Football

വെല്‍ഡണ്‍ വിനീഷ്യസ്; ബൊന്‍മാട്ടി വീണ്ടും

Published by

ദോഹ: ലോക ഫുട്‌ബോളിലെ പുരുഷ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലേയര്‍ പുരസ്‌കാരം ഇക്കുറി അര്‍ഹതയുള്ള കരങ്ങളില്‍ തന്നെ എത്തിചേര്‍ന്നു. സ്പാനിഷ് ക്ലബ്ബ് ഫുട്‌ബോളിലൂടെ ലോകത്തെയാകെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആദ്യമായി ഫിഫ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് സ്വന്തമാക്കി. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ആദ്യ ബ്രസീലിയന്‍ പുരുഷ താരമാണ് വിനീഷ്യസ് ജൂനിയര്‍. 2016 മുതലാണ് ഫിഫ ഇത് ഏര്‍പ്പെടുത്തിയത്. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2018ല്‍ ലൂക്കാ മോഡ്രിച്ചും.

നാട്ടില്‍ തെരുവില്‍ കളിച്ചാണ് താന്‍ വളര്‍ന്നത്, ഈ പുരസ്‌കാരം കൈയ്യിലേന്തുമ്പോള്‍ ആര്‍ക്കും ഏത് നേട്ടവും എത്തിപ്പിടിക്കാനാകുമെന്ന പ്രചോദനമായി മാറുകയാണ് താന്‍ എന്ന് വിനീഷ്യസ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പറഞ്ഞു.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി 39 കളികളില്‍ നിന്ന് 24 ഗോളുകള്‍ നേടിയ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. വോട്ടെടുപ്പില്‍ 48 പോയിന്റുകള്‍ നേടിക്കൊണ്ടാണ് വിനീഷ്യസ് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് താരം റോഡ്രിയും(43 പോയിന്റ്) മൂന്നാം സ്ഥാനത്ത് വിനീഷ്യസിന്റെ റയലിലെ സഹതാരം ഇംഗ്ലണ്ടില്‍ നിന്നുള്ള ജൂഡ് ബെല്ലിങ്ഹാമും(37) എത്തിചേര്‍ന്നു.

ബൊന്‍മാട്ടി വീണ്ടും

ദോഹ: ഫിഫ ബെസ്റ്റ് വനിതാ താരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയും സ്‌പെയിന്റെയ ബാഴ്‌സ താരം അയ്റ്റാന ബൊന്‍മാട്ടി സ്വന്തമാക്കി. രണ്ടാം തവണയും ഈ പുരസ്‌കാരത്തിന് അര്‍ഹത നേടിയത് വലിയ അഭിമാനമായി താന്‍ കണക്കാക്കുന്നുവെന്ന് താരം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച വനിതാ ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരത്തിനും ബൊന്‍മാട്ടി അര്‍ഹയായിരുന്നു. രണ്ട് തവണ ഫിഫ ബെസ്റ്റ് പ്ലേയര്‍ ആകുന്ന രണ്ടാമത്തെ സ്പാനിഷ് വനിതാ താരമാണ് ബൊന്‍മാട്ടി. നേരത്തെ 2021, 2022 വര്‍ഷങ്ങളില്‍ സ്പാനിഷ് താരം അലെക്‌സിയ പുട്ടെല്ലാസ് ഫിഫ ബെസ്റ്റ് പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by