Kerala

പുതുവത്സരാഘോഷത്തില്‍ നിന്നുള്ള വരുമാനം ബോചെ ദുരിതബാധിതര്‍ക്ക് നല്കും

Published by

കല്‍പ്പറ്റ: വയനാട് ഫെസ്റ്റിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും, വയനാട് ഡിടിപിസിയും സംയുക്തമായി മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ബോചെ 1000 ഏക്കറില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതരുടെ ക്ഷേമ പ്രവര്‍ത്തനത്തിനായി നല്കും.

പുതുവത്സരാഘോഷത്തിന് ഇലക്ട്രോണിക് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഇവന്റായ സണ്‍ബേണ്‍ ആണ് എത്തുന്നത്. ഡിസംബര്‍ 31ന് വൈകുന്നേരം 6 മണി മുതലാണ് പരിപാടി ആരംഭിക്കുക. ഗൗരി ലക്ഷ്മി, മാറി ഫെറാറി, അന്ന ബ്രെത്ത് എന്നിവരടങ്ങുന്ന സംഘമാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വയനാട്ടില്‍ എത്തുന്നത്. ടിക്കറ്റ് വില്‍പനയിലൂടെ ലഭിക്കുന്ന ലാഭം അതേ വേദിയില്‍ വച്ച് മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറും. ദുരന്തം തരണം ചെയ്തവരെ ചടങ്ങില്‍ ആദരിക്കും.

ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം അവരുടെ മാനസിക ഉല്ലാസവും കൂടി ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുരിതബാധിതര്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി നല്കും.

ടൂറിസം മേഖലക്ക് ഉണര്‍വേകി വിനോദസഞ്ചാരികളെ വയനാട്ടിലേക്ക് ആകര്‍ഷിക്കുകയെന്നതും പരിപാടിയിലൂടെ ഡിടിപിസി ലക്ഷ്യമാക്കുന്നുണ്ട്. 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപയ്‌ക്ക് റിസോര്‍ട്ടുകള്‍ക്ക് നല്‍കും. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെയും, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക