മധു എന്‍. പോറ്റി, തിരുവിഴ
സാമവേദത്തിന്റെ ഉപവേദമത്രെ സംഗീതശാസ്ത്രം. ‘ഗീതം വാദ്യം തഥാ നൃത്തം, ത്രയം സംഗീതമുച്യതേ’ എന്ന ശാര്‍ങ്ഗ ദേവന്റെ പ്രസ്താവനയനുസരിച്ച് ഗീതവും വാദ്യവും നൃത്തവും ചേര്‍ന്നതാണ് സംഗീതം. സംഗീതത്തിന്റെ ഉത്ഭവം പരമശിവനില്‍ നിന്നാണെന്നു ‘സംഗീതദാമോദരം’ പറയുന്നു. ശുദ്ധസംഗീതം ദേവനിര്മിതമാണ് എന്ന് സാരം. ഭാരതത്തിലെ, പ്രത്യേകിച്ച് കേരളത്തിലെ ശാസ്ത്രീയനൃത്തരൂപങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്ക്കുന്ന വിശ്വോത്തരകലയാണ് കഥകളി. അതുകൊണ്ടു കഥകളി സംഗീതവും വിശ്വോത്തരം എന്ന് നമുക്ക് അഭിമാനിക്കാം. ആട്ടത്തിന് പാട്ട് എന്ന പ്രാചീനരീതിയില്‍ നിന്ന് വിഭിന്നമായി കഥകളി സംഗീതത്തിന് കൂടുതല്‍ സഞ്ചാരമേഖലകള്‍ കണ്ടെത്താന്‍ കഴിഞ്ഞ കാലമാണ് നമ്മുടേത്. നെന്മാറ വെങ്കിടകൃഷ്ണ ഭാഗവതരില്‍ തുടങ്ങി നീലകണ്ഠന് നമ്പീശന്, ഗംഗാധരന്, ശങ്കരന് എമ്പ്രാന്തിരി, ഹൈദരാലി, ഹരിദാസ് മുതലായ(ഇനിയും എത്രയോപേര്‍) ഗായകരിലൂടെ ഇന്നത് ഭാവസംഗീത തലത്തില്‍ എത്തിനില്‍ക്കുന്നു.
ഈ വഴിയേ സഞ്ചരിക്കുന്ന പ്രതിഭാധനനായ ഗായകനാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടി. കഥകളി വേഷത്തില്‍ തുടങ്ങി ശാസ്ത്രീയ സംഗീതത്തിലൂടെ കടന്നാണ് അദ്ദേഹം കഥകളി സംഗീതലോകത്തെത്തിയത്. ചിട്ടപ്രധാനവും ഭാവപ്രധാനവും ആലാപന പ്രധാനവുമായ എല്ലാ കഥകളും പത്തിയൂരിനു വഴങ്ങും. സംഗീതത്തെ കഥാസന്ദര്‍ഭവുമായും കഥാപാത്രത്തിന്റെ മാനസിക വ്യാപാരവുമായും വേഷക്കാരന്റെ നടന ശൈലിയുമായും സമന്വയിപ്പിക്കാന്‍ കഴിഞ്ഞത് ഈ ഗായകനെ, തെക്ക് വടക്ക് വ്യത്യാസമില്ലാതെ എല്ലാവര്ക്കും സ്വീകാര്യനാക്കി. കളിയരങ്ങിലെ വാടാത്ത പൂമരമായ കലാമണ്ഡലം ഗോപിയാശാന്റെ അരങ്ങുകളിലെ സ്ഥിരം സാന്നിദ്ധ്യമായി മാറുകയും ചെയ്തു. ചേങ്ങില കയ്യിലെടുത്താല്‍ കളിയരങ്ങിന്റെ അധികാരിയാണ് പൊന്നാനി ഭാഗവതര്‍ എന്നത് അലിഖിതമായ ചിട്ടയാണ്. ചീഫ് എക്സിക്യൂട്ടീവ് എന്നു പറയാം. ആലാപനത്തില്‍ മാത്രമല്ല, അരങ്ങു ഭരണത്തിലും നല്ല തഴക്കവും വഴക്കവും വേണം പൊന്നാനി പാട്ടുകാരന്. ഈ ചേരുവകളെല്ലാം സമന്വയിച്ച വ്യക്തിത്വമാണ് പത്തിയൂര്‍ ശങ്കരന് കുട്ടി. കഥകളി സംഗീതത്തെ ജനകീയമാക്കിയ കലാമണ്ഡലം ഹൈദരാലിയുമായുള്ള അരങ്ങു പങ്കിടലുകള്‍ പത്തിയൂരിന്റെ സംഗീത സപര്യയ്ക്കു കൂടുതല്‍ മിഴിവേകി.
ആലപ്പുഴ ജില്ലയിലെ പത്തിയൂരില്‍ മഠത്തില്തെക്കതില് കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1964ല്‍ ജനനം. എട്ടു വയസ്സുമുതല്‍ ഏവൂര്‍ പരമേശ്വരന്‍പിള്ള ആശാന്റെയും ശങ്കരന് നായര്‍ ആശാന്റേയും കീഴില്‍ കഥകളി അഭ്യസിച്ച് ഗുരുദക്ഷിണയിലെ കൃഷ്ണവേഷത്തില്‍ അരങ്ങേറി. തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീതകോളജില്‍ നിന്നു ഗാനഭൂഷണം ഒന്നാം ക്ലാസോടെ പാസ്സായി. പിന്നീട് കഥകളി സംഗീതം പഠിക്കാന്‍ കലാമണ്ഡലത്തില്‍ ഹ്രസ്വകാല കോഴ്സിനു ചേര്‍ന്നു. കലാമണ്ഡലം ഗംഗാധരന്, രാമവാര്യര്‍, മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവരുടെ കീഴിലായിരുന്നു അഭ്യസനം. 16-ാം വയസ്സില്‍ ഗായകനായി അരങ്ങിലെത്തി. അമ്പലപ്പുഴ സന്ദര്ശന് കഥകളി വിദ്യാലയത്തിലും പകല്‍ക്കുറിയിലെ ഗുരു ചെങ്ങന്നൂര്‍ സ്മാരക കഥകളി വിദ്യാലയത്തിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. അര്‍ത്ഥഗ്രഹണ സമര്‍ത്ഥമായ പദാവിഷ്കരണം കൊണ്ടും ഔചിത്യ സുന്ദരമായ ആലാപന ശൈലികൊണ്ടും ദീപ്തമാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടിയുടെ സംഗീതം. കളിയരങ്ങില്‍ അര നൂറ്റാണ്ടു പിന്നിട്ടു. ഗായകനായി 44 വര്‍ഷവും. ഈ മാസം 28നു ഷഷ്ടിപൂര്ത്തിയിലെത്തുന്ന ഈ സംഗീത പ്രതിഭ കടന്നു പോന്ന വഴികളിലൂടെ ഒരു യാത്ര.
കഥകളി സംഗീതത്തിലേക്കുള്ള കടന്നു വരവ് എങ്ങനെ?
അച്ഛന് പത്തിയൂര്‍ കൃഷ്ണപിള്ള അക്കാലത്തെ പ്രമുഖ കഥകളിപ്പാട്ടുകാരില്‍ ഒരാളായിരുന്നു. തകഴി മാധവക്കുറുപ്പാശാന് അച്ഛനെ സംഗീതം പഠിപ്പിക്കുന്നത് അരികിലിരുന്ന് ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ക്രമേണ അത് എന്നില്‍ അലിഞ്ഞു ചേര്‍ന്നു. പഠനത്തിലും അരങ്ങ്പാട്ടിലും ശ്രദ്ധിച്ചിരുന്ന അച്ഛന് എന്റെ 16-ാം വയസ് മുതല്‍ എന്നെയും ഒപ്പം കൂട്ടി. ചിട്ടപ്രധാനമായ കോട്ടയം കഥകളൊഴികെ മറ്റ് നടപ്പുള്ള കഥകള്‍ക്ക് പാടാന്‍ അങ്ങനെ അവസരം കിട്ടി.
കഥകളി വേഷം അരങ്ങേറ്റത്തിനു ശേഷം കുറച്ചുകാലം സ്കൂള്‍ പഠനത്തിനൊപ്പം കുട്ടിത്തരം വേഷങ്ങള്‍ കെട്ടിനടന്നു. ഒരിക്കല്‍ ദുര്യോധന വധത്തിലെ കുട്ടിഭീമന് ചൊല്ലിയാടുമ്പോള്‍ ഞാന്‍ പാടുന്നത് കേട്ട് ‘വേഷമില്ലെങ്കില്‍ പാട്ടാവാം’ എന്ന് അച്ഛന് പറഞ്ഞത് ഓര്‍ക്കുന്നു. അന്നൊന്നും എനിക്ക് കഥകളി പാട്ടിനോട് മോഹം തോന്നിയിരുന്നില്ല. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഓച്ചിറ ക്ഷേത്രത്തില്‍, കാലമണ്ഡലം ഗംഗാധരനാശാനോടൊപ്പം പാടാന്‍ കിട്ടിയ അവസരമാണ് എന്നെ ഇന്നത്തെ നിലയിലേക്കു വഴിതിരിച്ചു വിട്ടത്. കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടയില്‍ ഗംഗാധരനാശാന്‍ ‘നീ ഇപ്പോള്‍ എന്ത് ചെയ്യുന്നു?’ എന്ന് ചോദിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുന്നു എന്ന് പറഞ്ഞുതീരാത്ത താമസം ‘അതൊക്കെ വിട്ട് നീ കലാമണ്ഡലത്തില്‍ വന്ന് നമ്പീശനാശാന് ദക്ഷിണ വയ്ക്ക്. നിന്നെ ഞാന്‍ പഠിപ്പിച്ചോളാം.’ എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ എനിക്കാവേശമായി. പക്ഷേ, അച്ഛന് സമ്മതം മൂളിയില്ല. ഞാന്‍ വഴങ്ങാതായപ്പോള്‍, കുട്ടന്‍പിള്ള ആശാനുമായി ആലോചിച്ച് തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീതകോളജില്‍ ചേര്‍ത്തു. ജീവിത പ്രാരബ്ധം അറിഞ്ഞുവളര്‍ന്ന അച്ഛന് എന്നെ ഒരു സംഗീത അദ്ധ്യാപകനായി കാണാന്‍ ആഗ്രഹിച്ചു. ക്രമേണ ഞാന്‍ കഥകളി അരങ്ങുകളിലേക്ക് ചുവട് മാറ്റി. വടക്കന്‍ സമ്പ്രദായം വശമില്ലാതിരുന്ന അച്ഛനു നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ എനിക്ക് പാഠമായി. അതോടെ, സമ്പ്രദായ വ്യത്യാസങ്ങള്‍ മനസ്സിലാക്കുക എന്നത് വാശിയായി എടുത്തു. അഭിനേതാവിന്റെ ആവശ്യങ്ങളും ഇഷ്ടങ്ങളും അറിഞ്ഞ് പാടുകയാണ് പാട്ടുകാരന്റെ കര്‍ത്തവ്യമെന്ന് മനസ്സിലാക്കി.
കലാമണ്ഡലം ഹൈദരാലിക്ക് ഒപ്പം അരങ്ങുകള്‍ പങ്കിട്ട ഓര്‍മകള്‍ എങ്ങനെ
ഹൈദരാലി ആശാനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. കഥകളി സംഗീതത്തിലെ സകലകലാവല്ലഭന് എന്ന് ഒറ്റവാക്കില്‍ പറയാം. അദ്ദേഹത്തോടൊപ്പം പാടുന്നത് ഒരനുഭവമാണ്. പൊന്നാനി പാട്ടുകാര്‍( കഥകളിയില്‍ പ്രധാന പാട്ടുകാര്‍) ക്കൊപ്പം ശങ്കിടി പാടുമ്പോള്‍ സാധാരണ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തോടൊപ്പം പാടുമ്പോള്‍ ഉണ്ടായിട്ടില്ല. പാടിത്തരുമ്പോള്‍ അതുപോലെ തന്നെ പാടിയാല്‍ സന്തോഷം. അല്പ സ്വല്പം വ്യത്യാസം വരുത്തി പാടിയാലും ദേഷ്യമൊന്നും വരില്ല. പുതുമ കൊണ്ടുവന്നാല്‍ അഭിനന്ദിക്കും. നമുക്കതു നല്ല ആത്മവിശ്വാസം നല്‍കും. കൂടെ പാടുന്നയാളെ ഒപ്പംകൂട്ടി കൊണ്ടു പോകുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കഥകളിയിലെ മേളത്തെക്കുറിച്ചൊക്കെ എനിക്കൊരു ധാരണ വരുന്നത് അദ്ദേഹത്തില്‍ നിന്നാണ്. ആര്‍ക്കൊപ്പവും, ഏത് കഥയ്ക്കും പാടാന്‍ എന്നെ പ്രാപ്തനാക്കിയതും ആശാനാണ്. വടക്കര്ക്കുമാത്രമല്ല ഹരിപ്പാടാശാന്, ചെന്നിത്തല ആശാന്, മടവൂരാശാന് തുടങ്ങിയ പ്രഗത്ഭര്‍ക്കും ഹൈദരാലി ആശാന് പ്രിയപ്പെട്ടതായിരുന്നു. അന്നൊക്കെ വേഷത്തിന് ഗോപിയാശാന് ആണെങ്കില്‍ പാട്ടിന് ഹൈദരാലി, കൂടെപ്പാടാന്‍ പത്തിയൂര്‍ എന്ന രീതി ഉണ്ടായിരുന്നു. ചുരുക്കത്തില്‍ എന്റെ കഥകളി സംഗീതത്തിന്റെ ആത്മാവാണ് ഹൈദരാലി ആശാന്. അങ്ങനെയുള്ള ഒരാള്‍ക്കൊപ്പം ഇരുപത് കൊല്ലത്തോളം പാടാനും ജീവിക്കാനും സാധിച്ചതാണ് എന്റെ മഹാഭാഗ്യം.
അരങ്ങ് പാട്ടും കച്ചേരിയും തമ്മില്‍ വ്യത്യാസമുണ്ടോ? ഏതാണ് കൂടുതല്‍ അനുഭവവേദ്യം
കഥകളി പാട്ടുകാരനെ സംബന്ധിച്ചിടത്തോളം കച്ചേരിയ്ക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യമുണ്ട്. സ്വന്തമായ ചില സംഗതികള്‍ കൊണ്ടുവരാന്‍ അവിടെ സാധിക്കും. എന്നാല്‍ അരങ്ങത്ത് പാടുമ്പോള്‍ കഥകളിയുടെ പൂര്‍ണതയില്‍ തികഞ്ഞ ശ്രദ്ധ വേണം. ഉത്തരവാദിത്തവും (അരങ്ങ് നിയന്ത്രണം ഉള്‍പ്പെടെ) കൂടുതലാണ്. എന്നെ സംബന്ധിച്ചിടത്തോളം കളിക്ക് പാടുന്നതാണ് തൃപ്തികരം.
ഈയിടെയായി ചില പദങ്ങളില്‍ പതിവില്‍ നിന്നു വ്യത്യസ്തമായി രാഗമാറ്റങ്ങള് കാണാറുണ്ട്. പലതും സുന്ദരവുമാണ്. എന്താണ് ഇതേപ്പറ്റി അഭിപ്രായം
ഗായകന്റെ ഇഷ്ടത്തിനനുസരിച്ച് കഥയ്ക്കും കഥാപാത്രത്തിനും സന്ദര്‍ഭത്തിനും യോജിക്കുന്ന രീതിയില്‍ ചെയ്യുന്നതുകൊണ്ട് തെറ്റില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും അഭിനയം ശ്രദ്ധിക്കണം. അരങ്ങ് ശ്രദ്ധിച്ച് താളത്തിന് അക്ഷരം പറഞ്ഞ് ആവുന്നവിധം ഭാവം നല്കി പാടണം. അപ്പോള്‍ കഥകളി നന്നാവും.
കഥകളി സംഗീതം സോപാന സംഗീതത്തിന്റെ വഴിയാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. എന്താണ് അനുഭവം, അഭിപ്രായം
എന്റെ അറിവും അഭിപ്രായവും അനുസരിച്ച് കഥകളി സംഗീതജ്ഞര്‍ ഇന്ന് തുടര്‍ന്ന് വരുന്നത് കര്‍ണാടക സംഗീത രീതി തന്നെയാണ്. മാവേലിക്കര സുബ്രഹ്മണ്യന് സാറും പൊന്‍കുന്നം രാമചന്ദ്രന് സാറും പറയുന്നത് കേട്ടിട്ടുള്ളത് ഇന്ന് കേള്‍ക്കുന്ന സോപാനസംഗീതം അതിന്റെ പൂര്‍ണരൂപമല്ല എന്നാണ്. അതില്‍ കൂടുതല്‍ സാധ്യതകളുണ്ടത്രേ.
ഉച്ചാരണ ശുദ്ധിയോടെയുള്ള ആലാപന ശൈലി പാട്ടിന് പകിട്ടേറ്റിയിട്ടുണ്ട് ഇതെങ്ങനെ സാധിക്കുന്നു
ഞാന്‍ ആര്‍എല്‍വിയില്‍ പഠിച്ചിരുന്ന സമയത്ത് സംസ്കൃതവും പഠിച്ചിരുന്നു. എന്നാല്‍ പാടുന്നതിന് ഭാഷാശുദ്ധി ഉണ്ടെങ്കില്‍ അത് ഹൈദരാലി ആശാന്റെ മികവാണ്. പദങ്ങളുടെ ഉച്ചാരണം കൃത്യമായി പറഞ്ഞു തന്ന് പാടിക്കുമായിരുന്നു. ഞാന്‍ അരങ്ങത്ത് പാടുമ്പോള്‍ അദ്ദേഹം സദസിലിരുന്ന് കേള്‍ക്കുമായിരുന്നു. ഒരിക്കല്‍ ആലപ്പുഴയില്‍ വെച്ച് നളചരിതം നാലാം ദിവസത്തിലെ ദമയന്തിയുടെ പദത്തില്‍ ‘നാദമസാരം’ എന്ന് ഞാന്‍ പാടിയപ്പോള്‍ മുദ്രയോട് കൂടി ‘നാദം അസാരം’ എന്ന് തിരുത്തിത്തന്നത് ഓര്‍ക്കുന്നു.
ഹൈദരാലി ആശാനെ കൂടാതെ മറ്റ് ഗായകര്‍ ആരെങ്കിലും ശങ്കരന്‍കുട്ടിയെ സ്വാധീനിച്ചിട്ടുണ്ടോ
എമ്പ്രാന്തിരിയാശാനും ഹരിദാസേട്ടനുമൊക്കെ എനിക്ക് പ്രിയപ്പെട്ടവര്‍തന്നെ എന്നാല്‍ ആരെ പോലെയാകണം എന്ന് ചോദിച്ചാല്‍ ഗംഗാധരനാശാനെ പോലെ എന്ന് പറയും. അതിമോഹമാണെന്ന് അറിയാമെങ്കിലും വെറുതെ ഒരു സ്വപ്നം.
കലാമണ്ഡലം ഗോപിയാശാന്റെ വേഷത്തിന് പാടുമ്പോള്‍ എന്താണ് തോന്നാറ്
എന്നെ ഞാനാക്കിയതില്‍ ഹൈദരാലി ആശാനോടൊപ്പം ഗോപിയാശാനോടും കടപ്പെട്ടിരിക്കുന്നു. പാട്ടിന് പത്തിയൂര്‍ മതി എന്ന് ഗോപിയാശാന് പറയുന്നിടത്താണ് അംഗീകാരം നിലനില്‍ക്കുന്നത്. ആദ്യമാദ്യം ശങ്കിടിയായും പിന്നീട് പൊന്നാനിയായും ഗോപിയാശാന് ഒപ്പം ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഞാനാണ് എന്ന് പറയുന്നത് ഭാഗ്യവും അംഗീകാരവും അഭിമാനവുമായി കാണുന്നു.
പാട്ടുകാരന് എന്ന നിലയില്‍ കഥകളിയിലെ ഏതെല്ലാം കഥകളോടാണ് കൂടുതല്‍ ഇഷ്ടം
സംഗീതത്തിന് കൂടുതല്‍ പ്രാധാന്യമുള്ള നളചരിതം, രുക്മാംഗദ ചരിതം, ഇരയിമ്മന്‍ തമ്പി കഥകള്‍ എന്നിവ വളരെ ഹൃദ്യമാണ്. എന്നുവച്ച് ചിട്ടപ്രധാനമായ കഥകള്‍ ഇഷ്ടമല്ല എന്ന് അര്‍ത്ഥമില്ല. ചിട്ട പ്രധാനമായ കഥകളി സംഗീതത്തിന് ഉപരി സങ്കേതങ്ങളാണ് പ്രധാനം.
ബഹുമതികളും അംഗീകാരങ്ങളും
കലവറയില്ലാതെ സ്നേഹിക്കുന്ന ആസ്വാദകരുണ്ട്. അതിന് തെളിവാണ് 2017-ല്‍ ഏവൂരില്വെച്ച് നടത്തിയ ശങ്കരാദരണം. ജനപങ്കാളിത്തംകൊണ്ടും കലാപരമായും അത് ഏറെ ശ്രദ്ധേയമായി. ആലപ്പുഴ ജില്ലാ ക്ലബ്ബിന്റെ മൂന്ന് അവാര്‍ഡുകള്‍, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് സ്മാരക അവാര്‍ഡ്, സ്വാതി തിരുനാള്‍ അവാര്‍ഡ്, സോപാന സംഗീതലയ അവാര്‍ഡ്, കോട്ടയം കളിയരങ്ങ് പുരസ്കാരം, തൗര്യത്രയം പുരസ്കാരം, ചാലക്കുടി നമ്പീശന് സ്മാരക അവാര്‍ഡ്, കോഴിക്കോട് തോടയം അവാര്‍ഡ്, ഹൈദരാലി സ്മാരക അവാര്‍ഡ്, ഹരിദാസ് സ്മാരക അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ഇവ ചിലതുമാത്രം.
കുടുംബം
അമ്മ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ മഞ്ജു. മക്കള്‍ ശ്യാംകൃഷ്ണന്, യദുകൃഷ്ണന്. മരുമകള്‍ മീനാക്ഷി. ഇവര്‍ക്കൊപ്പം കായംകുളത്തിനടുത്ത് പത്തിയൂരാണ് താമസം. കുടുംബത്തിന്റെ പിന്തുണയും ആസ്വാദകരുടെ പ്രോത്സാഹനവും സര്‍വ്വോപരി ഈശ്വരാനുഗ്രഹവുമാണ് എന്നെ ഞാനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: