India

വാജ്‌പേയിയുടെ ജീവിതം ലോകമെങ്ങും മതിപ്പുളവാക്കി: രാജ്‌നാഥ് സിങ്

Published by

ലഖ്‌നൗ: അടല്‍ ബിഹാരി വാജ്‌പേയിയുടെ വ്യക്തിത്വം മഹത്തരമായിരുന്നെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയും തീരുമാനങ്ങളും ലോകത്തിന്റെ ആദരവ് നേടിയെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് ലഖ്‌നൗവില്‍ സംഘടിപ്പിച്ച അടല്‍ യുവ മാഹാകുംഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാന്‍ സന്ദശിക്കുമ്പോള്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തക എനിക്ക് കശ്മീര്‍ തന്നാല്‍, അങ്ങയെ വിവാഹം കഴിക്കാമെന്ന് വാജ്‌പേയിയോട് പറഞ്ഞു. പാകിസ്ഥാന്‍ മുഴുവന്‍ സ്ത്രീധനമായി തന്നാല്‍ തയാറാണെന്നായിരുന്നു അദ്ദേഹം പുഞ്ചിരിയോടെ മറുപടി നല്കിയത്. ഈ ഉത്തരം അദ്ദേഹത്തിന്റെ സാമര്‍ത്ഥ്യവും സ്വാഭാവികതയും കാണിക്കുന്നതാണെന്ന് രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

ഒരു വോട്ടിന് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വീണപ്പോള്‍ അദ്ദേഹം നടത്തിയ ചരിത്രപരമായ പ്രസംഗം ജനാധിപത്യത്തിന്റെ അന്തസ് ഉയര്‍ത്തുന്നതും രാജ്യസ്‌നേഹം പകരുന്നതുമാണ്. ജനാധിപത്യത്തിന് അദ്ദേഹം ഒരു പുതിയ നിര്‍വചനം നല്കി. സര്‍ക്കാരുകള്‍ വരും, പോകും, പാര്‍ട്ടികള്‍ രൂപപ്പെടും, വീഴും, പക്ഷേ ഈ രാജ്യവും ജനാധിപത്യവും അനശ്വരമായി നിലനില്‍ക്കണം. ഇത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെയും ദര്‍ശനത്തിന്റെയും തെളിവായിരുന്നുവെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

യുവ കുംഭ അടല്‍ജിയുടെ സ്മരണകള്‍ ഓര്‍മിപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് പരിപാടിയില്‍ പങ്കെടുത്തു. അടല്‍ജിയുടെ ജീവിതത്തെക്കുറിച്ച് കുട്ടികള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by