കോട്ടയം: വിചാരണ തടവുകാരന്‌റെ അഭിനയമോഹത്തിന് കോടതിയുടെ കരുതല്‍. സിനിമയില്‍ അഭിനയിക്കാന്‍ കരാറുള്ളതിനാല്‍ തലമുടി മുറിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യമാണ് കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചത്. പൊന്‍കുന്നം സബ്ജയില്‍ കഴിയുന്ന വിചാരണ തടവുകാരന്‍ അജീഷിന്‌റെ മുടി മുറിക്കേണ്ടതില്ലെന്ന് കോടതി നിര്‍ദേശിച്ചു. അജീഷ് ഒരു സാമ്പത്തിക ഇടപാടിലാണ് കേസില്‍ പെട്ടത്. റിമാന്‍ഡിലായി സബ് ജയിലില്‍ എത്തിയതോടെ അജീഷിന്റെ നീളം കൂടിയ മുടി മുറിക്കണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. സിനിമയില്‍ അഭിനയിക്കാന്‍ കരാറായിട്ടുണ്ടെന്നും അതു കൊണ്ട് മുടി മുറിക്കാതിരിക്കാന്‍ അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചെങ്കിലും അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. അജീഷിനുവേണ്ടി അഡ്വ.ഷാമോന്‍ ഷാജി കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക