Kerala

‘ എല്ലാവരും കാറിൽ പോകേണ്ട കാര്യമെന്താ , നടന്ന് പോയാൽ പോരെ ‘ ; പാവങ്ങൾക്ക് ജാഥ നടത്തണ്ടെയെന്ന് വിജയരാഘവൻ

Published by

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടി സമ്മേളനം നടത്തിയ സംഭവത്തെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ പോകേണ്ട കാര്യമുണ്ടോയെന്നും നടന്ന് പോയാൽ പോരെയെന്നുമാണ് എ.വിജയരാഘവൻ ന്യായീകരിച്ചത്. തൃശൂർ കേച്ചേരിയിൽ കുന്നംകുളം ഏരിയ സമ്മേളനത്തിലാണ് വിജയരാഘവന്റെ വിചിത്രവാദം.

” എന്തൊരു ട്രാഫിക് ജാം ഉണ്ടായി എന്നായിരുന്നു പറഞ്ഞത്. അല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാം ഇല്ലേ? ഇവരെല്ലാവരും കൂടി കാറിൽ കയറി പോകേണ്ട കാര്യമുണ്ടോ? റോഡ് സൈഡിൽ സിപിഎം പൊതുയോഗം വച്ചു എന്നാണ് പറയുന്നത്. കേസ് കൊടുക്കാൻ സുപ്രീംകോടതിയിൽ പോയിരിക്കുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കൊടുക്കുന്നത്. പത്ത് മനുഷ്യനു പോകാൻ കുറച്ച് സ്ഥലം മതി. പക്ഷേ പത്ത് കാർ പോകാൻ എത്ര സ്ഥലം വേണം. പണ്ടൊക്കെ നമ്മൾ നടന്നല്ലേ പോയിരുന്നത്. ഇത്ര വലിയ കാർ വേണോ, ചെറിയ കാറിൽ പോയാൽ പോരെ? ഏറ്റവും വലിയ കാർ പോകുമ്പോൾ അത്രയും സ്ഥലം പോകില്ലേ. 25 കാർ പോകുമ്പോൾ 25 ആളുകലേ പോകൂ എന്നതാണ് സത്യം ‘ എ.വിജയരാഘവൻ പറഞ്ഞു.

കാർ എടുത്ത് അമ്മായിഅമ്മയെ കാണാൻ പോകുകയാണ് ചിലർ. സല്ലപിച്ച് വർത്താനം പറഞ്ഞാണ് പോകുന്നത് . അത്യാവശ്യത്തിനുള്ള കാർ യാത്രയൊക്കെ കുറവായിരിക്കും. കാർ ഉള്ളവൻ കാറിൽ പോകുന്നത് പോലെ തന്നെ പാവങ്ങൾക്ക് ജാഥ നടത്താനുള്ള അവകാശവും അനുവദിച്ച് തരണം . എന്തിനാണ് ജാഥ നടത്തുന്നതെന്നാണ് ഇവർ ചോദിക്കുന്നത് . സിപിഎമ്മിന്റെ പ്രവർത്തനം സോഷ്യലിസം സ്ഥാപിക്കാനാണ്. ഉള്ളവനും ഇല്ലാത്തവനും ഇല്ലാത്ത ലോകം സൃഷ്ടിക്കാനാണ് ഈ പ്രവർത്തനം . ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തെ മോചിപ്പിക്കുമെന്ന വിശ്വാസത്തിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം. സമൂഹത്തിന്റെ പൊതുബോധത്തെ പുരോഗമനപരമായി പരിവർത്തനം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കൂടി കലരുന്നതാണ് കമ്യൂണിസ്റ്റ് സമ്മേളനങ്ങൾ ‘ – വിജയരാഘവൻ പറയുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by