കൊച്ചി: പുതുവത്സരാഘോഷ ഭാഗമായി വയനാട് മേപ്പാടിയിൽ സംഘടിപ്പിക്കാനിരുന്ന ബോചെ സൺബേൺ ന്യൂയര്‍ പാര്‍ട്ടി ഹൈകോടതി തടഞ്ഞു. സുരക്ഷാ പ്രശ്നമടക്കം ചൂണ്ടിക്കാട്ടി പ്രദേശവാസികളായ എം.സി. മാണിയടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിന്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ന്യൂയര്‍ പാര്‍ട്ടി നടത്തുന്നത്. ഇത് അപകടകരവും ക്രമസമാധാനത്തെ ബാധിക്കുന്നതെന്നും ചൂണ്ടി കാട്ടി പരിപാടി നിര്‍ത്തിവെയ്ക്കാന്‍ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ കളക്ടര്‍ ഇന്നലെ ഉത്തരവിട്ട കാര്യം സ്പെഷ്യല്‍ ഗവ പ്ലീഡര്‍ കോടതിയെ അറിയിക്കുകയായിരുന്നു. പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു.
ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍, പോലീസ്, പഞ്ചായത്ത് എന്നിവര്‍ക്ക് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന് ഇടക്കാല ഉത്തരവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: