Kerala

പാലക്കാട് സിപിഎമ്മിൽ അണികളുടെ കൊഴിഞ്ഞ് പോക്ക് തുടർക്കഥയാകുന്നു ; പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു

പാര്‍ട്ടിയിലെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകിയത് സിപിഎം നേതൃത്വത്തിന് വൻ തിരിച്ചടിയായിരുന്നു

Published by

പാലക്കാട് : പാലക്കാട് സിപിഎമ്മിൽ നിന്നും അണികൾ കൊഴിഞ്ഞ് പോകുന്നത് തുടർക്കഥയാകുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലമാണ് പാര്‍ട്ടി വിട്ടത്.

ഏരിയ സമ്മേളനങ്ങൾ ഏറെക്കുറെ പൂര്‍ത്തിയാക്കുകയും ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് പാലക്കാട്ടെ സിപിഎമ്മിൽ നിന്നും അണികൾ കൊഴിഞ്ഞ് പോകുന്നത്. ഇടമില്ലാത്തിടത്ത് ഇനിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ് പാര്‍ട്ടി അംഗവും ഡിവൈഎഫ്ഐ നേതാവുമായ മുസ്തഫ പാര്‍ട്ടി വിട്ടത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂര്‍ 13-ാം വാ൪ഡിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മുസ്തഫ ജനവിധിയും തേടിയിരുന്നു. പാര്‍ട്ടിയിലെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് വിശദീകരണം. പിവി അൻവറുമായി ചര്‍ച്ച നടത്തിയെന്നും തനിക്കൊപ്പം കൂടുതൽ പേരുണ്ടെന്നുമാണ് അവകാശവാദം.

അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകിയത് സിപിഎം നേതൃത്വത്തിന് വൻ തിരിച്ചടിയായിരുന്നു. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം എം വിജയൻ, മഞ്ഞളൂര്‍ ലോക്കൽ കമ്മിറ്റി മുൻ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി വിജയൻ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ബി രാഹുൽ, സതീഷ് കുമാ൪ തുടങ്ങി പത്തോളം പ്രവര്‍ത്തകരാണ് സിപിഎം വിട്ട് കോൺഗ്രസിലെത്തിയത്.

ഇതിന് പിന്തുണയെന്നോണം ഇതെല്ലാം മാറ്റത്തിന്റെ സൂചനയെന്നാണ് സന്ദീപ് വാര്യര്‍ പ്രതികരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by