Categories: News

വിവാദങ്ങള്‍ക്ക് വിരാമം; ഖേല്‍രത്‌ന നടപടിക്രമങ്ങളില്‍ തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചെന്ന് മനു ഭാക്കര്‍

Published by

ന്യൂദല്‍ഹി: ഖേല്‍ രത്‌ന പുരസ്‌കാര പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമം. അവാര്‍ഡിനായുള്ള നോമിനേഷന്‍ പ്രക്രിയ താന്‍ കൃത്യമായി ചെയ്തില്ലെന്ന് ഭാരതത്തിന്റെ ഇരട്ട ഒളിംപിക്‌സ് മെഡല്‍ ജേത്രിയായ ഷൂട്ടര്‍ മനു ഭാക്കര്‍ പ്രതികരിച്ചു. സമൂഹമാധ്യമത്തില്‍ താരം തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചത് വിശദീകരിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനിച്ചത്.

മാസങ്ങള്‍ക്ക് മുമ്പ് പാരീസ് ഒളിംപിക്‌സില്‍ ഭാരതത്തിനായി രണ്ട് വെങ്കല മെഡലുകള്‍ നേടിയ താരമാണ് മനുഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇതേ ഇനത്തന്റെ മിക്‌സഡ് പതിപ്പിലും വെങ്കലം നേടി. ഒളിംപിക്‌സിന്റെ ഒരു പതിപ്പില്‍ തന്നെ ഒന്നില്‍ കൂടുതല്‍ മെഡല്‍ നേടുന്ന ഭാരത താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ താരമാണ് മനു ഭാക്കര്‍. എന്നാല്‍ ഇക്കൊല്ലം അവസാനത്തോടടുക്കുമ്പോള്‍ ദേശീയ യുവജന, കായിക മന്ത്രാലയം പ്രഖ്യാപിച്ച കായിക പുരസ്‌കാരങ്ങളുടെ പട്ടികയില്‍ മനുവിന്റെ പേരില്ല. ഒളിംപിക്‌സ് പോലൊരു വിശ്വകായിക മേളയില്‍ ചരിത്ര നേട്ടം സ്വന്തമാക്കിയ താരത്തെ അവഗണിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകളും പിന്നാലെ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. മനു ഭാക്കറിന്റെ അച്ഛന്‍ രാംകിഷന്‍ ഭാക്കര്‍ തന്നെ നേരിട്ട് രംഗത്ത് വന്നു. തനിക്ക് തെറ്റിപ്പോയി തന്റെ മകളെ ക്രിക്കറ്റിലേക്ക് തിരിച്ചുവിട്ടിരുന്നുവെങ്കില്‍ ഉറപ്പായും ഖേല്‍ രത്‌ന ലഭിച്ചേനെയെന്നെല്ലാം രൂക്ഷമായാണ് മനുവിന്റെ അച്ഛന്‍ പ്രതികരിച്ചത്.

വിവാദം കൂടുതല്‍ മൂര്‍ച്ഛിക്കുമെന്ന ഘട്ടത്തിലാണ് മനു സമൂഹമാധ്യമത്തിലൂടെ ഇടപെട്ടത്. ഖേല്‍ രത്‌ന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യുന്ന പ്രക്രിയയില്‍ തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചതായി മനു വ്യക്തമാക്കി. മാത്രമല്ല പുരസ്‌കാരങ്ങള്‍ പ്രചോദനമായിരിക്കാം, എന്നാല്‍ അത്തരത്തില്‍ ഒന്നും താന്‍ ലക്ഷ്യം വയ്‌ക്കുന്നില്ലെന്നും മനു ഭാക്കര്‍ എക്‌സില്‍ കുറിച്ചു. രാഷ്‌ട്രത്തിനായി മത്സരിക്കുകയെന്നതും മികച്ച വിജയങ്ങള്‍ നേടുകയെന്നതും തന്റെ ചുമതലയാണെന്നും താരം കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by