India

മണിപ്പൂരില്‍ തെരച്ചില്‍; റോക്കറ്റുകളും ആയുധങ്ങളും പിടിച്ചെടുത്തു

Published by

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. ചുരാചന്ദ്പൂര്‍ ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. രാജ്യത്ത് തന്നെ നിര്‍മിച്ചിട്ടുള്ള മൂന്ന് റോക്കറ്റുകളും, ഐഇഡി, തോക്കുകളും, വെടിയുണ്ടകളും മറ്റ് ആയുധങ്ങളുമാണ് കണ്ടെത്തിയത്.

ചുരാചന്ദ്പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തെയ്ജാങ് ഗ്രാമത്തിലെ ആംഗ്ലോ- കുക്കി വാര്‍ മെമ്മോറിയല്‍ ഗേറ്റിനു സമീപമുള്ള പാലത്തിനു താഴെ നിന്നാണ് സ്‌ഫോടക വസ്തുകള്‍ കണ്ടെത്തിയത്. കൂടാതെ ലെസിയാങ് ഗ്രാമത്തില്‍ നിന്നും ഐഇഡികളും സ്‌ഫോടക വസ്തുക്കളും മറ്റും കണ്ടെത്തിയിട്ടുണ്ട്.

പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇത്രയും മാരകായുധങ്ങള്‍ കണ്ടെത്തിയത്. 36 അസം റൈഫിള്‍സിലെ ബോംബ് വിദഗ്ധരും ജില്ലാ പോലീസും ചേര്‍ന്ന് സ്‌ഫോടക വസ്തുക്കളെല്ലാം നിര്‍വീര്യമാക്കി.

കഴിഞ്ഞ വര്‍ഷം മേയ് 3ന് മെയ്‌തെയ് സമുദായത്തില്‍ നിന്നുള്ള അജ്ഞാതരായ അക്രമികള്‍ ഗേറ്റ് കത്തിക്കാന്‍ ശ്രമിച്ചുവെന്ന് കുക്കി സമുദായം ആരോപണം ഉന്നയിച്ചിരുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്കും ഇത് വഴിവെക്കുകയായിരുന്നു. കലാപത്തില്‍ 250ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by