മാനന്തവാടി: കൂടല്‍ക്കടവ് കൂലിപ്പണിക്കാരനായ മാതനെ ആക്രമിച്ച് റോഡിലൂടെ വലിച്ചിഴച്ചതും എടവക പഞ്ചായത്തിലെ വനവാസി വൃദ്ധമാതാവിന്റെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ കയറ്റി ശ്മശാനത്തിലേക്ക് എത്തിച്ചതും കേരളം ലോകത്തിന് മുന്നില്‍ ലജ്ജിച്ച് തലതാഴ്‌ത്താനിടയാക്കിയ സംഭവങ്ങളാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
പട്ടിക വര്‍ഗ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഒ.ആര്‍. കേളുവിന്റെ മണ്ഡലത്തില്‍ വനവാസി വിഭാഗത്തിനെതിരെ നിരന്തരം ആക്രമണങ്ങളും, പീഡനങ്ങളും തുടരുന്ന സാഹചര്യമാണുള്ളതെന്ന് കൃഷ്ണദാസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാതനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
മാതനെ കാറില്‍ തൂക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ 48 മണിക്കൂറിന് ശേഷവും പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടിയിട്ടും പിടികൂടിയിട്ടില്ല. മാനന്തവാടിയില്‍ വനവാസി വയോധികയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് സംവിധാനം ഇല്ലാതെ പോയത് ആരോഗ്യ വകുപ്പിന്റെയും, പട്ടികവര്‍ഗ വകുപ്പിന്റേയും കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്. റഫര്‍ ചെയ്താലും മരിച്ചാലും കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലുമില്ലാതെയാണ് മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
മന്ത്രിയായി മാനന്തവാടി മണ്ഡലം എംഎല്‍എ ഓ. ആര്‍. കേളു എത്തിയതിന് ശേഷം വനവാസി പീഡനം തുടര്‍സംഭവമാവുകയാണ്. ആഴ്ചകള്‍ക്ക് മുന്നേയാണ് വനത്തിനോട് ചേര്‍ന്നുള്ള വനവാസി കുടിലുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തകര്‍ത്തത്. അവിടെ താമസിച്ചവരെ പെരുവഴിയിലാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു.
അഞ്ചു കുന്നിലെ വനവാസി യുവാവ് പോലീസ് പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നുള്ള ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവം പിണറായി സര്‍ക്കാരിന്റെയും പോലീസിന്റെയും മനോഭാവമാണ് കാണിക്കുന്നത്, കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, മേഖലാ വൈസ് പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍, മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം, കര്‍ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹന്‍ദാസ് അഖില്‍ പ്രേം, ഗിരീഷ് കട്ടക്കളം, ജിതിന്‍ ബാനു, പുനത്തില്‍ രാജന്‍, ജയേന്ദ്രന്‍ എം., മനോജ് വി. നരേന്ദ്രന്‍, മനോജ് കുമാര്‍.എന്‍.എന്‍. തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക