Thiruvananthapuram

സമൂഹത്തിന് പുതിയ ദിശാബോധം പകരാന്‍ ഗുരുദേവന് കഴിഞ്ഞു: സ്വാമി ശാരദാനന്ദ

Published by

വര്‍ക്കല: നിലവിലുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളെ നവീകരിക്കുവാനും അതുവഴി സമൂഹത്തിനു പുതിയ ദിശാബോധം പകരുവാനും ശിവരാത്രി നാളിലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവനു കഴിഞ്ഞുവെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ.

തീര്‍ത്ഥാടന കാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുരുധര്‍മപ്രബോധനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. പൗരാണിക തീര്‍ത്ഥാടന സങ്കല്പത്തില്‍ നിന്നും ജനതയുടെ നിത്യജീവിത ഭാഗമായ അഷ്ടവിഷയങ്ങള്‍ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന്‍ ലോകസമക്ഷം അവതരിപ്പിക്കുകയാണ് ചെയ്തത്. വിദ്യാഭ്യാസവും ശുചിത്വവും കൃഷിയും ശാസ്ത്ര സാങ്കേതികവിദ്യകളും എക്കാലവും അനിവാര്യമാണ്. നവീകരിച്ച ആശയങ്ങള്‍ കാലാകാലങ്ങളില്‍ ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ജനതയ്‌ക്ക് ലഭ്യമാക്കാന്‍ ഗുരുവിനു കഴിഞ്ഞു. നിലവിലുണ്ടായിരുന്നവയെ പൂര്‍ണമായും നിരാകരിക്കാതെ നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു ദൈവത്തിന്റെ സ്വന്തം നാടാക്കി കേരളത്തെ ഉയര്‍ത്തുവാന്‍ തീര്‍ത്ഥാടന ലക്ഷ്യത്തിലൂടെ കഴിഞ്ഞുവെന്നും സ്വാമി ശാരദാനന്ദ പറഞ്ഞു.

ഗുരുധര്‍മ പ്രചരണസഭ കോട്ടയം ജില്ലാ പ്രസിഡന്റ് സോഫി വാസുദേവന്‍ ധര്‍മപ്രബോധനം നടത്തി. വിശ്വസംസ്‌കാരഭവന്‍ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, സ്വാമി ധര്‍മാനന്ദ, പ്രൊഫ. സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ദീപം തെളിച്ചു. ഷാജിമോന്‍ ഒളശ്ശ ഗുരുദേവകൃതി പാരായണം നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക