Kerala

രണ്‍ജീത്തിന്റെ ബലിദാനം ഇപ്പോഴും ഓര്‍മിപ്പിക്കുന്നത്…

Published by

ആലപ്പുഴ: രാഷ്‌ട്രീയ സാമൂഹ്യ ചിന്താമണ്ഡലങ്ങളെ മതഭീകരര്‍ നിയന്ത്രിക്കുന്നു എന്ന ഗുരുതരമായ പാഠമാണ് കരഞ്ഞുകണ്ണീര് വറ്റിപ്പോയ അന്നത്തെ പകല്‍ കാലത്തിന് പകര്‍ന്നത്.

മൂന്നാണ്ട് മുമ്പ് ഇതേ പുലരിയിലാണ് രണ്‍ജീത് ശ്രീനിവാസനെ നാടിന് നഷ്ടമായത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരത പത്തി വിടര്‍ത്തിയ ആ ദിവസത്തിന്റെ നടുക്കമാര്‍ന്ന ഓര്‍മ്മകളില്‍ നിന്ന് ഭാര്യയും മക്കളും അമ്മയും സഹോദരനും രണ്‍ജീതിന്റെ സഹപ്രവര്‍ത്തകരും ഇനിയും മുക്തരായിട്ടില്ല. കേരളത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യ ചിന്താമണ്ഡലങ്ങളെ മതഭീകരര്‍ നിയന്ത്രിക്കുന്നു എന്ന ഗുരുതരമായ പാഠമാണ് കരഞ്ഞുകണ്ണീര് വറ്റിപ്പോയ അന്നത്തെ പകല്‍ കാലത്തിന് പകര്‍ന്നത്.

രാഷ്‌ട്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകരുടെ പട്ടിക തയാറാക്കി അവരെ ഒന്നൊന്നായി ഉന്മൂലനം ചെയ്തുകളയാമെന്ന് നിനച്ച് തയാറാക്കിയ നിന്ദ്യമായ ആസൂത്രണമാണ് രണ്‍ജീതിന്റെ വധത്തിന് പിന്നിലെന്ന് പിന്നീട് തെളിഞ്ഞു. അടിമുടി സ്വയംസേവകനായ, പെരുമാറ്റത്തിലൂടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ, സാമൂഹ്യ ഇടപെടലുകളില്‍ വിരല്‍ത്തുമ്പു വരെ മാന്യത പുലര്‍ത്തിയ വ്യക്തിയായിരുന്നു രണ്‍ജീത്. സംഘപ്രവര്‍ത്തനത്തില്‍, തീരദേശ ജനതയുടെ സമരമുഖങ്ങളില്‍, അഭിഭാഷക സംഘാടനത്തില്‍, ജീവകാരുണ്യ, സേവാ സംരംഭങ്ങളിലൊക്കെ ആ പേരുണ്ടായിരുന്നു.

കേരളത്തെ വളഞ്ഞു പിടിക്കാന്‍ വെറി പൂണ്ട മതഭീകരത തുറന്നുകാട്ടപ്പെട്ടത് ഇത്തരത്തിലൊരു സംഘാടകന്റെ അരും കൊലയിലൂടെയാണ്. രണ്‍ജീതിന്റെ ജീവത്യാഗം ഭീകരതയുടെ അടിവേരറുക്കാനുള്ള കേന്ദ്രനടപടികള്‍ വേഗമാക്കി. രണ്‍ജീത് നേടിയ ജനപ്രിയതയും കൊലപാതകത്തില്‍ കേരളമാകെ ഉയര്‍ന്ന ജനരോഷവും ആ നടപടികള്‍ക്ക് പ്രേരകമായി. ഇടത് വലത് രാഷ്‌ട്രീയക്കാരന്റെ സത്കാര മുറികളില്‍ വിരുന്നുണ്ട് കഴിഞ്ഞ ഭീകരക്കൂട്ടത്തെ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിയത് അതിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ഭീകരസംഘങ്ങള്‍ ഇതേ രാഷ്‌ട്രീയക്കാരന്റെ തണലില്‍ ഇന്നും ഉണ്ടുറങ്ങുന്നു എന്നത് പാലക്കാട്ടെ തെരഞ്ഞെടുപ്പിലടക്കം കാണാം.

2021 ഡിസംബര്‍ 19 ന് രാവിലെ 6.30നാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ അതിക്രമിച്ചു കയറി രണ്‍ജീതിനെ നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയത്. അമ്മയുടേയും ഭാര്യയുടേയും മകളുടെയും മുന്നിലായിരുന്നു നിഷ്ഠൂരമായ കൊലപാതകം.

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് മൂന്നിന് ആലപ്പുഴ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനജാഗ്രത സദസില്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സംസാരിക്കും. രാവിലെ 6.30ന് പഴയതിരുമല എസ്എസ് കലാമന്ദിറില്‍ ആര്‍എസ്എസ് ശ്രദ്ധാഞ്ജലി സാംഘിക്കില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by