Article

മുഖ്യമന്ത്രിസ്ഥാനത്തിനുള്ള പുതിയ പോര്‍മുഖം

കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് 2026 ലാണ്. അതിനുമുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ രാജിവെക്കാനോ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം വിടാനോ യാതൊരു സാധ്യതയും കാണുന്നില്ല. പക്ഷേ, പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക് ജിഹാദി സംഘടനകളുടെ പിന്തുണയും പ്രവര്‍ത്തനവും കാരണം വിജയം നേടിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍പുതിയ പോര്‍മുഖം തുറന്നുകഴിഞ്ഞു. പതിവുപോലെ രണ്ടുതവണ തോറ്റ മുന്നണിയുടെ നേതൃസ്ഥാനത്ത് മുഖ്യമന്ത്രി ആരാകണം എന്നതിലുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.

2016 ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയെ പിന്നില്‍നിന്ന് കുത്തി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കരുക്കള്‍ നീക്കിയ രമേശ് ചെന്നിത്തല അന്ന് പ്രതിപക്ഷ നേതാവായെങ്കിലും കാലം അതേ രീതിയില്‍ തിരിച്ചടി കൊടുത്തതോടെ 2021 ല്‍ രമേശ് ചെന്നിത്തലയെ വെട്ടി സതീശന്‍ പ്രതിപക്ഷ നേതാവായി. 22 അംഗ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചെന്നിത്തലയെ പിന്തുണയ്‌ക്കാന്‍ ആകെ അഞ്ചുപേര്‍ മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. പ്രതിപക്ഷ നേതാവായ വി.ഡി. സതീശനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ സൂപ്പര്‍ പ്രതിപക്ഷ നേതാവായി പലപ്പോഴും രമേശ് ചെന്നിത്തല അരങ്ങ് കൊഴുപ്പിച്ചു. പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് അതേവിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം. പണ്ട് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന പോലീസ് ബന്ധം ഉപയോഗിച്ച് കാര്യങ്ങള്‍ നേരത്തെ അറിയാനുള്ള സംവിധാനം ചെന്നിത്തലയ്‌ക്ക് ഉണ്ട്. ആഭ്യന്തരമന്ത്രി ആയിരുന്നപ്പോള്‍ പോലീസ് സംവിധാനം നന്നായി ഉപയോഗപ്പെടുത്തിയ ആളാണ് ചെന്നിത്തല. സരിതയുടെ സോളാര്‍ കേസ് അന്വേഷിച്ച ബന്ധുവായ ഉദ്യോഗസ്ഥനില്‍നിന്ന് അറിഞ്ഞ വിവരം കൈരളി ടിവി ലേഖകന് കൈമാറി ഉമ്മന്‍ചാണ്ടിയെ താറടിക്കാന്‍ നേതൃത്വം നല്‍കിയത് ചെന്നിത്തല തന്നെയായിരുന്നു എന്ന ആരോപണം വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം. ശരിയാണോ തെറ്റാണോ എന്ന് ആര്‍ക്കും അറിയില്ല. പക്ഷേ, ആ സംഭവം ചോര്‍ന്നതില്‍ ആഭ്യന്തരവകുപ്പിന് പങ്കുണ്ട് എന്ന് കേരളത്തിലെ പോലീസ് സേനയിലെ പല ഉന്നതരും കരുതുന്നു. സോളാര്‍ കേസ് പിന്നീട് പല രീതിയിലേക്ക് പല വഴികളിലേക്ക് തിരിയുകയും നിരപരാധിയായ ഉമ്മന്‍ചാണ്ടി കുറ്റവാളിയാവുകയും ചെയ്തത് ചരിത്രം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം നിയമസഭയില്‍ ആവര്‍ത്തിക്കാനും മുഖ്യമന്ത്രിയാകാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉടുപ്പ് തയ്‌പ്പിച്ച് ഗോദയില്‍ മല്ലടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒന്നാമത്തെ അവകാശവാദം സതീശന്റേതു തന്നെയാണ്. ആ വഴിയിലേക്ക് തന്നെയാണ് രമേശ് ചെന്നിത്തല ഇപ്പോള്‍ വീണ്ടും പുതിയ മുഖവും പുതിയ ബന്ധങ്ങളും മെച്ചപ്പെട്ട പ്രതിച്ഛായയുമായി എത്തുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ നിയമനത്തെ ചൊല്ലി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ഇടഞ്ഞ രമേശ് ചെന്നിത്തല, ഇപ്പോള്‍ സമസ്താപരാധം പറഞ്ഞ് മാപ്പുചോദിച്ച് സുകുമാരന്‍ നായരുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജനുവരി രണ്ടിന് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞില്ല, വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയ്‌ക്ക് അനുകൂലമായി രംഗത്ത് വന്നിട്ടുണ്ട്. സതീശനേക്കാള്‍ മെച്ചം ചെന്നിത്തല ആണെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. കാരണം വി.ഡി. സതീശന്‍ നാക്ക് എടുത്താല്‍ വെറുപ്പിക്കുന്ന വാക്കുകളെ വരൂ എന്നാണ് വെള്ളാപ്പള്ളിയുടെ കണ്ടെത്തല്‍. ചെന്നിത്തലയാകട്ടെ, കുറച്ചൊക്കെ മാന്യമായി പെരുമാറുമെന്നും അദ്ദേഹം പറഞ്ഞു.

സതീശനും ചെന്നിത്തലയ്‌ക്കും അപ്പുറം ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി വരാന്‍ ഊഴം കാത്തുനില്‍ക്കുന്ന കെ.സി. വേണുഗോപാലും പാരമ്പര്യത്തിന്റെ മാത്രം പിന്‍ബലത്തില്‍ രാഷ്‌ട്രീയം ഉപജീവനമാര്‍ഗ്ഗമാക്കിയ കെ. മുരളീധരനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കെ. സുധാകരനും രംഗത്തുണ്ട്. എങ്ങാനും കോണ്‍ഗ്രസ് ജയിച്ചുപോയാല്‍ കേരളം ഇന്നുവരെ കാണാത്ത കൂട്ടത്തല്ലില്‍ ആയിരിക്കും ഇന്ദിരാഭവന്‍ എത്തുക. ഇവരെല്ലാവരും മുഖ്യമന്ത്രിപദത്തിന് യോഗ്യരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ? പക്ഷേ, തെരഞ്ഞെടുപ്പ് ജയിക്കണ്ടേ? വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ചോദ്യവും ഇതുതന്നെയാണ്. അഞ്ചു നേതാക്കന്മാരും അഞ്ചു ഗ്രൂപ്പായി പരസ്പരം പോരടിക്കുമ്പോള്‍, പാരവെക്കുമ്പോള്‍, കാലുവാരുമ്പോള്‍, കുതികാല്‍ വെട്ടുമ്പോള്‍ എങ്ങനെയാണ് യുഡിഎഫിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പില്‍ ജയിക്കാനും മന്ത്രിസഭ രൂപീകരിക്കാനും കഴിയുക. അഴിമതിയുടെയും ജീര്‍ണ്ണതയുടെയും മധ്യത്തിലാണ് ഇടതുമുന്നണി സര്‍ക്കാര്‍. ഇടതുമുന്നണി പോയാല്‍ കേരളം നന്നാവും എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തിയത് കേരളത്തിലെ സാധാരണക്കാരാണ്. ഇടതുമുന്നണി വന്നാല്‍ എല്ലാം ശരിയാകും എന്ന പഴയ പി ആര്‍ ഏജന്‍സി മുദ്രാവാക്യം നാട്ടുകാര്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, വിശ്വസ്തതയോടെ അഴിമതിയില്ലാതെ, വര്‍ഗീയപ്രീണനം ഇല്ലാതെ, ലൈംഗിക അപവാദങ്ങള്‍ ഇല്ലാതെ ഒരു ഭരണകൂടം സ്ഥാപിക്കാനും നടത്തിക്കൊണ്ടുപോകാനും യുഡിഎഫിന് കഴിയുമെന്ന് കേരളത്തിലെ പൊതുജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതുന്നില്ല.

പക്ഷേ, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ ഒരുകാര്യം സത്യമാണ്. ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ആളുകളിക്കാന്‍, വെറുപ്പിക്കുന്ന വര്‍ത്തമാനം പറയാന്‍ സതീശന്‍ കഴിഞ്ഞേ കേരള രാഷ്‌ട്രീയത്തില്‍ നേതാക്കള്‍ ഉള്ളൂ. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങി തനിക്കൊന്നും നേടേണ്ട എന്ന പ്രസ്താവനയാണ് എന്‍എസ്എസ് ആസ്ഥാനത്തും കണിച്ചുകുളങ്ങരയിലും എത്താന്‍ കഴിയാത്ത സാഹചര്യം സതീശന് ഉണ്ടാക്കിയത്. രമേശ് ചെന്നിത്തലയെ മന്നം ജയന്തിക്ക് ക്ഷണിച്ചു എന്നുപറഞ്ഞപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച സതീശന്‍ പക്ഷേ, എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് ആര്‍എസ്എസുകാരെ അകറ്റി നിര്‍ത്തി എന്ന ഒരു പ്രസ്താവന നടത്തി. പണ്ട് സഹായംതേടി ആര്‍എസ്എസ് കാര്യാലയങ്ങളിലും നേതാക്കളുടെ വീട്ടുകളിലും തലയില്‍ മുണ്ടിട്ടു വന്നിട്ടുള്ള ചെന്നിത്തലയെ ഒന്ന് താങ്ങാനാണ് സതീശന്‍ അങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍തന്നെ വിശ്വസിക്കുന്നത്. സതീശന്‍ മണ്ടശിരോമണി ഒന്നുമല്ല. മന്നത്ത് പത്മനാഭനും ആര്‍എസ്എസും തമ്മിലുള്ള ബന്ധവും മന്നം പ്രകടിപ്പിച്ചിട്ടുള്ള ഹിന്ദു ഐക്യത്തിന്റെ സന്ദേശവും നന്നായി അറിയാവുന്ന ആളാണ് സതീശന്‍. ആര്‍എസ്എസിന്റെ സഹായം രഹസ്യമായെങ്കിലും തേടാത്ത എത്ര കോണ്‍ഗ്രസ്-സിപിഎം നേതാക്കള്‍ തെരഞ്ഞെടുപ്പുരംഗത്ത് ഉണ്ടായിട്ടുണ്ട്?

മന്നത്ത് പത്മനാഭന്‍ ചങ്ങനാശ്ശേരിയില്‍ ആരംഭിച്ച കോളജ് എന്‍എസ്എസ് ഹിന്ദു കോളജ് ആണ്. മന്നത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഒരിക്കലെങ്കിലും വായിച്ചാല്‍ അദ്ദേഹവും ടി.കെ. മാധവനും ആര്‍. ശങ്കറും ഒക്കെയായുള്ള ബന്ധവും ഹിന്ദു ഐക്യത്തിനുവേണ്ടി നടത്തിയ പ്രവര്‍ത്തനവും മനസ്സിലാകും. വീരസവര്‍ക്കറെ ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി കൊണ്ടുവന്നത് മന്നമായിരുന്നു. ആര്‍എസ്എസിന്റെ സമ്മേളനങ്ങളില്‍ ഗുരുജി ഗോള്‍വള്‍ക്കര്‍ക്കൊപ്പം പങ്കെടുത്ത് അധ്യക്ഷത വഹിച്ച മന്നം അദ്ദേഹവുമായി പുലര്‍ത്തിയ ബന്ധം സഹോദര നിര്‍വിശേഷമായിരുന്നു. മന്നം ഗുരുതരാവസ്ഥയില്‍ ആയപ്പോള്‍ ചങ്ങനാശ്ശേരിയില്‍ വന്ന് അദ്ദേഹത്തെ ഗുരുജി സന്ദര്‍ശിച്ചിരുന്നു. ഹിന്ദു ഐക്യത്തിന്റെ കാര്യത്തിലും ക്ഷേത്രപ്രവേശനത്തിന്റെ കാര്യത്തിലും അയിത്തോച്ചാടനത്തിന്റെ കാര്യത്തിലും മന്നം സ്വീകരിച്ചിട്ടുള്ള നിലപാട് ആര്‍എസ്എസിന്റെ നിലപാട് തന്നെയാണ്. പ്രസ്താവനകള്‍ പലതും പലപ്പോഴും വന്നിട്ടുണ്ടെങ്കിലും മന്നത്തിന്റെ നിലപാടില്‍നിന്ന് എന്‍എസ്എസ് അണുവിട മാറിയിട്ടില്ല. പിന്നെ എന്‍എസ്എസ് ആര്‍എസ്എസിനെ അകറ്റി നിര്‍ത്തി എന്നുപറയുന്നതിന്റെ സാംഗത്യം സതീശന്റെ ചെന്നിത്തല വിരോധം മാത്രമാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഈഴവ വോട്ടിന്റെ ചോര്‍ച്ചയും കളം മാറ്റി ചവിട്ടലും ഹിന്ദുഐക്യത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ നായര്‍ സമുദായവും ഇതര സമുദായ വിഭാഗങ്ങളും മാത്രമല്ല, ജിഹാദിന്റെ ഭീഷണി സ്വന്തം ജീവിതത്തെയും സ്ഥാപനങ്ങളെയും തകര്‍ക്കുന്നത് തിരിച്ചറിഞ്ഞ ക്രിസ്തീയ വിഭാഗങ്ങളും പഴയതുപോലെ ഇടതുമണിക്കും വലതു മുന്നണിയ്‌ക്കും ആട്ടിന്‍പറ്റത്തെപ്പോലെ വന്ന് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്. മുനമ്പത്ത് യുഡിഎഫും എല്‍ഡിഎഫും അനുവര്‍ത്തിച്ച ജനാധിപത്യവിരുദ്ധ ഇസ്ലാമിക ജിഹാദി പ്രീണനതന്ത്രം കേരളത്തിലെ പൊതുസമൂഹം കണ്ടതാണ്. ഇവിടെ ഒരു പുതിയ സാമുദായിക ധ്രുവീകരണം ഉരുത്തിരിയുകയാണ്. സത്യം തിരിച്ചറിയുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ജന്മഭൂമിയായ ഭാരതത്തെ അമ്മയെപ്പോലെ കാണുന്ന മുസ്ലീങ്ങളും ചേരുന്ന ഒരു പുതിയ ധ്രുവീകരണം, അവരായിരിക്കും അടുത്ത തെരഞ്ഞെടുപ്പിന്റെ അജണ്ടയും ഫലവും തീരുമാനിക്കുക.

സിപിഎമ്മിലേക്ക് കടന്നുകയറിയ പോപ്പുലര്‍ ഫ്രണ്ട് ജിഹാദി നേതാക്കളുടെ സാന്നിധ്യവും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുസ്ലിംലീഗിന്റെ പടിപ്പുരയില്‍ അടിയറ വച്ച യുഡിഎഫ് നേതൃത്വവും ഒരേ നാണയത്തിന്റെ ഇരു വശങ്ങളാണ്. ഇവിടെ ഉണ്ടാകേണ്ടത് ആരെയും പ്രീണിപ്പിക്കാത്ത, എല്ലാവരെയും തുല്യമായി കാണുന്ന, ഒരു പുതിയ രാഷ്‌ട്രീയ സംസ്‌കാരമാണ്. അവരായിരിക്കും ഇനി കേരളത്തെ നയിക്കുക. സതീശന്റെയും ചെന്നിത്തലയുടെയും കുപ്പായം വീണ്ടും പെട്ടികളിലേക്ക് മടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക