ചെന്നൈ: തമിഴ്നാട് അതിര്‍ത്തിയില്‍ അനധികൃതമായി ബയോമെഡിക്കല്‍ മാലിന്യം തള്ളുന്നതു തടയുന്നതില്‍ പരാജയപ്പെട്ടതിന് കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍ജിടി) ദക്ഷിണേന്ത്യന്‍ ബെഞ്ച്. മൂന്നു ദിവസത്തിനുള്ളില്‍ കേരളം മാലിന്യം നീക്കണമെന്നും അതിനുള്ള ചെലവ് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് ഈടാക്കണമെന്നും എന്‍ജിടി നിര്‍ദേശിച്ചു.
തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ നിന്നുള്ള മെഡിക്കല്‍ മാലിന്യം തിരുനെല്‍വേലി ജില്ലയില്‍ തള്ളിയ സംഭവത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുക്കും. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടക്കുന്നതില്‍ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തി. മാലിന്യം നീക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്കണമെന്നും എന്‍ജിടി ആവശ്യപ്പെട്ടു. മുമ്പും സമാന സംഭവങ്ങളില്‍ ഹരിത ട്രിബ്യൂണല്‍ കേരളത്തിനെതിരേ കേസെടുത്തിരുന്നു.
ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനത്തിന് ഒരു സംസ്‌കരണ സൗകര്യമേയുള്ളെന്ന് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബെഞ്ചിനെ അറിയിച്ചു. പുതിയ അഞ്ചു പ്ലാന്റുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം നല്കിയെങ്കിലും സുപ്രീംകോടതിയുടെ സ്റ്റേയെ തുടര്‍ന്ന് വൈകുകയാണ്.
ഇതേ തുടര്‍ന്ന് ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ സംസ്ഥാനത്തിനില്ലെങ്കില്‍ എന്തിനാണ് പുതിയ ആശുപത്രികള്‍ക്ക് ബോര്‍ഡ് അനുമതി നല്കുന്നതെന്ന് ജസ്റ്റിസ് പുഷ്പ സത്യനാരായണയും വിദഗ്ധ അംഗം സത്യഗോപാല്‍ കോര്‍ളപതിയും അടങ്ങുന്ന ബെഞ്ച് കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ചോദിച്ചു. മാലിന്യം സംസ്‌കരിക്കുന്നതിന് അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയോ കര്‍ണാടകയിലെയോ സംസ്‌കരണ പ്ലാന്റുകളുമായി കെഎസ്പിസിബിയെ ബന്ധിപ്പിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.
കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നത് വിവാദമായതോടെ കന്യാകുമാരി, കോയമ്പത്തൂര്‍, ഗൂഡല്ലൂര്‍, തേനി എന്നിവിടങ്ങളിലെ ചെക്ക്‌പോസ്റ്റുകളില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: