തിരുവുന്തപുരം: തിരക്കഥാരചനയ്‌ക്ക് നാലു തവണ ദേശീയ ബഹുമതി ലഭിക്കുക എന്ന അപൂര്‍വതയും എംടിയ്ക്കുണ്ട്. രാകി മിനുക്കിയ ശില്പമായിരുന്നു എംടിയുടെ തിരക്കഥകൾ. അതിനേക്കാളേറെ, കടഞ്ഞെടുത്ത ശില്‍പങ്ങളായിരുന്നു എംടി സിനിമകളിലെ കഥാപാത്രങ്ങള്‍. ആ കഥാപാത്രങ്ങളെക്കൊണ്ട് എംടി പറഞ്ഞ ഡയലോഗുകളില്‍ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ജീവിതസത്യങ്ങളുടെ രക്തം പൊടിഞ്ഞിട്ടുണ്ട്. ചില എംടി ഡയലോഗുകള്‍ ഇതാ:
വടക്കാന്‍ വീരഗാഥ
35 വര്‍ഷം മുന്‍പ് പിറന്ന വടക്കന്‍ വീരഗാഥുടെ ഡയലോഗുകള്‍ ഇന്നും മാസ്സാണ് ഒരെണ്ണമല്ല, അതിലെ പല ഡയലോഗുകളും മിമിക്രി താരങ്ങളുടെ സ്ഥിരം ഡയലോഗുകളായി. ഇതിലെ നാല് ഡയലോഗുകള്‍ ഇതാ.
1. ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പണം കൊടുത്തവൻ ചന്തു. മാറ്റം ചുരിക ചോദിച്ചപ്പോള്‍ മറന്നുപോയെന്ന് കള്ളം പറഞ്ഞവന്‍ ചന്തു. പിന്നെ എന്തൊക്കെ പാണന്‍മാര്‍ പറഞ്ഞു നടക്കുന്നുണ്ട് നിങ്ങളുടെ നാട്ടില്‍.
2. ഇതോ അങ്കം?
ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം?
പന്തിപ്പഴുത് കണ്ടപ്പോഴൊക്കെ പരിചയ്‌ക്ക് വെട്ടി ഒഴിഞ്ഞതെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങള്‍ക്ക്. ശേഷമെന്തുണ്ട് നിങ്ങളുടെ കയ്യില്‍?
പുറഞ്ചയമായി തുടങ്ങി സൗഭദ്രമെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരമടവോ? അതോ പരിചയ്‌ക്ക് മണ്ണ് വാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ? ചന്തുവിനെ തോല്‍പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ…
3. ജീവിതത്തില്‍ ചന്തുവെ തോല്‍പ്പിച്ചിട്ടുണ്ട്. പലരും. പലവട്ടം. മലയനോട് തൊടുത്ത് മരിച്ച എന്റെ അച്ഛന്‍ ആദ്യം തന്നെ എന്നെ തോല്‍പ്പിച്ചു. സ്‌നേഹം പങ്കുവയ്‌ക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ എന്നെ തോല്‍പ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്‌നേഹം തൂക്കിനോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു. അവസാനം… അവസാനം…സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു. തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.
4. നീയടക്കമുള്ള പെണ്‍വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും.നിങ്ങള്‍ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ച് കൊണ്ട് വെറുക്കും. .
പഞ്ചാഗ്നി- നാല് ഡയലോഗുകള്‍
1. ഞാന്‍…ഞാന്‍ മാത്രമാണ് എന്റെ ദുഃഖം. എന്റെ സ്‌നേഹം, എന്റെ രോഷം. എല്ലാം എന്‍റേതുമാത്രം. ചിന്ത ഞാന്‍ ഒരിക്കലും പണയം വെച്ചിട്ടില്ല.
2. ടെക്നിക്കലി ജീവപര്യന്തം ജീവപര്യന്തം തന്നെ. പക്ഷെ ടെക്നിക്കലി നിയമം അത് 20 ആക്കിചുരുക്കിയിരിക്കുന്നു. സ്റ്റേറ്റ് ഗവണ്‍മെന്‍റിന് ഇളവ് കൊടുക്കാം. 14ല്‍ കുറയരുതെന്ന് പിന്നെയും വകുപ്പ്. സര്‍ക്കാരെടപെട്ടാല്‍ എത്ര വേണമെങ്കിലും വെട്ടിച്ചുരുക്കാം. മൂന്നക്ഷരവും മുറുക്കവും വേണം- സ്വാ…ധീ..നം. (തിലകന്‍ മോഹന്‍ലാലിനോട് പറയുന്ന ഡയലോഗ്)
3. അറിയോ..ഫുള്‍ കേണലായി പ്രൊമോഷന്‍ കിട്ടിയവനാണീ ഞാന്‍. സെന്‍റോഫ് പാര്‍ട്ടിയും കഴിഞ്ഞ്. കടലാസൊപ്പിട്ട് വാങ്ങിയപ്പോ പ്രൊമോഷന് പകരം സസ്പെന്‍ഷന്‍. കാരണം ആര്‍ക്കുമറിയില്ല. അന്ന് ക്യാമ്പീ മലയാളപത്രത്തില്‍ പെങ്ങടെ വീരസാഹസം വായിച്ചു. നിനക്കന്ന് ഞാന്‍ ഓങ്ങിവെച്ചതാണെടീ. വെട്ടി തുണ്ടം തുണ്ടമാക്കി നായ്‌ക്കള്‍ക്ക് ഇട്ടുകൊടുക്കേണ്ട ജാതി. നിന്നെ ഞാന്‍…(സോമന്‍ ഗീതയോട് പറയുന്ന ഡയലോഗ്.)
4. കൊറച്ചൊക്കെ സഹിക്കാം. പക്ഷെ ഇതിനേക്കാള്‍ ഉയരത്തിലെത്തേണ്ടതാണത്രെ. ആ കുറ്റവും എനിക്ക്. ചെയര്‍മാന്റെയും മാനേജിംഗ് ഡയറക്ടറുടേയുമൊക്കെ പാര്‍ട്ടികളില്‍ ഞാന്‍ കുടിക്കണം, കൊഴയണം…കെടന്ന് കൊടുക്കണമെന്ന് പച്ചയ്‌ക്ക് പറഞ്ഞിട്ടില്ല. ഭാഗ്യം.
ഈ രാജനോ, തുമ്പപ്പൂ പോലുള്ള, തുളസിക്കതിര്‍പോലുള്ള എന്നൊക്കെ നിന്നെപ്പറ്റി കത്തെഴുതിയിരുന്ന ഈ രാജനോ….( ഗീതയുടെ ഡയലോഗ്)
വൈശാലി-രണ്ട് ഡയലോഗുകള്‍
1.സമ്മാനങ്ങള്‍ വേണ്ട… അനുഗ്രഹം, പിന്നെ അങ്ങയുടെ മനസ്സില്‍ ഒരു പ്രാര്‍ഥനയും. ശാപം കൊണ്ട് ശിലയായി മാറാന്‍ മകളെത്തന്നെ അയച്ചു എന്ന് ദുഃഖിക്കാന്‍ ഇടവരരുതേ എന്ന പ്രാര്‍ഥന.
2.ജപം മുടക്കുന്ന സ്ത്രീതന്നെ വേണം അമ്മയായി വംശം നിലനിര്‍ത്താനും. അങ്ങ് പഠിക്കാത്ത മറ്റൊരു പാഠം. ഞാന്‍ മുഴുവന്‍ പറയട്ടെ, എന്നിട്ട് വേണമെങ്കില്‍ അങ്ങേക്കെന്നെ ശപിക്കാം. അംഗരാജ്യം രക്ഷിക്കാന്‍ അങ്ങേക്ക് മാത്രമേ കഴിയു…അങ്ങേക്ക് മാത്രം. കണ്ടപ്പോള്‍, പരിചയപ്പെട്ടപ്പോള്‍ അഭിനയപാഠങ്ങളൊക്കെ ഞാന്‍ മറന്നു. അഭിനയം ആത്മാഭിലാഷമായി. അതെന്റെ പാപമാണെങ്കില്‍ എന്നേ ശപിക്കാം. അല്ലെങ്കില്‍ എന്നെ അങ്ങയുടെ ഭിക്ഷയായി സ്വീകരിക്കാം. അങ്ങയുടെ ഇഷ്ടം. എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍ പറയൂ തോണി തിരിച്ചുവിടാന്‍.
അക്ഷരങ്ങള്‍
സ്വല്‍പം അധികാരം, ചില്ലറ ആരാധകര്‍ അപ്പഴക്ക് സ്വന്തം കാല്‍കീഴിലായി ലോകം എന്നുതോന്നരുത്
തൃഷ്ണ
ഒരു സ്ത്രീയെ കാണാന്‍ കാത്തിരിക്കുക. ഒരുവാക്കുകേള്‍ക്കാന്‍ ആഗ്രഹിക്കുക. ഒറ്റയ്‌ക്കാവുമ്പോള്‍ സങ്കല്‍പ്പിക്കുക. അതൊരു പുതിയ അനുഭവമാണ് എനിക്ക്.
വാരിക്കുഴി
പ്രായോഗിക ബുദ്ധി എന്നൊക്കെ ആളുകള്‍ പറയുന്നത് നമുക്ക് വിധിച്ചതല്ല. സ്വല്‍പം ആദര്‍ശം, അരപ്പട്ടിണി, അവസാനം നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് ഒരു നെടുവീര്‍പ്പ്, എന്റെയും നിന്റെയുമൊക്കെ ജീവചരിത്രം മൂന്നു വാചകങ്ങളില്‍ തീരും ചാവുമ്പോള്‍
മുറപ്പെണ്ണ്
സ്വപ്‌നമല്ല, ഇത് ജീവിതമാണ് കുട്ടി. ജീവിതം കമ്പോളസ്ഥലമാണ്. സ്വപ്‌നങ്ങള്‍ വിറ്റാണ് അവിടെ നാം വ്യാപാരം നടത്തുന്നത്.
നഗരമേ നന്ദി
നഗരത്തില്‍ ഒരു മാളത്തില്‍ ഉറങ്ങി കിടന്നവനാണ് ഞാന്‍. വീട്, കുടുംബം, സ്‌നേഹം ഇതൊന്നും സ്വപ്‌നം കാണാതെ, കുടുതല്‍ ആശിച്ചുപോയി. അതാണെന്റെ തെറ്റ്. നിയേല്‍പ്പിച്ച മുറിവിന്റെ ആഴം കുഞ്ഞുലക്ഷ്മി നിനക്കറിയില്ല. ആര്‍ക്കുമറിയില്ല. എല്ലാ ഒരു കടംകഥായിരുന്നുവെന്ന് കരുതി മറന്നേക്കൂ
കൊച്ചുതെമ്മാടി
എഴുതാത്ത വലിയ കഥയും ചുമന്ന് നടക്കുമ്പോള്‍ പൊട്ടും പൊടിയും മാത്രം വില്‍ക്കാന്‍ വിഷമം. അക്ഷരവൈരികളുടെ ലോകമാണ് വിദ്യാലയം എന്നുധരിച്ച് സമാധാനിച്ചിരിക്കുകയായിരുന്നു. ടീച്ചര്‍ എന്റെ സിദ്ധാന്തം തെറ്റിച്ചുകളഞ്ഞു.
സുകൃതം
പ്രേമം ഒരു മലകയറ്റം പോലെയാണ്. പരസ്പരം കൈകോര്‍ത്ത് മുകളിലെത്തുന്നതുവരെയേ ഉള്ളൂ ത്രില്‍ . പിന്നെ തോന്നും എന്തിനായിരുന്നു ഈ സാഹസികതയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക