർക്കാർ അംഗീകൃത കോഴ്സിന്രെ ഫീസ് 25,000 രൂപയാണ്. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർ www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. പ്രായപരിധിയില്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്‌സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422275, 9447607073.
മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഓഡിയോ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജനുവരി 4 വരെ അപേക്ഷിക്കാം. റേഡിയോ അവതരണം, പോഡ്കാസ്റ്റിംഗ്, ഡബ്ബിംഗ്, ഓഡിയോ എഡിറ്റിംഗ്, മിക്‌സിംഗ് ആൻഡ് മാസ്റ്ററിംഗ് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുന്ന സർക്കാർ അംഗീകൃത കോഴ്‌സിന്റെ കാലാവധി രണ്ടര മാസമാണ്. പ്രായപരിധിയില്ല. ഓരോ സെന്ററിലും 10 സീറ്റുകളുണ്ട്. 15,000 രൂപയാണ് കോഴ്സ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ സുസജ്ജമായ ഓഡിയോ സ്റ്റുഡിയോകളിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2422275, 0471-2726275, 9744844522, 7907703499.
കോളേജ് മാഗസിനുകൾക്കുള്ള അവാർഡിന് എൻട്രികൾ ക്ഷണിച്ചു
കേരളത്തിലെ സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ മികച്ച കോളേജ് മാഗസിനുകൾക്കുള്ള കേരള മീഡിയ അക്കാദമി അവാർഡിന് എൻട്രികൾ ക്ഷണിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. 2023- 2024 അധ്യയന വർഷത്തിൽ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിൻ. ഒന്നാം സമ്മാനം 25,000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000 രൂപയും 10,000 രൂപയും ട്രോഫിയും.
പങ്കെടുക്കാൻ താത്പര്യമുള്ളവർ മാഗസിന്റെ അഞ്ചുകോപ്പികൾ സഹിതം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, എഡിറ്ററുടെ വിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ അടങ്ങിയ അപേക്ഷ ജനുവരി 15നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 (ഫോൺ: 0484-2422068, 0471-2726275) എന്ന വിലാസത്തിലും ഇ-മാഗസിനുകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലും അയക്കണം.
കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം
കുടുംബശ്രീ വ്ലോഗ്, റീൽസ് മത്സരം രണ്ടാം സീസണിലേക്ക് എൻട്രികൾ ക്ഷണിച്ചു. കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ വിഷയമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിന് പരിഗണിക്കുന്നത്. വീഡിയോകൾ ജനുവരി 30ന് മുൻപായി ലഭിക്കണം. അഞ്ച് മിനിറ്റിൽ കവിയാത്ത വീഡിയോയാണ് വ്ലോഗ് മത്സരത്തിലേക്ക് അയക്കേണ്ടത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 50,000, 40,000, 30,000 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. റീൽസ് മത്സരത്തിലേക്ക് ഒരു മിനിറ്റിൽ കവിയാത്ത വീഡിയോയാണ് പരിഗണിക്കുന്നത്. വിജയികളായ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. വീഡിയോകൾ സി.ഡിയിലോ പെൻഡ്രൈവിലോ ആക്കി പബ്ലിക് റിലേഷൻസ് ഓഫീസർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ് രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിന് പുറത്ത് വ്ളോഗ്, റീൽസ് മത്സരം എന്ന് രേഖപ്പെടുത്തിയിരിക്കണം. നിബന്ധനകൾക്ക് www.kudumbashree.org/vlog-reels2025 ലിങ്ക് സന്ദർശിക്കുക.
റേഡിയോഗ്രാഫർ ട്രെയിനി
കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളുടെ ഒഴിവുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ റേഡിയേഷൻ ടെക്നോളജി കോഴ്സ്, മൂന്ന് വർഷ ഡി ആർ ആർ ടി, കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർഥികൾക്ക് തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ ജനുവരി 6ന് 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖത്തിനുള്ള തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളേജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, പകർപ്പുകളും സഹിതം കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം
സൗജന്യ അഭിമുഖ പരിശീലനം
യു.പി.എസ്.സി 2024-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്കീം പ്രകാരം പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സൗജന്യ അഭിമുഖ പരിശീലനം നൽകും. സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ഓഫീസിലാണ് ഇന്റർവ്യൂ പരീശീലനം. https://kscsa.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 8281098863, 8281098861.
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കെ.എസ്.എഫ്.ഇ യിലേക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട, കോട്ടയം, കട്ടപ്പന, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവസരങ്ങളുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/14132 ലിങ്ക് സന്ദർശിക്കുക. താൽപര്യമുള്ള ബിരുദധാരികൾ ഡിസംബർ 31ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫീസ് 500 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: